കൂടുതല്‍ വാര്‍ത്തകള്‍
സംസ്ഥാന സമ്മേളനം തുടങ്ങി
കോട്ടക്കല്‍: കേരള നോണ്‍ ടീച്ചിങ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ആറാം സംസ്ഥാന സമ്മേളനത്തിനു കോട്ടക്കലില്‍ തുടക്കമായി. സ്വാഗതസംഘം ചെയര്‍മാന്‍ ഇ.എന്‍ മോഹന്‍ദാസ് പതാക ഉയര്‍ത്തി. കൗണ്‍സില്‍ യോഗം പി.കെ സൈനബ ഉദ്ഘാടനം ചെയ്തു.
സാംസ്‌കാരിക സമ്മേളനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ് കുമാര്‍ അധ്യക്ഷനായി. ജെ. വിനോദ് കുമാര്‍, പി. ഗരീഷ് സംസാരിച്ചു.
ഇന്നു നടക്കുന്ന പ്രതിനിധി സമ്മേളനം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വി. ശശികുമാര്‍, സി. മാത്തുക്കുട്ടി, കെ. ബദറുന്നീസ, പി.പി വാസുദേവന്‍, സുനില്‍ പി. നായര്‍ സംസാരിക്കും.
സമ്പൂര്‍ണ വൈദ്യുതീകരണം: ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ നല്‍കണം
മലപ്പുറം: സമ്പൂര്‍ണ വൈദ്യുതീകരണത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി വിവിധ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസുകളില്‍ അപേക്ഷ സമര്‍പ്പിച്ച ഗുണഭോക്താക്കളില്‍ വയറിങ് നടത്താത്തവരും ടെസ്റ്റ് റിപ്പോട്ടുകള്‍ ഓഫിസില്‍ സമര്‍പ്പിക്കാത്തവരുമായ ഗുണഭോക്താക്കള്‍ വയറിങ് പൂര്‍ത്തീകരിച്ച് ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ 27നകം ബന്ധപ്പെട്ട ഓഫിസുകളില്‍ നല്‍കണം.
ടെസ്റ്റ് റിപ്പോര്‍ട്ടുകളോടുകൂടിയ അപേക്ഷകള്‍ ഓഫിസുകളില്‍ ലഭ്യമായാല്‍ മാത്രമേ തുടര്‍നടപടികള്‍ സ്വീകരിച്ച് വൈദ്യുതി കണക്ഷന്‍ ലഭിക്കുകയുള്ളൂ. സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി മാര്‍ച്ച് 31ന് അവസാനിക്കുന്നതിനാല്‍ എല്ലാവരും സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി മഞ്ചേരി സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ അറിയിച്ചു.
മധ്യവയസ്‌കന്‍ വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയെ റിമാന്‍ഡ് ചെയ്തു
നിലമ്പൂര്‍: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നു മധ്യവയസ്‌കനെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഐ.എന്‍.ടി.യു.സി നിലമ്പൂര്‍ ഓട്ടോ ഡ്രൈവേഴ്‌സ് യൂനിയന്‍ മുന്‍ പ്രസിഡന്റ് കൂറ്റമ്പാറ ചേനേമ്പാടം സ്വദേശി മുണ്ടമ്പ്ര മുഹമ്മദാലി (56) യെ വീടിനകത്തുവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഓട്ടോ ഡ്രൈവര്‍ മൈലാടി സ്വദേശി പഴംകുളത്ത് സലീമി (48) നെയാണ് നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയത്.
