കാലിക്കടവിലെ തണല്‍ മരങ്ങള്‍ക്കു കോടാലി വീണു
ചെറുവത്തൂര്‍: കാലിക്കടവിന്റെ തണലായ വന്‍ മരങ്ങള്‍ക്കു കോടാലി വീണു. ദേശീയപാത വികസനത്തിന്റെ പേര് പറഞ്ഞാണ് വലിയ ആവാസവ്യവസ്ഥയായ തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റിത്തുടങ്ങിയത്. പാതയുടെ ഒരു വശത്തുള്ള കൂറ്റന്‍ പാലമരവും തേക്കും മുറിച്ചു കഴിഞ്ഞു. നിരവധി മരങ്ങള്‍ കാലിക്കടവില്‍ പാതയുടെ ഇരുവശങ്ങളിലും തണല്‍ വിരിച്ചു നില്‍ക്കുന്നുണ്ട്. കടുത്തവേനലില്‍ പോലും കാലിക്കടവില്‍ എത്തുന്നവര്‍ക്ക് ഈ മരങ്ങളുടെ തണല്‍ കാരണം ചൂട് അറിഞ്ഞിരുന്നില്ല. വലിയ രണ്ടു മരങ്ങള്‍ പോയതോടെ ഉച്ചനേരങ്ങളില്‍ ഇപ്പോള്‍ തന്നെ ജനങ്ങള്‍ ചൂട് അറിഞ്ഞു തുടങ്ങി.
മറുവശത്തുള്ള രണ്ടു മരങ്ങള്‍ കൂടി വരും ദിവസങ്ങളില്‍ മുറിക്കാനാണു തീരുമാനം. ഇതിനെതിരേ ഗ്രീന്‍ ട്രിബ്യൂണലിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പരിസ്ഥിതി സ്‌നേഹികള്‍. കാലാവസ്ഥാ വ്യതിയാനം കാരണം നാട് വെന്തുരുകുമ്പോള്‍ വിദ്യാലയങ്ങളില്‍ ഉള്‍പ്പെടെ ജൈവവൈവിധ്യ പാര്‍ക്കുകള്‍ ഒരുക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍. ഈയവസരത്തിലാണ് അപകടഭീഷണിപോലും ഉയര്‍ത്താത്ത വന്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നത്. മരങ്ങള്‍ നിലനിര്‍ത്തിയുള്ള വികസന മാതൃക സ്വീകരിക്കണമെന്നതാണു പരിസ്ഥിതി സ്‌നേഹികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."