സര്‍ക്കാരിന്റെ ദൂരപരിധി തീരുമാന നിയമം ഹൈറേഞ്ചിലേക്കുള്ള 54 സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് തിരിച്ചടിയാകും
കോതമംഗലം: ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി ബസ് സര്‍വീസിന്റെ ദൂരപരിധി 140 കിലോമീറ്ററാക്കാനുള്ള പുതിയ തീരുമാനം എറണാകുളത്തു നിന്നും കോതമംഗലം വഴി ഹൈറേഞ്ചിലേക്കുള്ള 54 സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് തിരിച്ചടിയാകും. ഹൈറേഞ്ചിലേക്ക് സര്‍വീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകളെ ബാധിക്കുമെന്നാണ് സൂചന.
കൊച്ചിയില്‍ നിന്നും ദേവികുളം, പൂപ്പാറ, കട്ടപ്പന, മൂന്നാര്‍, കാന്തല്ലൂര്‍, കോവിലൂര്‍, കുമളി, തേക്കടി, രാജാക്കാട്, നെടുങ്കണ്ടം തുടങ്ങിയ ഇടങ്ങളിലേക്ക് കോതമംഗലം വഴി പോകുന്ന ബസുകള്‍ നിയമം പ്രാബല്യത്തിലാകുന്നതോടെ കോതമംഗലത്തു നിന്നുമായിരിക്കും ആരംഭിക്കുക. ഇതോടെ ഹൈറേഞ്ചുകാര്‍ക്ക് നേരിട്ട് എറണാകുളത്ത് എത്താനുള്ള സൗകര്യവും നഷ്ടമാകും.
ഇതോടൊപ്പം കോതമംഗലം നഗരത്തില്‍ നിലവിലുള്ള ബസ് സ്റ്റാന്റുകളില്‍ കൂടുതല്‍ സൗകര്യമെരുക്കേണ്ടതായും വരും. ഇത്തരം സര്‍വീസുകള്‍ 140 കിലോമീറ്റര്‍ പരിധിക്കു പുറത്തായതിനാല്‍ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ഗണത്തില്‍ ഉള്‍പ്പെടാന്‍ ഇനി നിവൃത്തിയില്ല. അതിനാല്‍ ഇവ പെര്‍മിറ്റ് തീരുന്ന മുറയ്ക്കു നിര്‍ത്താലക്കേണ്ടിവരും.
പരമാവധി നാലു മാസമാണു കൂടുതല്‍ ബസുകളുടെയും പെര്‍മിറ്റുകളുടെ കാലാവധിയെന്നതിനാല്‍ തീരുമാനം നടപ്പില്‍വന്നു നാലു മാസത്തിനകം സര്‍വീസുകള്‍ക്ക് ബ്രേക്ക് വീഴും. ഇത്തരം റൂട്ടുകളില്‍ ഇനി കെ.എസ്.ആര്‍.ടി.സിയുടെ ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി അല്ലാത്ത ബസുകള്‍ ഓടിക്കാന്‍ മാത്രമേ സാധിക്കൂ.
പുതിയ നിയമം കെ.എസ്.ആര്‍.ടി.സിക്കും ബാധകമാണെങ്കിലും അത്തരം റൂട്ടുകള്‍ ഫാസ്റ്റ് പാസഞ്ചര്‍, ഡീലക്‌സ്, എക്‌സ്പ്രസ് തുടങ്ങിയ റൂട്ടുകളാക്കി മാറ്റിയായിരിക്കും കെ.എസ്.ആര്‍.ടി.സിക്ക് സര്‍വീസ് നടത്തുക.
ഇതിനു കെ.എസ്.ആര്‍.ടി.സിക്ക് നിയമ പരിരക്ഷയുണ്ടെന്നും ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലം വഴി കടന്നുപോകുന്നതും എറണാകുളത്തു നിന്നും മാത്രം പുറപ്പെടുന്നതുമായ 54 ബസുകളാണ് ഉള്ളത്.
ദൂരപരിധി സംബന്ധിച്ച സര്‍ക്കാരിന്റെ പുതിയ നിയമം ബസ്സുടമകളായ തങ്ങള്‍ക്ക് ഇരുട്ടടിയാണ് നല്‍കിയിരിക്കുന്നതെന്ന് കേരള പ്രൈവറ്റ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോതമംഗലം താലൂക്ക് പ്രസിഡന്റ് ജോജി എടാറ്റില്‍ പറഞ്ഞു. ബാങ്ക് ലോണെടുത്താണ് പലരും ബസ്സുകള്‍ വാങ്ങിയിരിക്കുന്നത്. തീരുമാനം ആത്മഹത്യാപരമാണെന്നും ഒട്ടേറെ ബസുടമകളെ നഷ്ടത്തിലാക്കുമെന്നും അവര്‍ വ്യക്തമാക്കി.
ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസ് സര്‍വീസിന്റെ ദൂരപരിധി 140 കിലോമീറ്ററാക്കണമെന്ന കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘകാല ആവശ്യമാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. എന്നാല്‍, മുഴുവന്‍ റൂട്ടുകളിലും സര്‍വീസ് ആരംഭിക്കാന്‍ ആവശ്യമായ ബസ് കെ.എസ്.ആര്‍.ടി.സി.ക്ക് ഇല്ല എന്നത് ഹൈറേഞ്ചിലേക്ക് യാത്രാക്ലേശം വര്‍ധിപ്പിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."