HOME
DETAILS
MAL
നീതി നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
backup
February 01 2020 | 05:02 AM
കൊച്ചി: ജോലി നിഷേധിച്ചതിന് ഹൈക്കോടതിയില്‍ കേസ് കൊടുത്തതിന്റെ പേരില്‍ പുത്തന്‍വേലിക്കര വിവേകചന്ദ്രിക സഭയില്‍ നിന്നും സസ്‌പെന്റ് ചെയ്ത യുവാവിന് ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ഇടപെട്ട് നീതി നടപ്പിലാക്കി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. സഭയില്‍ നിന്നും സസ്‌പെന്റ് ചെയ്യുക എന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ വ്യക്തമാക്കി. സഭയുടെ ബൈലോയില്‍ അങ്ങനെയൊരു വ്യവസ്ഥയുണ്ടെങ്കില്‍ അതു നിയമപരമായി നിലനില്‍ക്കുന്നതല്ല. കോടതിയില്‍ കേസ് കൊടുക്കുക എന്നത് ഏതൊരു പൗരന്റെയും അവകാശമാണെന്നും അതു നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കമ്മിഷന്‍ പറഞ്ഞു.
പുത്തന്‍വേലിക്കര പറമ്പില്‍ ഹൗസില്‍ രാഹുല്‍കൃഷ്ണ നല്‍കിയ പരാതിയിലാണ് നടപടി. ഒരു വാഹനാപകടത്തില്‍ പരുക്കേറ്റ രാഹുല്‍ കൃത്രിമ കാല്‍ ഉപയോഗിച്ചായിരുന്നു നടന്നിരുന്നത്. പുത്തന്‍വേലിക്കര വിവേകചന്ദ്രിക സഭാംഗമായ രാഹുല്‍കൃഷ്ണ സഭയുടെ കീഴിലുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അറ്റന്റര്‍ തസ്തികയിലേക്ക് അപേക്ഷ നല്‍കി. എന്നാല്‍ ഇന്റര്‍വ്യൂവിന് ക്ഷണിക്കാത്തതിനെ തുടര്‍ന്ന് രാഹുല്‍കൃഷ്ണ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. എന്നാല്‍ അംഗവൈകല്യത്തിന്റെ പേരില്‍ ജോലി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഭാരവാഹികള്‍ മാനസികമായി പീഡിപ്പിക്കുകയും ഊരുവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കമ്മിഷന്‍ വിവേകചന്ദ്രികാ സഭാ സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. ആരോപണങ്ങള്‍ സഭ നിഷേധിച്ചു.
എറണാകുളം സാമൂഹിക നീതി ഓഫിസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അറ്റന്റര്‍ തസ്തികയില്‍ ഭിന്നശേഷിയുള്ളവരെ പരിഗണിക്കില്ലെന്ന് പറയുന്നു. പരാതിക്കാരന് ഊരുവിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. ആറു മാസത്തെ സസ്‌പെന്‍ഷന്‍ മാത്രമാണ് സഭ നല്‍കിയിട്ടുള്ളത്. സഭക്കെതിരേ കേസുകൊടുത്താല്‍ സഭയുടെ ബൈലോ പ്രകാരം ഇക്കാലയളവില്‍ മരണവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ഒഴികെ മറ്റൊരു ചടങ്ങുകള്‍ക്കും പങ്കെടുക്കാന്‍ പാടില്ല. ഹൈക്കോടതിയിലെ കേസ് പിന്‍വലിച്ചാല്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കുമെന്ന് സഭ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടും പരാതിക്കാരനോട് നിസഹരണം തുടരുന്നതായി കമ്മിഷന്‍ നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."