HOME
DETAILS
MAL
ഗവര്‍ണര്‍ക്കെതിരേ പ്രമേയം: കളം തിരികെപിടിക്കാന്‍ പ്രതിപക്ഷം
backup
January 26 2020 | 00:01 AM
കൊച്ചി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളില്‍ കളം തിരികെപിടിക്കാന്‍ പ്രതിപക്ഷ ശ്രമം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷനേതാവ് സ്പീക്കറുടെ അനുമതി തേടി നോട്ടിസ് നല്‍കിയത് ഇതു ലക്ഷ്യം വച്ചാണ്.
ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്തിവന്ന കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പൗരത്വ വിഷയത്തില്‍ സര്‍ക്കാര്‍ പ്രമേയം അവതരിപ്പിച്ചത് തിരിച്ചടിയായിരുന്നു. ന്യൂനപക്ഷ പിന്തുണയുണ്ടായിട്ടുപോലും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നു നേരത്തേതന്നെ വിലയിരുത്തലുണ്ടായിരുന്നു.
ഇതിനിടെയാണ് കോണ്‍ഗ്രസിനെ കടത്തിവെട്ടി ന്യൂനപക്ഷ സംരക്ഷകരെന്ന നിലപാടിലേക്കുയര്‍ന്ന് സംസ്ഥാന നിയമസഭയില്‍ എല്‍.ഡി.എഫ് തന്നെ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം അവതരിപ്പിച്ചത്. സി.പി.എമ്മിനൊപ്പം പൗരത്വ വിഷയത്തില്‍ സമരമുഖത്തു തുടരുന്നതു ശരിയോ തെറ്റോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ രണ്ടഭിപ്രായം തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ പ്രമേയവുമായി വന്നതെന്ന പ്രത്യേകതയുമുണ്ട്.
മധുരിച്ചിട്ടു തുപ്പാനും കയ്ചിട്ട് ഇറക്കാനും കഴിയാത്ത അവസ്ഥയില്‍ പ്രമേയത്തെ പിന്തുണയ്ക്കുകയല്ലാതെ പ്രതിപക്ഷത്തിനു വേറെ വഴിയില്ലാതായി. അതോടെ പ്രമേയം കൊണ്ടുവന്ന എല്‍.ഡി.ഫ് സര്‍ക്കാര്‍ ന്യൂനപക്ഷ സംരക്ഷകരാണെന്ന പ്രതിഛായ ഉണ്ടാക്കി പ്രതിപക്ഷത്തേക്കാള്‍ ഒരുപടി മുന്നിലെത്തി.
സംഘടനാ തെരഞ്ഞെടുപ്പിലെ അധികാരത്തര്‍ക്കത്തില്‍ വലയുന്ന കോണ്‍ഗ്രസിന് പൗരത്വ പ്രക്ഷോഭത്തിലേറ്റ ക്ഷീണം തീര്‍ക്കാനുള്ള ഒരു വഴിയായാണ് ഇപ്പോള്‍ ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ നേതാവിന്റെ പ്രമേയം വിലയിരുത്തപ്പെടുന്നത്.
നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ത്തും ചോദ്യം ചെയ്തും ഗവര്‍ണര്‍ രംഗത്തെത്തിയതിനെ സര്‍ക്കാരും പ്രതിപക്ഷവും ഒരുപോലെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഗവര്‍ണറെ നേരില്‍ക്കണ്ട് അനിഷ്ടം അറിയിക്കാതിരുന്നതില്‍ പന്തികേട് ഉയര്‍ത്തിക്കാട്ടിയുള്ള പ്രതിപക്ഷ നേതാവിന്റെ ആക്രമണവും പ്രമേയത്തിനൊപ്പമുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്.
സഭയെ അപമാനിച്ച ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തിന് അവതരണാനുമതി തേടി പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് നല്‍കിയ നോട്ടിസ് തള്ളാനും കൊളളാനും വയ്യാത്ത അവസ്ഥയിലാണ് ഭരണപക്ഷം. തങ്ങള്‍ക്കുകൂടി എതിര്‍പ്പുള്ള വിഷയമായതിനാല്‍ പ്രമേയത്തെ പിന്‍താങ്ങിയില്ലെങ്കില്‍ അത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കുമെന്ന് അവര്‍ക്കറിയാം. പ്രമേയാവതരണത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ മുഖ്യമന്ത്രിക്ക് ഗവര്‍ണറെ പേടിയെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനൊപ്പമെന്നുമുള്ള ആരോപണങ്ങളുമായി പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നതിലേക്കുപോലും നയിച്ചേക്കുമെന്ന് സ്പീക്കര്‍ക്കും അറിയാം.
ഫലത്തില്‍ കോണ്‍ഗ്രസ് മുന്‍പ് വെട്ടിലായതിനു സമാനമായി ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തിലൂടെ ഭരണനേതൃത്വവും വെട്ടിലായിരിക്കുന്ന അവസ്ഥയാണിപ്പോള്‍.
പ്രമേയം അവതരിപ്പിക്കുന്നതിലൂടെ തുടര്‍ ചര്‍ച്ചകളിലൂന്നി ന്യൂനപക്ഷ പിന്തുണ നിലനിര്‍ത്താമെന്നും കോണ്‍ഗ്രസ് കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."