HOME
DETAILS
MAL
വൈറസുകള്‍ക്ക് കാലാവസ്ഥയുമായി ബന്ധമുണ്ടോയെന്ന ശാസ്ത്രീയ പരിശോധന ആവശ്യം: മുഖ്യമന്ത്രി
backup
January 26 2020 | 00:01 AM
പാലക്കാട്: വൈറസുകള്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണോ എന്നതില്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
32മത് കേരള ശാസ്ത്ര കോണ്‍ഗ്രസ് മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത രോഗങ്ങളും പകര്‍ച്ചവ്യാധികളും കടന്നുവരുന്നുണ്ട്. ഇത്തരത്തിലുള്ള പ്രതിസന്ധികളില്‍ ശാസ്ത്രീയ ഇടപെടലുകള്‍ ആവശ്യമാണ്. പേമാരി, കടുത്ത വരള്‍ച്ച തുടങ്ങിയ പ്രതിഭാസങ്ങള്‍ക്ക് ആഗോളതാപനവുമായുള്ള ബന്ധവും ശാസ്ത്രലോകം പരിശോധിക്കേണ്ടതാണ്. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ പ്രീഫാബ് പോലെയുള്ള സാമഗ്രികള്‍ കൊണ്ടുള്ള നിര്‍മാണ രീതികളില്‍ കണ്ടുപിടുത്തങ്ങള്‍ ആവശ്യമാണ്. സൂക്ഷമമായ കാലാവസ്ഥാ പ്രവചനങ്ങളും ജാഗ്രതാ നിര്‍ദേശങ്ങളും നല്‍കാനും ശാസ്ത്രജ്ഞര്‍ക്ക് കഴിയണം.
പരിമിതമായ സ്ഥിതിവിവരക്കണക്കുകളും വിശാലമായ അനിശ്ചിതത്വവും സര്‍ക്കാരിനു മുന്‍പിലുള്ള വെല്ലുവിളിയാണ്. ശാസ്ത്രീയ വീക്ഷണത്തിലൂടെ മാത്രമേ ഈ വെല്ലുവിളികളെ മറികടക്കാന്‍ കഴിയൂ. കൈമാറി കിട്ടുന്ന ഭൂമി ആവാസയോഗ്യമാക്കി വരും തലമുറയ്ക്ക് കൈമാറാന്‍ സമൂഹം ചെയ്യേണ്ടതെന്തെന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്ലാസ്റ്റിക്ക് നിരോധനം നടപ്പാക്കിയത്.
ഹരിതകേരളം പോലെയുള്ള സര്‍ക്കാര്‍ ദൗത്യങ്ങള്‍ക്കായി ശാസ്ത്രലോകത്തിന്റെ ഉയര്‍ന്ന നിലവാരത്തിലുള്ള സഹകരണം ആവശ്യമാണ്. ഭരണസംവിധാനവും ശാസ്ത്രലോകവും ഒരുമിച്ചു പോകണം. ദുരന്തങ്ങളെ ലഘൂകരിക്കാനുള്ള ശാസ്ത്രീയ നിര്‍ദേശങ്ങള്‍ കേരളത്തിന് ആവശ്യമാണെന്നും അദേഹം പറഞ്ഞു
കാലാവസ്ഥാ വ്യതിയാനത്തിലൂടെ കേരളം നേരിട്ട വെല്ലുവിളികള്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ ചര്‍ച്ചയാകണം. പ്രകൃതിദുരന്തങ്ങള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത കേരളത്തെ കെട്ടിപ്പടുക്കാനുള്ള ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ ഉരുത്തിരിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് കെ.പി സുധീര്‍ അധ്യക്ഷനായി. വി.കെ ശ്രീകണ്ഠന്‍ എം.പി, കെ.വി വിജയദാസ് എം.എല്‍.എ, കേരള ശാസ്ത്രസാഹിത്യ പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി എസ്. പ്രദീപ് കുമാര്‍, പാലക്കാട് ഐ.ഐ.ടി ചെയര്‍മാന്‍ പ്രൊഫ.പി.ബി സുനില്‍ കുമാര്‍, പാലക്കാട് രൂപത സഹായമെത്രാന്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, യുവക്ഷേത്ര ഡയറക്ടര്‍ ഡോ. മാത്യു ജോര്‍ജ് വാഴയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."