റിയാദ് അല്‍ഖസീം ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍
ജിദ്ദ: റിയാദ് തെക്കുവടക്കു പാതയില്‍ ട്രെയിന്‍ സര്‍വീസുകളുടെ ആദ്യ ഘട്ട ഓട്ടം നാളെ തുടങ്ങും. റിയാദ്, മജ്മ, അല്‍ഖസീം സ്റ്റേഷനുകള്‍ക്കിടയിലാണ് സര്‍വീസ് ആരംഭിക്കുന്നത്. തുടക്കത്തില്‍ റിയാദില്‍നിന്ന് അല്‍ഖസീമിലേക്കും തിരിച്ചും ഓരോ സര്‍വീസുകള്‍ വീതമാണുണ്ടാവുക. കിംഗ് ഖാലിദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിന് തെക്കുകിഴക്ക് അല്‍ഥുമാമ റോഡിലെ റെയില്‍വെ സ്റ്റേഷനില്‍നിന്ന് രാവിലെ പത്തിന് ആദ്യ ട്രെയിന്‍ പുറപ്പെടും. രാവിലെ 11.19 ന് ട്രെയിന്‍ മജ്മയിലെത്തും. പത്തു മിനിറ്റിനു ശേഷം 11.29 ന് മജ്മ വിടുന്ന ട്രെയിന്‍ ഉച്ചക്ക് 12.31 ന് അല്‍ഖസീം സ്റ്റേഷനില്‍ എത്തും.
ഖസീമില്‍നിന്ന് വൈകീട്ട് മൂന്നിന് തിരിച്ച് യാത്ര പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 4.02 ന് മജ്മയിലെത്തും. പത്തു മിനിറ്റിനു ശേഷം മജ്മ സ്റ്റേഷന്‍ വിടുന്ന ട്രെയിന്‍ വൈകീട്ട് 5.31 ന് റിയാദിലെത്തും.
നാളെ മുതല്‍ ഒരു മാസക്കാലം പ്രൊമോഷന്‍ നിരക്കിലാണ് ടിക്കറ്റ് നല്‍കുക. മുതിര്‍ന്നവര്‍ക്ക് 40 റിയാലും കുട്ടികള്‍ക്ക് 20 റിയാലുമാണ് ഒരു ദിശയിലെ യാത്രക്ക് നല്‍കേണ്ടത്. പ്രൊമോഷന്‍ കാലത്തിനു ശേഷം റിയാദില്‍നിന്ന് മജ്മയിലേക്ക് ഇക്കോണമി ക്ലാസില്‍ മുതിര്‍ന്നവര്‍ക്ക് 70 റിയാലും കുട്ടികള്‍ക്ക് 35 റിയാലുമായിരിക്കും. ബിസിനസ് ക്ലാസില്‍ മുതിര്‍ന്നവര്‍ക്ക് 190 റിയാലും കുട്ടികള്‍ക്ക് 125 റിയാലും. മജ്മയില്‍നിന്ന് അല്‍ഖസീമിലേക്ക് ഇക്കോണമി ക്ലാസില്‍ മുതിര്‍ന്നവര്‍ക്ക് 60 റിയാലും കുട്ടികള്‍ക്ക് 30 റിയാലും നല്‍കണം. ബിസിനസ് ക്ലാസില്‍ ഇത് 160 റിയാലും 105 റിയാലുമായിരിക്കും. റിയാദില്‍നിന്ന് അല്‍ഖസീമിലേക്ക് ഇക്കോണമി ക്ലാസില്‍ മുതിര്‍ന്നവര്‍ക്ക് 120 റിയാലും കുട്ടികള്‍ക്ക് 60 റിയാലും, ബിസിനസ് ക്ലാസില്‍ മുതിര്‍ന്നവര്‍ക്ക് 350 റിയാലും കുട്ടികള്‍ക്ക് 203 റിയാലുമായിരിക്കും ടിക്കറ്റ് നിരക്ക്. ഏപ്രില്‍ രണ്ടു മുതലാണ് ഈ ടിക്കറ്റ് നിരക്കുകള്‍ നിലവില്‍വരിക. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."