പുലിയെ കണ്ടെന്ന അഭ്യൂഹം; ഭീതിക്ക് അടിസ്ഥാനമില്ലെന്ന് വനംവകുപ്പ്
മഞ്ചേരി: കഴിഞ്ഞ ഒരാഴ്ചയായി മഞ്ചേരിയിലും പരിസരങ്ങളിലും പുലിയെ കണ്ടുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണന്നും ഇത്തരം ഭീതിക്കു അടിസ്ഥാനമില്ലെന്നും വനംവകുപ്പ്. മഞ്ചേരി, നെല്ലികുത്ത്, കാരക്കുന്ന്, ആനക്കോട്ടുപുറം, ചെരണി, ചെരണി പ്ലേവുഡ് റോഡ് , പത്തപ്പിരിയം, ആമയൂര്‍, എളങ്കൂര്‍, മഞ്ഞപ്പെറ്റ തുടങ്ങിയ ഭാഗങ്ങളിലാണ് ഈയിടെയായി പുലി ഭീതി പരന്നിരുന്നത്.
അവസാനമായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ മഞ്ചേരി-പാണ്ടിക്കാട് റോഡിലും പുലിയെ കണ്ടതായി വാര്‍ത്തകള്‍ പ്രചരിക്കുകയും ജനങ്ങള്‍ തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. മഞ്ചേരി സി.ഐ കെ.എം ബിജു വനം വകുപ്പിനെ ഇതുസംബന്ധിച്ച് അറിയിക്കുകയും ചെയ്തു.അതേസമയം നേരത്തെ പ്രചരിക്കുന്ന വാര്‍ത്തകളുടെ തുടര്‍ച്ചയാണിതെന്നും പ്രത്യേക പരിശോധകള്‍ നടത്തേണ്ട കാര്യമില്ലന്നുമാണ് വനം വകുപ്പിന്റെ നിലപാട്.പുലിയെ കണ്ടതായി പറയുന്നവരില്‍ നിന്നും കൃത്യമായി വിവരങ്ങള്‍ ലഭ്യമല്ലെന്നും പുലിയുടെ കാല്‍പാടുകളോ ഭക്ഷണ അവശിഷ്ടങ്ങളോ കണ്ടത്താനായിട്ടില്ലെന്നും സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അബ്ദുറശീദ് പറഞ്ഞു.
ആട്, കന്നുകാലികള്‍, നായ, കുറുക്കന്‍ തുടങ്ങിയ ജീവികളെയാണ് ഇവ പ്രധാനമായും ഭക്ഷണമാക്കുക. എന്നാല്‍ ഇത്തരം ഭീതി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും പുലി കഴിച്ചുപോയതിന്റെ ഭക്ഷണ അവശിഷ്ടങ്ങളൊന്നും ഇതുവരെ കണ്ടത്താനായിട്ടില്ല. പുലിയുടേതെന്നു കരുതുന്ന കാല്‍ പാടുകളും കണ്ടതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം മഞ്ചേരി കാരക്കുന്നില്‍ പുലിയുടെതെന്നു കരുതുന്ന കാഷ്ട അവശിഷ്ടങ്ങള്‍ കണ്ടുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റ്റ്റിയൂട്ടില്‍ നിന്നും വിദഗ്ധര്‍ എത്തി പരിശോധന നടത്തിയിരുന്നു.
എന്നാല്‍ അത് പിന്നീട് കാട്ടുനായ, മുള്ളന്‍പന്നി ഇവയില്‍ ഏതങ്കിലും ഒന്നിന്റേതാണന്ന് വിദഗ്ദ്ധര്‍ സ്ഥിരീകരിക്കുകയായിരുന്നു. മഞ്ചേരി നഗരം പോലോത്ത കേന്ദ്രങ്ങളില്‍ പുലിയെ കണ്ടുവെന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രചരിക്കുന്നത് അനാവശ്യമായ ഭീതി പടര്‍ത്താന്‍ ഇടയാക്കും.
ദിവസേനെ അഞ്ചുകിലോ മാംസംവരെ കഴിക്കുന്ന പുലികള്‍ക്ക് ഭക്ഷണം തേടാതെയും വേട്ടയാടാതെയും ഇത്രയും ദിവസം ഇത്തരം നഗരപ്രദേശങ്ങളില്‍ കഴിയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ പരപ്പനങ്ങാടി, വള്ളിക്കുന്ന് തുടങ്ങി പലഭാഗങ്ങളിലും ഇതുപോലെ നേരത്തെ പുലി ഭീതി പരന്നിരുന്നു. പിന്നീട് വനം വകുപ്പ് നടത്തിയ പരിശോധനകളില്‍ ഇതു തെറ്റാണന്നു തെളിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."