11 മാസം മുന്‍പു നാലുലക്ഷം രൂപ സലീം മുഹമ്മദാലിക്കു വായ്പയായി നല്‍കിയിരുന്നു. ഒരു മാസത്തിനുള്ളില്‍ തിരിച്ചുനല്‍കാമെന്ന വ്യവസ്ഥയിലാണ് പണം നല്‍കിയിരുന്നതെന്നും ഇതു തിരിച്ചുലഭിക്കാത്തതിനാലാണ് കൊല നടത്തേണ്ടിവന്നതെന്നും പ്രതി പൊലിസിനു മൊഴി നല്‍കിയതായി സി.ഐ കെ.എം ദേവസ്യ പറഞ്ഞു. ചന്തക്കുന്നിലെ കടയില്‍നിന്നു 360 രൂപ നല്‍കി വാങ്ങിയ വാക്കത്തികൊണ്ടാണ് കൊല നടത്തിയത്. കത്തി വില്‍പന നടത്തിയ കടയിലെത്തി പൊലിസ് ഇതു സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ പണം ആവശ്യപ്പെട്ടു മുഹമ്മദാലിയുടെ വീട്ടിലെത്തിയ സലീം തര്‍ക്കത്തെ തുടര്‍ന്നു കൈയില്‍ കരുതിയിരുന്ന വെട്ടുകത്തിയുപയോഗിച്ച് വെട്ടുകയായിരുന്നു. ഇരു കൈകള്‍ക്കും പുറത്തും അടക്കം 14 വെട്ടേറ്റ മുഹമ്മദാലിയെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു പൂക്കോട്ടുംപാടം എസ്.ഐ അമൃത് രംഗന്‍ എത്തിയാണ് ആശുപത്രിയിലേക്കു മാറ്റിയത്. ആക്രമണത്തില്‍ മുഹമ്മദാലിയുടെ ഭാര്യ റംലത്തിനും പരുക്കേറ്റിട്ടുണ്ട്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
പ്രതിയുമായി മുഹമ്മദാലിയുടെ വീട്ടില്‍ പൊലിസ് തെളിവെടുപ്പ് നടത്തി. ഇന്നലെ വിരലടയാള വിദഗ്ധരായ കെ.എസ് ദിനേശന്‍, ഡോ. ആനി എന്നിവരുടെ നേതൃത്വത്തില്‍ വീട്ടില്‍ പരിശോധന നടത്തി. മുഹമ്മദാലിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ വൈകിട്ടോടെ നിലമ്പൂര്‍ ചന്തക്കുന്ന് വലിയ ജുമാമസ്ജിദില്‍ കബറടക്കി. ഓട്ടോ-ടാക്‌സി തൊഴിലാളികളും പൗരാവലിയും നിലമ്പൂര്‍ ടൗണില്‍ മൗന ജാഥയും നടത്തി.
ബാങ്കില്‍ വ്യാജ സ്വര്‍ണം പണയപ്പെടുത്തി
പണംതട്ടി: ബാങ്ക് അപ്രൈസറെ പിരിച്ചുവിട്ടു
തിരൂര്‍: താനാളൂര്‍ സര്‍വിസ് സഹകരണ ബാങ്കില്‍ വ്യാജ സ്വര്‍ണം പണയപ്പെടുത്തി ലക്ഷങ്ങള്‍ പിന്‍വലിച്ചതായി കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിലായി ബാങ്കില്‍ നടന്ന കണ്‍കറന്റ് ഓഡിറ്ററുടെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഒന്‍പതു പേര്‍ പണയപ്പെടുത്തിയ യഥാര്‍ഥ സ്വര്‍ണത്തോടൊപ്പമാണ് വ്യാജ സ്വര്‍ണവും ഉള്‍പ്പെടുത്തി ലക്ഷങ്ങള്‍ പിന്‍വലിച്ചതായി കണ്ടെത്തിയത്. ഓഡിറ്ററുടെ പരിശോധനാ റിപ്പോര്‍ട്ട് ബാങ്കിന് കൈമാറി. ബാങ്കിന്റെ പ്രാഥമികാന്വേഷണത്തില്‍ സംഭവത്തില്‍ പങ്കാളിയാണെന്നു കണ്ടെത്തിയ അപ്രൈസര്‍ മന്‍സൂര്‍ തുറുവായിലിനെ ജോലിയില്‍നിന്നു ഭരണസമിതി നീക്കംചെയ്തു. 2016 നവംബര്‍ മുതലുള്ള കണക്കുകളിലെ പരിശോധനയിലാണ് ലക്ഷങ്ങള്‍ പിന്‍വലിച്ചതായി കണ്ടെത്തിയത്. ബാങ്കിലെ ജീവനക്കാര്‍ക്കു സംഭവത്തില്‍ പങ്കുണ്ടോയെന്ന കാര്യത്തില്‍ സമഗ്ര അന്വേഷ ണം നടത്താന്‍ ശനിയാഴ്ച ചേര്‍ന്ന അടിയന്തര ഭരണ സമിതി യോഗം ശുപാര്‍ശ ചെയ്തു.
