കലയുടെ കള്ളത്താക്കോലുകള്‍
പാരീസിലെ ഴാക്മാര്‍ട്ട് ആന്ദ്രേ മ്യൂസിയത്തിലെ ഒരു പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെ അലാന എന്ന പേരിലുളള കലാശേഖരണക്കാര്‍ എത്തിച്ചതും, 1503 ല്‍ ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ ജനിച്ച വിഖ്യാത ചിത്രകാരന്‍ ബ്രോണ്‍സിനൊ 1544 ല്‍ വരച്ചതുമായ വിശുദ്ധ കോസ്മാസ് എന്ന ചിത്രം ഫ്രഞ്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രദര്‍ശനത്തിനിടയില്‍ പിടിച്ചെടുത്തു. അത് ബ്രോണ്‍സിനൊയുടെ മൂലകൃതിയുടെ വ്യാജനിര്‍മ്മിതിയാണെന്ന സംശയമാണ് ഈ നടപടിക്ക് കാരണം.
പ്രമുഖരായ പല കലാകാരന്മാരുടേയും രചനകള്‍ക്ക് വ്യാജ പതിപ്പുകള്‍ ഉണ്ടാക്കി അവ യഥാര്‍ഥ ചിത്രമാണെന്ന് വിശ്വസിപ്പിച്ച് വന്‍വിലയ്ക്ക് വില്‍പ്പന നടത്തുന്ന കള്ളകലാവിപണി നൂറ്റാണ്ടുകളായി സജീവമാണ്. ഇത്തരത്തില്‍ വ്യാജരചനകള്‍ നിര്‍മിച്ചു നല്‍കുന്ന ചിത്രകാരന്മാര്‍ യൂറോപ്പില്‍ നിരവധിയാണ്. നല്ല കഴിവും രചനാമികവും പ്രകടിപ്പിക്കുന്ന പ്രതിഭാശാലികളാണ് ഈ രംഗത്തുളള പല ചിത്രകാരന്മാരുമെന്നത് അവിശ്വസനീയമായിത്തോന്നും.
പതിനാറാം നൂറ്റാണ്ടിലെ ഇറ്റാലിയന്‍ നവോഥാനകലയുടെയും മാനറിസത്തിന്റെയും വക്താവായി അറിയപ്പെടുന്ന ആഞ്ചലോ ദി കോസിമോയുടെ തൂലികാനാമമാണ് ബ്രോണ്‍സിനൊ. പ്രസിദ്ധമായ നിരവധി ക്ലാസിക് ചിത്രങ്ങള്‍ രചിച്ച ബ്രോണ്‍സിനൊയെ ദാവിഞ്ചിയേപ്പോലെയും മൈക്കേല്‍ ആഞ്ചലോയെപ്പോലെയും നവോഥാന ചിത്രകലയിലെ ഗണനീയ സാന്നിധ്യമായി കലാചരിത്രം കണക്കാക്കുന്നു. അതുകൊണ്ടു തന്നെ കലാ ലേലങ്ങളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് വന്‍ വിലയാണ് ലഭിക്കാറുളളത്
.
