മഞ്ഞപ്പിത്ത ലക്ഷണം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി
തിരൂരങ്ങാടി: കൊടിഞ്ഞിയില്‍ മഞ്ഞപ്പിത്ത ലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കൊടിഞ്ഞി ചെറുപ്പാറ പയ്യോളി റോഡിലാണ് ഏതാനും ആളുകളില്‍ മഞ്ഞപ്പിത്തം ലക്ഷണം കാണപ്പെട്ടത്.
പത്തോളം പേരില്‍ ലക്ഷണങ്ങള്‍ കണ്ടെങ്കിലും മൂന്നു പേരിലാണ് രോഗാണുക്കളെ കണ്ടെത്തിയത്. കൂടുതലും ചെറിയ കുട്ടികളിലാണ് രോഗലക്ഷണം.
കുടിവെള്ളത്തിലൂടെയാണ് രോഗാണുക്കള്‍ പകര്ന്നതെതെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ കണക്കുകൂട്ടല്‍. പ്രദേശത്തെ കനാലിലെ വെള്ളം കുടിവെള്ളവുമായി ലയിക്കുന്നുണ്ടോ എന്ന് അധികൃതര്‍ പരിശോധിച്ചു. സംശയമുള്ള ഏതാനും കിണറുകളിലെ വെള്ളം രാസ പരിശോധനക്കയച്ചിട്ടുണ്ട്.
കിണറ്റിലെ വെള്ളത്തില്‍ ക്ലോറിനേഷന് നടത്തുകയും പ്രദേശത്ത് ബോധവല്‍ക്കരണം നടത്തുകയും ചെയ്തതായി ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു. കുട്ടികള്‍ അങ്ങാടികളില്‍നിന്നും മറ്റും ലഭിക്കുന്ന വെള്ളവും ഐസും മറ്റും കഴിക്കുന്നത് ഒഴിവാക്കണമെന്ന് അവര്പറഞ്ഞു.
പ്രദേശത്തെ കടകളില്‍ നിലവാരം കുറഞ്ഞ അച്ചാറ് അടക്കമുള്ള ഉല്‍പ്പനങ്ങള്‍ വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം വേണ്ടത്ര സ്റ്റാഫില്ലാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."