വീരജവാന്‍ ശ്രീജിത്തിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
കോട്ടായി : ജന്മുകാശ്മീരില്‍ കഴിഞ്ഞദിവസം ഉണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ശ്രീജിത്തിന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട. കോട്ടായി പരുത്തിപ്പുള്ളി കോട്ടചന്ത കളത്തില്‍ വീട്ടില്‍ ഉഷാകുമാരിയുടെ ഏകമകനായ കണ്ണന്‍ എന്ന ശ്രീജിത്തിന്റെ ഭൗതികശരീരം പതിനായിരങ്ങള്‍ സാക്ഷി നിര്‍ത്തി ഇന്നലെ രാവിലെ 11.15 ന് തറവാട്ടുവളപ്പിലെ മുത്തശ്ശന്റെ ശവകുടീരത്തിനു സമീപം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.
ശനിയാഴ്ച രാവിലെ 8 മണിക്ക് പരുത്തിപ്പുള്ളി എല്‍.പി. സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെച്ച ശ്രീജിത്തിന്റെ ഭൗതികശരീരം ഒരുനോക്കു കാണുവാന്‍ ആയിരകണക്കിനാളുകളാണ് എത്തിയത്. സംസ്ഥാനസര്‍ക്കാരിനു വേണ്ടി വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ മൃതശരീരത്തിനു മേല്‍ പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് 10.5ന് ആരംഭിച്ച ഔദ്ദ്യോഗിക പട്ടാള ചടങ്ങുകള്‍ 10.45 ടെ സമാപിച്ചു. ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയുടെ നേതൃത്വത്തില്‍ സൈനികരും ചേര്‍ന്ന് പുഷ്പാലംകൃതമായ വാഹനത്തില്‍ മൃതദേഹം വീട്ടുവളപ്പിലേക്കെടുത്തു. തുടര്‍ന്ന് ആചാരവെടികളോടെയും പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയും മൃതദേഹം തറവാട്ടുവളപ്പില്‍ സംസ്‌കരിച്ചു. ശ്രീജിത്തിന്റെ ശവസംസ്‌കാര ചടങ്ങിനോടനുബന്ധിച്ച് ഇന്നലെ രാവിലെ 8 മുതല്‍ 9 വരെ പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലും 10 മുതല്‍ 1 മണിവരെ കടകമ്പോളങ്ങളടച്ചു ഹര്‍ത്താലാചരിച്ചു. മന്ത്രി എ.കെ. ബാലന്‍ അനുശോചനം രേഖപ്പെടുത്തി. എംബി. രാജേഷ് എം.പി, എം.എല്‍എ മാരായ കെ.ഡി.പ്രസേനന്‍, ഷാഫി പറമ്പില്‍, മുഹമ്മദ് മുഹ്‌സിന്‍, മുന്‍ എം.എല്‍.എ എം. ഹംസ, ഡി.സി.സി. പ്രസിഡണ്ട് വി.കെ. ശ്രീകണ്ഠന്‍, ഉഴവൂര്‍ വിജയന്‍, ബി.ജെ.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ കൃഷ്ണകുമാര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാശശിധരന്‍, സബ് കലക്ടര്‍ എം. എസ്. ശശിധരന്‍ എന്നിവര്‍ സ്‌കൂളിലെത്തി മൃതശരീരത്തിന് അന്ത്യോപചാരം അര്‍പ്പിച്ചു. ഇന്ന് വൈകീട്ട് ഏഴിന് പരുത്തിപ്പുള്ളി എ.എല്‍.പി.സ്‌കൂളില്‍ നടക്കുന്ന അനുസ്മരണ യോഗത്തില്‍ നിയമ-സാസ്‌കാരിക-പട്ടികജാതി-വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."