ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ്
ന്യൂഡല്‍ഹി: ഗൗതം അദാനിക്കെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി വീണ്ടും ഹിന്‍ഡന്‍ബര്‍ഗ്. അദാനിയുമായി ബന്ധപ്പെട്ട അഞ്ച് അക്കൗണ്ടുകള്‍ സ്വിസ് അധികൃതര്‍ മരവിപ്പിച്ചതായാണ് വെളിപെടുത്തല്‍. അദാനിക്കെതിരെ സ്വിറ്റ്‌സര്‍ലന്റില്‍ അന്വേഷണം നടക്കുന്നുവെന്നും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍, വ്യാജ സെക്യൂരിറ്റി തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട അന്വേഷത്തിന്റെ ഭാഗമായാണ് അദാനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. അഞ്ച് അക്കൗണ്ടുകളിലായി 310 മില്യണ്‍ ഡോളറിലധികം പണമാണ് അദാനിയുടേതായി സ്വിസ് അധികൃതര്‍ തടഞ്ഞുവെച്ചിരിക്കുന്നതെന്നും ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കുന്നു. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദാനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
അതിനിടെ, ആരോപണം തള്ളി അദാനി ഗ്രൂപ്പ് രംഗത്തെത്തി.സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏതെങ്കിലും കോടതി നടപടികളില്‍ തങ്ങള്‍ ഭാഗമല്ല. തങ്ങളുടെ അക്കൗണ്ടുകളില്‍ നിന്ന് ഒരു തരത്തിലുള്ള പണം പിടിച്ചെടുക്കലുമുണ്ടായിട്ടില്ല. പറയപ്പെടുന്ന കോടതി ഉത്തരവില്‍ തങ്ങളുടെയോ ഗ്രൂപ്പ് കമ്പനികളുടെയോ പേരുപോലും പരാമര്‍ശിച്ചിട്ടില്ല. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യവും നിയമവിധേയവുമാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ ബി.വി.ഐ/മൗറീഷ്യസ്, ബെര്‍മുഡ എന്നിവിടങ്ങളില്‍ അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തിയത് എങ്ങനെയാണെന്ന് 2021ല്‍ പ്രോസിക്യൂട്ടര്‍മാര്‍ വിശദമാക്കിയതായും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു. സ്വിസ് മീഡിയ ഔട്ട്‌ലെറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടുകളും സ്വിസ് ക്രിമിനല്‍ കോടതിയുടെ കൈവശമുള്ള രേഖകളെയും ഉദ്ധരിച്ചായിരുന്നു പ്രോസിക്യൂട്ടര്‍മാര്‍ വിശദീകരണം നല്‍കിയതെന്നും ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കി.
ഹിന്‍ഡന്‍ബര്‍ഗ് അന്വേഷണം നടത്തുന്നതിന് മുന്നോടിയായി ജനീവ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ഓഫീസ് അദാനിക്കെതിരെ അന്വേഷണം നടത്തിയിരുന്നുവെന്നായിരുന്നു സ്വിസ് മീഡിയ ഔട്ട്‌ലെറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട്. പ്രസ്തുത റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സ്വിറ്റ്‌സര്‍ലന്റ് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അദാനിക്കെതിരെ അന്വേഷണം ആരംഭിച്ചത്.
2023 ജനുവരിയിലും അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികള്‍ ഓഹരി വിപണിയില്‍ കൃത്രിമത്വവും തട്ടിപ്പും നടത്തിയെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. റിസേര്‍ച്ച് സ്ഥാപനത്തിന്റെ കണ്ടെത്തല്‍ അദാനി ഗ്രൂപ്പ് തള്ളുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."