തൃക്കോവില്‍വട്ടത്ത് കുടിവെള്ളക്ഷാമം രൂക്ഷം
കൊട്ടിയം: നിര്‍മാണം തൊണ്ണൂറു ശതമാനവും പൂര്‍ത്തിയായ കണ്ണനല്ലൂര്‍ ജലവിതരണ പദ്ധതിയുടെ ഉദ്ഘാടനം എങ്ങുമെത്താത്തതിനാല്‍ തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. കുടിവെള്ളത്തിനായി നടപടിയെടുക്കാതെ പഞ്ചായത്ത് അധികാരികള്‍. മുഖത്തല കുറുമണ്ണ, ചേരീക്കോണം, കള്ളിക്കാട്, വടക്കേമുക്ക്, മുരാരിമുക്ക് ഭാഗങ്ങള്‍ വെള്ളമില്ലാതെ വലയുകയാണ്.
സ്ഥലത്ത് ഏകദേശം എല്ലാ തോടുകളും നീര്‍ത്തടങ്ങളും ചെറിയ കുളങ്ങളും വറ്റിവരണ്ടിരിക്കുകയാണ്.കൊട്ടിഘോഷിച്ച കണ്ണനല്ലൂര്‍ ജലപദ്ധതി അനന്തമായി നീളുകയാണ്. ഉദ്ഘാടനം ഉടന്‍ എന്നു പറയാന്‍ തുടങ്ങിയിട്ട് തന്നെ ഒരുവര്‍ഷമാകുന്നു.
കണ്ണനല്ലൂര്‍മൈതാനത്ത് ടാങ്കും അനുബന്ധ കാര്യങ്ങളും നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു.
തൃക്കോവില്‍വട്ടം പഞ്ചായത്തിന് ഏറെ ഗുണമാകുമെന്ന കരുതിയ പദ്ധതിയാണ് അധികൃതരുടെ അനാസ്ഥയാല്‍ ഇഴയുന്നത്.മൂന്നരവര്‍ഷമായി പണിതീരാതെ കിടക്കുകയാണ് ജല പദ്ധതി. പൈപ്പുകള്‍ ഇതുവരെ മാറ്റാത്തതും പദ്ധതിയുടെ ഗുണഫലം ആളുകളിലെത്താന്‍ പ്രയാസമായിട്ടുണ്ടെന്നാണ് അറിയുന്നത്.
തൃക്കോവില്‍വട്ടത്തെ കിണറുകളെല്ലാം കഴിഞ്ഞ ഒരുമാസമായി വറ്റിവരളുകയും ചെയ്തിട്ടുണ്ട്. സമീപ പഞ്ചായത്തായ ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകള്‍ എല്ലാം വറ്റിവരണ്ടിരിക്കുകയാണ്. മൈലക്കാട് ഭാഗത്തും രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."