വടക്കേ ഇറ്റലിയിലെ ബൈസാന്റയിന്‍ മൊസൈക്കിന് പേരുകേട്ട എമിലിയ പട്ടണത്തില്‍ ജനിച്ച ലിനൊ ഫ്രോഞ്ചിയ എന്ന ചിത്രകാരനാണ് വിശുദ്ധ കോസ്മാസിന്റെ വ്യാജസൃഷ്ടിയുടെ കര്‍ത്താവെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു പറയുന്നു. ഴാക്മാര്‍ട്ട് ആന്ദ്രേ മ്യൂസിയത്തിലെ ആ പ്രദര്‍ശനത്തിലെ ഒട്ടു മിക്ക കലാസൃഷ്ടികളും വലിയ കലാശേഖരണത്തിനുടമയും ചിലിയിലെ ശതകോടീശ്വരനുമായ ആല്‍വാരോ സയിയുടെയും ഭാര്യ അന ഗുസ്മാന്റെയും പേരിലുളളതായിരുന്നു. ഫ്‌ളോറന്‍സിലെ പലാസോ സ്‌ട്രോസി എന്ന കലാകേന്ദ്രത്തിനുവേണ്ടി പ്രമുഖ കലാപരിപാലകരായ ഫിലിപ്പി കോസ്റ്റാമഗ്‌നയും കാര്‍ലോ ഫാള്‍സിയാനിയും ചേര്‍ന്ന് 2010ല്‍ സംഘടിപ്പിച്ച ബ്രോണ്‍സിനോയുടെ അനുസ്മരണ പ്രദര്‍ശനത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. 2011 ല്‍ അലാനയില്‍ നിന്നാണ് തങ്ങള്‍ ഈ ചിത്രം വാങ്ങിയതെന്ന് ആല്‍വാരോ ദമ്പതിമാര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കലാപരിപാലനത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച് ഈ രംഗത്ത് പ്രശോഭിക്കുന്നവരാണ് ഫിലിപ്പി കോസ്റ്റാമഗ്‌നയും കാര്‍ലേ ഫാള്‍സിയാനിയും. ഫ്രാന്‍സിലെ കോര്‍സിക്ക നഗരത്തിലെ അജാസിയോ മ്യൂസിയത്തിലെ ഫ്‌ളോറന്‍സ് രീതിയിലുളള ചിത്രങ്ങളെപ്പറ്റി വിലയിരുത്തുന്ന വിഭാഗം തലവനാണ് ഫിലിപ്പി. ഴാക്മാര്‍ട്ട് ആന്ദ്രേ മ്യൂസിയത്തിന്റെ കലാപരിപാലന വിഭാഗം തലവനാണ് കാര്‍ലോ. എന്നിട്ടും ഗുരുതരമായ ഈ തെറ്റ് കണ്ടുപിടിക്കാന്‍ ഇരുവര്‍ക്കുമായില്ലെന്നത് ദുരൂഹമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. പാരീസിലെ തന്റെ വസതിയില്‍ വച്ച് സാധാരണ രീതിയില്‍ നടത്താറുളള പരിശോധനയ്ക്കു ശേഷമാണ് അതു പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയതെന്നും ചിത്രം യഥാര്‍ഥമല്ലെന്ന് കണ്ടെത്താനാവശ്യമായ തെളിവുകളൊന്നും ചിത്രത്തില്‍ ഉണ്ടായിരുന്നില്ലെന്നും ഫിലിപ്പി അവകാശപ്പെട്ടു. മാത്രവുമല്ല, ചിത്രത്തില്‍ ചിത്രകാരന്‍ രചനക്കിടയില്‍ പല തവണ കാന്‍വാസില്‍ ചായം തേച്ചിരുന്നതിന്റെ ലക്ഷണങ്ങള്‍ ചിത്രത്തിന്റെ അപൂര്‍വത സംശയാതീതമാം വിധം വ്യക്തമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു ദുരാരോപണമാകാനേ സാധ്യതയുള്ളുവെന്ന് അദ്ദേഹം കരുതുമ്പോഴും മാനറിസ്റ്റ് കാലഘട്ടത്തിലെ ഒട്ടനവധി രചനകള്‍ ചിത്രകാരന്റെ ആദ്യഘട്ട രചനാരൂപരേഖകളെ ആശ്രയിച്ചോ, അതുമല്ലെങ്കില്‍ ചിത്രങ്ങളുടെ അച്ചടിച്ച പതിപ്പുകളെ ആധാരമാക്കിയോ വ്യാജമായി വരച്ചെടുത്ത് കലയുടെ കള്ളവിപണികളില്‍ വിറ്റഴിക്കുന്നുണ്ടെന്ന് രണ്ട് കലാപരിപാലകരും സമ്മതിക്കുന്നുണ്ട്. കലാവിപണിയിലെ ഒരു കച്ചവടക്കാരന്‍ തലപ്പാവ് വച്ച ഒരു ചെറുപ്പക്കാരന്റെ ഛായാച്ചിത്രം ഫിലിപ്പിയെ കാണിച്ചിട്ട് അത് പ്രസിദ്ധനായ പോണ്ടോര്‍മോയുടെതാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അത് തീര്‍ച്ചയായും വ്യാജമാണെന്ന് താന്‍ തിരിച്ചറിഞ്ഞെന്നും കാരണം അതില്‍ ചിത്രകാരന്‍ പല അടരുകളായി തേച്ചു പിടിപ്പിക്കാറുള്ള ചായങ്ങള്‍ ലവലേശം കണ്ടെത്താനായില്ലെന്നും എന്നാല്‍ ബ്രോണ്‍സിനോയുടെ വിശുദ്ധ കോസ്മാസ് യഥാര്‍ഥ രചനയാണെന്നും ഫിലിപ്പി വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു.
