രണ്ടു ഡ്രൈവര്‍മാര്‍ ഇല്ലാത്ത ദീര്‍ഘദൂര ട്രക്കുകള്‍ക്കെതിരേ നടപടി സ്വീകരിക്കും
കാസര്‍കോട്: രണ്ടു ഡ്രൈവര്‍മാരില്ലാതെ ദീര്‍ഘദൂര സര്‍വിസ് നടത്തുന്ന ട്രക്കുകള്‍ ചെക്ക് പോസ്റ്റുകളില്‍ തടഞ്ഞു നടപടി സ്വീകരിക്കുമെന്നു ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാവികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികൃതരുടെ അനാസ്ഥകാരണം റോഡപകടങ്ങള്‍ വര്‍ധിക്കുന്നതായി കഴിഞ്ഞ ദിവസം 'സുപ്രഭാതം' റിപോര്‍ട്ട് ചെയ്തിരുന്നു. ഒരാഴ്ചക്കുള്ളില്‍ റോഡില്‍ എട്ടോളം ജീവനുകള്‍ അപകടത്തില്‍ പൊലിഞ്ഞിരുന്നു.
രാത്രികാലങ്ങളില്‍ ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലമുണ്ടാകുന്ന വാഹനാപകടങ്ങള്‍ ജില്ലയില്‍ കൂടിവരികയാണെന്നും ഡ്രൈവര്‍മാരുടെ വിശ്രമമില്ലാതെയുള്ള ഡ്രൈവിങാണ് അപകടത്തിലേക്കു നയിക്കുന്നതെന്നും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.
ദീര്‍ഘദൂര സര്‍വിസ് നടത്തുന്ന ട്രക്കുകളില്‍ രണ്ടു ഡ്രൈവര്‍മാര്‍ വേണമെന്നാണു ചട്ടം. ഈ നിയമം ലംഘിക്കുന്ന ട്രക്കുകള്‍ പിടിച്ചെടുത്തു നടപടി സ്വീകരിക്കും.
ജില്ലാ പൊലിസ് നടപ്പാക്കിയിരുന്ന രാത്രികാലങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കു കാപ്പി നല്‍കുന്ന പദ്ധതി തുടരും. ഇതിനായി ക്ലബുകളുടെയും സന്നദ്ധസംഘടനകളുടെയും സഹായം തേടും. ട്രാഫിക് നിയമലംഘനത്തിനും രാത്രികാലങ്ങളില്‍ ലൈറ്റ് ഡിം ചെയ്തു മറ്റുവാഹനങ്ങള്‍ക്കു സൗകര്യം ഒരുക്കിക്കൊടുക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരേയും നടപടി സ്വീകരിക്കും.
പി.ബി അബ്ദുള്‍ റസാഖ് എം.എല്‍.എ, ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എം സുരേഷ് റിപോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."