സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫിസ് തകര്‍ത്ത സംഭവം; മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
അന്തിക്കാട്: സി.പി.ഐ താന്ന്യം ലോക്കല്‍ കമ്മിറ്റി ഓഫിസ് ആക്രമിച്ച് തകര്‍ത്ത സംഭവത്തില്‍ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പെരിങ്ങോട്ടുകര സ്വദേശികളായ പുതിയേടത്ത് വീട്ടില്‍ മിഥുന് (25), അമ്പലത്ത് വീട്ടില്‍ ഷംസീര്‍ (24), മാളുത്തറ വീട്ടില്‍ ജിഷ്ണുലാല്‍ (21) എന്നിവരെയാണ് എസ്.ഐ കെ.എസ് സൂരജിന്റെ നേതൃത്വത്തിലുള്ള പൊലിസ് അറസ്റ്റ് ചെയ്തത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി. നവംബര്‍ 19ന് പെരിങ്ങോട്ടുകര ഐ.ടി.ഐ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സി.പി.ഐ താന്ന്യം ലോക്കല്‍ കമ്മിറ്റി ഓഫിസായ എന്‍.സി സ്മാരകത്തിനു നേരെ ആക്രമണം നടക്കുകയും ഓഫിസില്‍ സൂക്ഷിച്ചിരുന്ന പാര്‍ട്ടി ഫണ്ടായ 25,000 രൂപ മോഷ്ടിക്കുകയും ചെയ്തത്.
ഓഫിസിലെ ആദ്യകാല നേതാക്കളുടെ ചിത്രങ്ങളും ഫര്‍ണിച്ചറുകളും തകര്‍ക്കുകയും ചെയ്തിരുന്നു. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തില്‍ പൊലിസ് സ്റ്റേഷന് മാര്‍ച്ചും എസ്.പി ഓഫിസ് മാര്‍ച്ചുള്‍പ്പെടെയുള്ള സമര പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. നേതൃത്വം ഇടപ്പെട്ട് ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ യാതൊരു ഒത്തു തീര്‍പ്പിന് പ്രാദേശിക നേതൃത്വം തയാറായിരുന്നില്ല. അതേ സമയം പ്രതികളെ അറസ്റ്റ് ചെയ്തത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയാണെന്നും മോഷണ കുറ്റം കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഇതില്‍ എസ്.എച്ച്.ഒ പി.കെ മനോജ് കുമാര്‍ ഗൂഢാലോചന നടത്തിയതായും സി.പി.ഐ നാട്ടിക മണ്ഡലം സെക്രട്ടറി സി.ആര് മുരളീധരന് ആരോപിച്ചു.കേസിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരുവാനും പൊലിസിന്റെ അന്യായത്തിനുമെതിരേ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും ഹൈക്കോടതിയില്‍ അന്യായം ഫയല്‍ ചെയ്യുമെന്നും മുരളീധരന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."