സംരംഭക രംഗത്ത് വനിതാ മുന്നേറ്റം; ചെറുകിട സംരംഭകരില്‍ 25 ശതമാനവും വനിതകള്‍
മലപ്പുറം: സംസ്ഥാനത്ത് സംരംഭക രംഗത്തേക്ക് കടന്നുവരുന്ന വനിതകളുടെ എണ്ണം വര്‍ധിക്കുന്നു. ചെറുകിട വ്യവസായങ്ങളുടെ വളര്‍ച്ചയേക്കാള്‍ കൂടുതലാണ് നിലവില്‍ വനിതാ സംരംഭകരുടെ വളര്‍ച്ചാനിരക്കെന്നാണ് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തിനിടക്ക് വനിതാ സംരംഭക മേഖലയില്‍ വന്‍ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. 2014ല്‍ 58774 സംരംഭകരായിരുന്നു കേരളത്തിലുണ്ടായിരുന്നത്. തൊട്ടടുത്ത വര്‍ഷം അത് 62506 ആയി വര്‍ധിച്ചു. 6.35 ശതമാനത്തിന്റെ വര്‍ധനവാണ് ഒരു വര്‍ഷത്തിനിടെയുണ്ടായത്. നിലവില്‍ സംസ്ഥാനത്തുള്ള ചെറുകിട സംരംഭങ്ങളില്‍ 25 ശതമാനത്തിലേറെയും നിയന്ത്രിക്കുന്നത് വനിതകളാണ്. സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പിന്റേതാണ് പുതിയ കണക്കുകള്‍.
കേരളത്തില്‍ സ്വന്തമായി സംരംഭം നടത്തി വിജയിപ്പിച്ച് മാതൃക കാണിക്കുന്ന വനിതകളുടെ എണ്ണം കുതിച്ചുയരുകയുമാണ്. 1995 മുതലാണ് വനിതകള്‍ സ്വന്തം സംരംഭവുമായി മുന്നോട്ടുവരാന്‍ തുടങ്ങിയത്. ആദ്യം കൈതൊഴില്‍ സംരംഭങ്ങളായിരുന്നുവെങ്കില്‍ ഇപ്പോള്‍ വന്‍ കയറ്റുമതി സംരംഭങ്ങള്‍തന്നെ നടത്തുന്നുണ്ട്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് മൊത്തം 249866 ചെറുകിട വ്യവസായ യൂനിറ്റുകളാണെന്നാണ് കണക്ക്. ഇതില്‍ 25 ശതമാനവും നിയന്ത്രിക്കുന്നത് വനിതകളാണ്.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ സംരംഭകരുള്ളത്. ഇവിടെ 8300 വനിതാ സംരംഭകരാണ് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. കുറവ് വയനാട് ജില്ലയിലാണ് 1477 യൂനിറ്റുകളാണ് ഇവിടെയുള്ളത്. സംസ്ഥാനത്താകെയുള്ള 494 കൈത്തറി സൊസൈറ്റികളില്‍ നെയ്ത്തുകാരായി ജോലി ചെയ്യുന്നത് 20713 പേരാണ്. ഇതില്‍ 13795 പേരും വനിതകളാണ്. ഇത് മൊത്തം തൊഴിലാളികളുടെ 67 ശതമാനം വരും. സംസ്ഥാനത്താകെയുള്ള 3453 സ്വകാര്യ മെഡിക്കല്‍ ലബോട്ടറികളില്‍ 1648 എണ്ണം വനിതകളുടെ ഉടമസ്ഥതയിലുള്ളതാണ്. കുടുംബശ്രീ യൂനിറ്റുകള്‍ക്ക് കീഴില്‍ 70,000 സംരംഭങ്ങളുണ്ടെന്നും ഇതുവഴി ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനം നടന്നുപോകുന്നുണ്ടെന്നുമാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."