ബദിയഡുക്കയില്‍ അഗ്നിരക്ഷാ സേനയ്ക്ക് നല്‍കിയ ഭൂമി ഉപയോഗശൂന്യമാകുന്നു
ബദിയഡുക്ക: വേനല്‍ ശക്തമായതോടെ തീപിടിത്തം പതിവാകുമ്പോള്‍ ബദിയഡുക്കയില്‍ അഗ്നിശമനസേനയ്ക്ക് നല്‍കിയ ഭൂമി നോക്കുകുത്തിയാകുന്നു. തീപിടിക്കുമ്പോള്‍ ഓടിയെത്താനാവതെ അഗ്നിശമന സേന കിതക്കുമ്പോള്‍ അതിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് വേണ്ടി നല്‍കിയ സ്ഥലം ആര്‍ക്കും വേണ്ടാതെ നാഥനില്ലാതെ നോക്കുകുത്തിയായി മാറുകയാണ്.
ബദിയഡുക്ക, പുത്തിഗെ, എന്‍മകജെ, കുംബഡാജെ, ബെള്ളൂര്‍ തുടങ്ങിയ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ തീപിടിത്തം പതിവാകുന്നതോടെ കിലോമീറ്ററുകള്‍ താണ്ടി കാസര്‍കോട്, മംഗല്‍പ്പാടി, കുറ്റിക്കോല്‍ എന്നീ സ്ഥലങ്ങളില്‍ നിന്നാണ് അഗ്നിശമന സേന എത്തേണ്ടത്. ഇതുമൂലം ഓടിയെത്താനാവാതെ വിയര്‍ക്കുകയണ് അഗ്നിശമന സേന. എത്തിയാല്‍ തന്നെ ഒന്നുകില്‍ എന്‍ജിനുകളില്‍ വെള്ളമുണ്ടാകാറില്ല. ആവശ്യത്തിനുള്ള വെള്ളം നിറച്ച് സ്ഥലത്തെത്തുമ്പോഴേക്കും പൂര്‍ണമായും അഗ്നി വിഴുങ്ങിയിരിക്കും. ഈ പ്രദേശങ്ങളില്‍ വര്‍ധിച്ചു വരുന്ന തീപിടിത്തങ്ങളും മറ്റു അപകടസാധ്യതകളും കണക്കിലെടുത്തും അതിര്‍ത്തി പഞ്ചായത്തുകളുടെ നിരന്തരമായ അപേക്ഷ കണക്കിലെടുത്ത് 2014ല്‍ ബദിയഡുക്ക പഞ്ചായത്ത് ഭരണ സമിതി യോഗ തീരുമാന പ്രകാരം അഗ്നിശമന യൂനിറ്റ് അനുവദിക്കുകയാണെങ്കില്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടു തരണമെന്ന് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ഇത് പ്രകാരം ബദിയഡുക്ക പഞ്ചായത്ത് പരിധിയില്‍ സ്ഥലം അനുവദിക്കുകയാണെങ്കില്‍ അഗ്നിശമന യൂനിറ്റ് അനുവദിക്കാവുന്നതാണെന്നും പ്രരംഭ ഘട്ടത്തില്‍ മൂന്നു ഫയര്‍ എന്‍ജിനും 20 ജീവനക്കാരേയും അനുവദിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിന് താല്‍ക്കാലികമായി പഞ്ചായത്തിന്റെ കീഴില്‍ ബേള വില്ലേജ് ഓഫിസിന് സമീപമുള്ള ആയൂര്‍വേദ ഡിസ്‌പെന്‍സറിയുടെ സ്ഥലം വിട്ടുകൊടുക്കാനും പിന്നിട് സ്ഥലം കണ്ടെത്തി അനുബന്ധ കെട്ടിടങ്ങള്‍ പണിയാനും തീരുമാനിച്ചിരുന്നു. മാസങ്ങള്‍ക്കകം അഗ്നി ശമന വിഭാഗം ഉന്നത ഉദ്ദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുതിയ കെട്ടിടം പണിയുന്നതിന് ബേള വില്ലേജ് ഓഫിസിന് സമീപത്തെ പഞ്ചായത്തിന്റെ ഒന്നര ഏക്കര്‍ സ്ഥലം കണ്ടെത്തി അടയാളപ്പെടുത്തി പോവുകയും ചെയ്തിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപടികള്‍ ഒന്നും പൂര്‍ത്തിയാകാതെ ചുവപ്പ് നാടക്കുള്ളില്‍ കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."