കലാമോഷണം ഒരു പുതിയ കാര്യമല്ല. നൂറ്റാണ്ടുകളായി അവ നടക്കുന്നുണ്ട്. പഴയ കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ കലയുടെ വ്യാജസൃഷ്ടികളെ കണ്ടുപിടിക്കാനുതകുന്ന നൂതന സാങ്കേതിക വിദ്യകള്‍ വികസിതമായിട്ടുണ്ട്. കലാസൃഷ്ടിയുടെ പഴക്കം, രചയിതാവിന്റെ കയ്യൊപ്പ് പരിശോധന, രചയിതാവിന്റെ രചനാരീതി വിശകലനം ചെയ്യല്‍ തുടങ്ങി, ഉപയോഗിച്ചിരിക്കുന്ന ചായങ്ങളുടെ കാലഗണന കണക്കാക്കുന്ന രാസപരിശോധന വരെ പല രീതികള്‍ ഇന്ന് നിലവിലുണ്ട്.
കലാമോഷണത്തില്‍ പ്രധാനമായും മൂന്ന് ഘടകങ്ങളെ പ്രതിനിധാനം ചെയ്യുന്നവരാണ് സാധാരണ പങ്കാളികളാകുക. മൂലകൃതിയെ അതേപടി ഒട്ടും സംശയിക്കാത്ത വിധം പകര്‍ത്തി വരയ്ക്കാനറിയുന്ന കലാകാരനാണ് ഈ ശ്രേണിയിലെ പ്രധാന കണ്ണി. വരച്ചുകഴിഞ്ഞ കലാസൃഷ്ടി മൂലകൃതിതന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന വിദഗ്ധ കലാപരിപാലകരാണ് മറ്റൊരു പ്രധാന കണ്ണിയാവുക. ഒരു കലാസൃഷ്ടി നിസ്സംശയം വ്യാജമാണെന്ന് തിരിച്ചറിയുന്ന വിശാരദന്മാരുടെ സംഘമാണ് മൂന്നാമതായി വരിക. വ്യാജകലയുടെ നിര്‍മാണവും വില്‍പ്പനയുമെല്ലാം വലിയ അധ്വാനമില്ലാതെ കൈ നിറയെ കാശു കിട്ടുന്ന ഒരു രംഗമായി ഇന്ന് വികസിച്ചിട്ടുണ്ട്.