സ്വര്‍ണപ്പണയ തട്ടിപ്പ്: വകുപ്പുതല അന്വേഷണം വേണമെന്ന് ഭരണസമിതി
തിരൂര്‍: താനാളൂര്‍ സര്‍വിസ് സഹകരണ ബാങ്കില്‍ വ്യാജ സ്വര്‍ണംകൂടി ഉള്‍പ്പെടുത്തി പണയംവച്ച് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിനു ഭരണസമിതി ശുപാര്‍ശ ചെയ്തു. വകുപ്പുതലത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ഭരണസമിതി ഉപസമിതിയെ ചുമതലപ്പെടുത്തി.
കുറ്റക്കാര്‍ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നു ബാങ്ക് പ്രസിഡന്റ് വി.പി.എം അബ്ദുറഹ്മാന്‍ മാസ്റ്റര്‍ പറഞ്ഞു. ബാങ്കിന്റെ പ്രാഥമിക അന്വേഷണത്തില്‍ പങ്കാളിയെന്ന് കണ്ടെത്തിയ ബാങ്ക് അപ്രൈസര്‍ മന്‍സൂറിനെ ജോലിയില്‍നിന്നു നീക്കംചെയ്തതായി പ്രസിഡന്റ് അറിയിച്ചു
മൂന്നു വര്‍ഷത്തിനു ശേഷം
പ്രതി പിടിയില്‍
നിലമ്പൂര്‍: ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വനപാലകരെ കണ്ടു രക്ഷപ്പെട്ട പ്രതിയെ മൂന്നു വര്‍ഷത്തിനു ശേഷം വനപാലകര്‍ പിടികൂടി. കരുവാരക്കുണ്ട് മാമ്പുഴ ഒറവംപുറത്ത് വലിയതൊടി കുഞ്ഞുട്ടി എന്ന ഹംസ കുരിക്കള്‍ (48) ആണ് അറസ്റ്റിലായത്.
രഹസ്യവിവരത്തൈ തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ ഇയാളുടെ വീട്ടില്‍നിന്നു പുലര്‍ച്ചെ ആറോടെയാണ് പ്രതിയെ പിടികൂടിയത്. 2013 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. കരുവാരക്കുണ്ട് വനമേഖലയില്‍നിന്നു ലഭിച്ച ആനക്കൊമ്പ് മഞ്ചേരി-പാണ്ടിക്കാട് റോഡില്‍വച്ച് വില്‍പന നടത്തുന്നതിനിടെ ബിനു, അബ്ദുല്ല എന്നിവരെ വനപാലകര്‍ അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിലുണ്ടായിരുന്ന ഹംസ കുരിക്കള്‍ അന്നു രക്ഷപ്പെടുകയായിരുന്നു. അന്വേഷണത്തിന് ചക്കിക്കുഴി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ പി.കെ മുജീബ് റഹ്മാന്‍, എസ്.എഫ്.ഒ കെ. സഹീര്‍ ഹുസൈന്‍, ബി.എഫ്.ഒ കെ. ശരത് ബാബു, എസ്.എസ് സജു, ബിനു നേതൃത്വം നല്‍കി.
അറബിക് സെമിനാര്‍
മലപ്പുറം: മലപ്പുറം ഗവ. കോളജ് അറബിക് വിഭാഗം നടത്തുന്ന ദേശീയ സെമിനാര്‍ ഫെബ്രുവരി 27, 28, മാര്‍ച്ച് ഒന്ന് തിയതികളില്‍ നടക്കും. ഫലസ്തീന്‍ അംബാസിഡര്‍ അദ്‌നാന്‍ അബുല്‍ ഹയ്ജ ഉദ്ഘാടനം ചെയ്യും.
ഫലസ്തീന്‍ വിഭജനത്തെയും ഇസ്‌റാഈല്‍ അധിനിവേശത്തെയും മുഖ്യവിഷയമാക്കുന്നതാണ് ത്രിദിന സെമിനാര്‍. യാസര്‍ അറാഫാത്തിന്റെ സഹപ്രവര്‍ത്തകനാണ് ഹയ്ജ. യോഗത്തില്‍ അറബിക് വിഭാഗം മേധാവി പ്രൊഫ. മുഹമ്മദ് ഷാഹ്, കോ ഓഡിനേറ്റര്‍ മൊയ്തീന്‍കുട്ടി കെ. കല്ലറ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."