എട്ടുമാസം പ്രായമുള്ള കുഞ്ഞിന് കരള്‍ മാറ്റിവച്ചു വാപ്പയുടെ കരളിന് കരളായതും വാപ്പ
സ്വന്തം ലേഖകന്‍
കൊച്ചി: വാപ്പയുടെ കരള്‍ തുടിച്ചത് അരുമയുടെ കരള്‍ കാക്കാനായി. കരളിന്റെ കരളിന് എന്തും നല്‍കാന്‍ സന്നദ്ധനായ വാപ്പ സ്വന്തം കരള്‍ പകുത്തുനല്‍കിയതോടെ ജീവിതത്തിലേക്ക് തിരിച്ചുവന്ന റബീഹ് പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു. നൗഫലിന്റെയും ജിഷാബിയുടെയും മിഴികളില്‍ അവന്റെ നിഷ്‌കളങ്കമായ ചിരി നിറച്ചത് സന്തോഷത്തിന്റെയും സംതൃപ്തിയുടെയും അശ്രുകണങ്ങള്‍.
തൂക്കക്കുറവും പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ കഴിയാത്തതിനാലുള്ള പ്രശ്‌നങ്ങളും പൂര്‍ണ വളര്‍ച്ച പ്രാപിക്കാതിരുന്ന ശ്വാസകോശങ്ങളുമായി അണുബാധകളോട് പട പൊരുതിയിരുന്ന റബീഹ് ജീവിതത്തിലേക്ക് തിരിച്ചു നടക്കുമ്പോള്‍ ഒരു നാടും ആശ്വാസത്തോടെ നിശ്വസിക്കുകയാണ്. പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശികളായ നെച്ചിത്തടത്തില്‍ നൗഫലിന്റെയും ജിഷാബിയുടെയും മകന്‍ എട്ടു മാസം മാത്രം പ്രായമുള്ള റബീഹാണ് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. എറണാകുളം വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിസ്മയകരമായ നേട്ടം സമ്മാനിച്ചത്.
2019 ജൂലൈയില്‍ ആശുപത്രിയിലെത്തുമ്പോള്‍ ആറു കിലോമാത്രമായിരുന്നു കുഞ്ഞുറബീഹിന്റെ തൂക്കം. ഒന്‍പത് കിലോയെങ്കിലും വേണ്ടിയിരുന്ന സ്ഥാനത്താണിത്. കടുത്ത മഞ്ഞപ്പിത്തവും ഒപ്പം ബിലിറൂബിന്‍ 42 മടങ്ങ് കൂടുതലും; ബിലിയറി അട്രീസീയ എന്ന അപൂര്‍വ രോഗമായിരുന്നു റബീഹിന്. ഒടുവില്‍ പിതാവിന്റെ കരളിന്റെ ഇടതുവശത്തു നിന്ന് ഒരു ഭാഗം മുറിച്ചെടുത്ത് കുഞ്ഞുവയറില്‍ കരള്‍ഭാഗം കൊള്ളിച്ചു. 14 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ. വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും തനിച്ച് ശ്വസിക്കാനാവുമായിരുന്നില്ല റബീഹിന്. ശ്വാസകോശങ്ങള്‍ക്ക് വളര്‍ച്ച എത്താത്തതായിരുന്നു പ്രശ്‌നം. തുടര്‍ന്ന് കരള്‍മാറ്റത്തിനു പിന്നാലെ കുഞ്ഞിന്റെ ശ്വാസനാളത്തിലേയ്ക്ക് ഒരു കൃത്രിമ വഴിയുണ്ടാക്കുന്ന ട്രാക്കിയോസ്‌റ്റോമി നടത്തി. ശ്വാസനാളം പൂര്‍ണവളര്‍ച്ച എത്താത്തതിനാല്‍ കുഞ്ഞുങ്ങളില്‍ ട്രാക്കിയോസ്‌റ്റോമി പ്രയാസകരമായിരുന്നെങ്കിലും ദൈവത്തില്‍ വിശ്വാസം അര്‍പ്പിച്ച് കാത്തിരുന്ന നാടിന് ആശ്വാസവാക്കുകളെത്തി. സ്വന്തമായി ശ്വസിക്കാനാവുംവരെ 89 ദിവസം വെന്റിലേറ്ററില്‍ കിടന്ന റബീഹ് ആരോഗ്യവാനായി പുറത്തുവന്നു. വെന്റിലേറ്ററില്‍, ഐ.സി.യുവില്‍ ഒന്നുമറിയാതെ കിടക്കുമ്പോള്‍ അവന്റെ ഒന്നാം ജന്മദിനം ഈറനണിഞ്ഞ കണ്ണുകളോടെ ഉമ്മയും വാപ്പയും ഡോക്ടര്‍മാരും ഉള്‍പ്പെടെ പുറത്ത് ആഘോഷിച്ചിരുന്നു.
ഡോ. അഭിഷേക് യാദവിനു പുറമെ ഡോക്ടര്‍മാരായ മായാ പീതാംബരന്‍, മോഹന്‍ മാത്യു, നിത, സതീഷ്‌കുമാര്‍ എന്നിവരും റബീഹിന്റെ ചികിത്സയില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."