സ്വിറ്റ്‌സര്‍ലാന്റിലെ ഫൈന്‍ ആര്‍ട്‌സ് എക്‌സ്‌പെര്‍ട്ട് ഇന്‍സ്റ്റിസ്റ്റൂട്ട് ഒരു പഠനത്തില്‍ പറയുന്നത് രണ്ടായിരത്തി പതിനാലില്‍ ലോകത്തെ ഒന്നാം കിട കലാവിപണികളില്‍ നടന്ന നാല്‍പത്തിയഞ്ച് ബില്യണ്‍ ഡോളറിന്റെ കലാകച്ചവടത്തില്‍ പകുതിയും വ്യാജരചനകളായിരുന്നുവെന്നാണ്. തങ്ങള്‍ക്ക് കിട്ടുന്ന കലാവസ്തുക്കള്‍ യഥാര്‍ഥത്തില്‍ മൂലകൃതി തന്നെയാണോയെന്ന് തിരിച്ചറിയാന്‍ കലാശേഖരണക്കാര്‍ക്ക് കഴിയുന്നില്ല. പലപ്പോഴും വാങ്ങിയതിന് ശേഷം മറ്റേതെങ്കിലും കലാകേന്ദ്രത്തില്‍ വില്‍പ്പനയ്‌ക്കോ പ്രദര്‍ശനത്തിനോ വയ്ക്കുമ്പോഴാണ് അത് വ്യാജമാണെന്ന് പരാതിയുയരുന്നത്. വന്‍വിലകൊടുത്ത് വാങ്ങി ഏറേ കഴിയുമ്പോഴാണ് അത് വ്യാജമാണെന്ന് തിരിച്ചറിയുന്നത്. അതുണ്ടാക്കുന്ന മാനക്കേടും ധനനഷ്ടവും ഈ രംഗത്തു നിന്ന് പിന്മാറാന്‍ പലരയും പ്രേരിപ്പിക്കുന്നുണ്ട്.
2018 ജനുവരിയില്‍ ബെല്‍ജിയത്തെ ഘന്റില്‍ മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്‌സ് ഇരുപത്തിയാറ് വ്യാജചിത്രങ്ങളുടെ ഒരു പ്രദര്‍ശനം നടത്തി. ഇരുപതാം നൂറ്റാണ്ടിലെ വിശ്രുത റഷ്യന്‍ ചിത്രകാരന്‍ കാസിമിര്‍ മലെവികിന്റെയും വാസിലി കാന്‍ഡിന്‍സ്‌കിയുടേയും മൂലകൃതികളുടെ വ്യാജ നിര്‍മിതികളായിരന്നു അവ. അതേ ജനുവരിയില്‍ത്തന്നെ ടെലഗ്രാഫ് പത്രം മറ്റൊരു വ്യാജകലാപ്രദര്‍ശനത്തെപ്പറ്റി വാര്‍ത്ത നല്‍കിയിരുന്നു. ജനോവയിലെ പലാസോ ഡ്യുകയ്‌ലില്‍ അമേദിയോ മോദിഗല്‍യാനിയുടെ ഇരുപത്തിയൊന്ന് ചിത്രങ്ങളുടെ വ്യാജനിര്‍മിതികള്‍ പ്രദര്‍ശനത്തിന് വച്ചു. ഇത് തിരിച്ചറിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ അവ പിടിച്ചെടുത്തു. മോദിഗല്‍യാനിയുടെ ചിത്രങ്ങളെപ്പറ്റി ഗവേഷണം ചെയ്യുന്ന പണ്ഡിതന്‍ മാര്‍ക് റെസ്റ്റലിനി പറയുന്നത്, ലോകത്ത് ഏറ്റവുമധികം വ്യാജചിത്രങ്ങള്‍ വിറ്റുപോയിട്ടുളളത് മോദിഗല്‍യാനിയുടെതാണെന്നാണ്. ഏകദേശം ആയിരത്തിലധികം വരും അവയുടെ എണ്ണം. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തെക്കേ ഫ്രാന്‍സിലെ എറ്റിയാനെ ടെറസ് എന്ന ഫ്രഞ്ച് ചിത്രകാരന്റെ ഓര്‍മയ്ക്കായി സ്ഥാപിച്ചിട്ടുളള എറ്റിയാനെ ടെറസ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുളള എറ്റിയാനെയുടെ എണ്‍പത് ചിത്രങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
വ്യാജനിര്‍മിതികളുടെ ഈ കഥകള്‍ ഇവിടെ അവസാനിക്കുന്നില്ല. മറ്റു പലതിനേയും പോലെ കലയും മാഫിയ സംഘങ്ങള്‍ കയ്യടക്കിയ ഒരു കാലത്ത് കലയുടെ ശാശ്വതമൂല്യങ്ങള്‍ക്ക് എന്തര്‍ഥമെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം
പറയാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."