ബ്രഡ്ഡിലും, ബണ്ണിലും രാസവസ്തുക്കള്‍ കണ്ടെത്തിയിട്ടും വില്‍പന സജീവം
പട്ടാമ്പി: ബ്രഡ്ഡിലും ബണ്ണിലും കാന്‍സറുണ്ടാക്കുന്ന രാസവസ്തുക്കളുടെ അംശം കണ്ടെത്തിയിട്ടും വിപണിയില്‍ വില്‍പന സജീവം. കേന്ദ്ര അഭ്യന്തരമന്ത്രാലയം ഇതുസംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും വില്‍പന നിരോധം വന്നിട്ടില്ല. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് നടത്തിയ ഗവേഷണത്തില്‍ 84 ശതമാനം ബ്രാന്‍ഡുകളുടെ ബ്രഡ്, ബേക്കറി ഉല്‍പന്നങ്ങളിലും ശരീരത്തിന് ഹാനികരമാകുന്ന പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവയുടെ അംശം ഉണ്ടെന്ന് കണ്ടെത്തിയത്. പൊട്ടാസ്യം ബ്രോമേറ്റ് കാന്‍സറിന് കാരണമാകുന്ന മൂലകമാണന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഇപ്പോഴും വിപണിയില്‍ ഇത്തരം ഉല്‍പന്നങ്ങളുടെ വില്‍പന തകൃതിയായി നടക്കുന്നത്.
കെ.എഫ്.സി, പിസഹട്ട്, തുടങ്ങിയ ഉല്‍പന്നങ്ങളിലും പൊട്ടാസ്യം ബ്രോമേറ്റിന്റെയും അയോഡേറ്റിന്റെയും സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ടെങ്കിലും ഇതിനെതിരേയും ബന്ധപ്പെട്ടവര്‍ കണ്ണടച്ചിരിക്കുകയാണ്. ബേക്കറി, ബ്രഡ് ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ചേരുവയായ ധാന്യപ്പൊടി തയ്യാറാക്കുന്നതിലാണ് പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിച്ച് വരുന്നത്. എന്നാല്‍ ആരോഗ്യത്തിന് ഹാനികരമാകുന്ന ഇത്തരം രാസവസ്തുക്കള്‍ ഒഴിവാക്കണമെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എക്‌സ്‌പോര്‍ട്ട് കമിറ്റി ഓണ്‍ ഫുഡ് ആഡിറ്റീവ്‌സ് ഇതിനകം തന്നെ താക്കീത് നല്‍കിയിട്ടുണ്ട്.
കുട്ടികള്‍, മുതിര്‍ന്നവര്‍ തുടങ്ങിയ ഏത് പ്രായക്കാരും യഥേഷ്ടം വാങ്ങി കഴിക്കുന്ന ഇത്തരം ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം കൂടുതല്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തിന് കാരണമാകുമെന്നിരിക്കെ വില്‍പന നടക്കുന്ന സ്ഥലങ്ങളില്‍ ഇതിനെതിരേ ആരോഗ്യ മുന്നറിയിപ്പ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ മണ്‍സൂണില്‍ പടരുന്ന പനി മുതലായ രോഗങ്ങള്‍ പിടിപ്പെട്ട് കിടക്കുന്നവര്‍ ഇത്തരം ഭക്ഷ്യഉല്‍പന്നങ്ങളാണ് കഴിക്കുന്നതെന്ന് ആശുപത്രി ജീവനക്കാര്‍ ചൂണ്ടി കാട്ടുന്നു.
ഇതില്‍ അടങ്ങിയിട്ടുള്ള രാസവസ്തുക്കള്‍ രോഗിയെ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് തള്ളിവിടുന്നതെന്നുള്ള ഗൗരവം അറിയാത്തവരാണ് ഇത് ഉപയോഗിക്കുന്നതെന്നും ആരോഗ്യശുചിത്വ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. അത് കൊണ്ട് തന്നെ ബന്ധപ്പെട്ടവര്‍ ഇത്തരം ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്‍മ ഉറപ്പ് വരുത്തി വില്‍പ്പന നടത്തണമെന്നുള്ള ആവശ്യം ശ്കതമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."