ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം: പ്രതിപക്ഷ ആവശ്യം സഭ വോട്ടിനിട്ടു തള്ളി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷനേതാവിന്റെ പ്രമേയം വീണ്ടും കാര്യോപദേശക സമിതിക്കു വിടില്ല. കാര്യോപദേശക സമിതിക്കു വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിയമസഭ വോട്ടിനിട്ടു തള്ളി. ജനങ്ങളെ വഞ്ചിച്ചു ഗവര്‍ണറെ സംരക്ഷിച്ചതിന് സി.പി.എം വലിയ വില കൊടുക്കേണ്ടിവരുമെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രമേയം തള്ളിക്കൊണ്ടുള്ള കാര്യോപദേശക സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയാണു സഭയില്‍ വച്ചത്. ഇതില്‍ ഉപക്ഷേപം ഉന്നയിച്ച പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ആഞ്ഞടിച്ചു.
കേരളത്തെ അവഹേളിച്ച ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുന്നതില്‍ യാതൊരു അപാകതയുമില്ലെന്നും പ്രമേയം കാര്യോപദേശ സമിതിക്കു വിടണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇരട്ടമുഖമാണ്. പൗരത്വനിയമ ഭേദഗതിയെ പരസ്യമായി തള്ളുകയും എന്നാല്‍ ഗവര്‍ണറുമായി ഒത്തുകളിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടാമോ എന്നതാണ് പ്രശ്‌നമെന്നും ഗവര്‍ണറുടെ പദവി ദുരുപയോഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് പ്രതിപക്ഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
തുടര്‍ന്ന് ഉപക്ഷേപത്തിന്‍മേല്‍ പ്രതിപക്ഷം വോട്ടിങ് ആവശ്യപ്പെട്ടു. 37 നെതിരെ 73 വോട്ടുകള്‍ക്ക് ഉപക്ഷേപം നിയമസഭ തള്ളി. ഫലത്തില്‍ ഭരണപക്ഷം ഗവര്‍ണറുടെ നിലപാടുകള്‍ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തുന്ന സ്ഥിതിയാണുണ്ടായത്.
ഗവര്‍ണര്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളെയുമാണ് അവഹേളിച്ചതെന്നും 140 അംഗങ്ങളുള്ള നിയമസഭ ഇത്തരമൊരു പ്രമേയം പാസാക്കുമ്പോള്‍ അത് വലിയൊരു സന്ദേശമാകുമായിരുന്നെന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു.
ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ മുഖ്യമന്ത്രി എന്തിനാണ് മുഖംതിരിച്ചു നില്‍ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഗവര്‍ണര്‍ പ്രതിപക്ഷത്തെ ഒന്നും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെയും സ്പീക്കറെയുമാണ് അവഹേളിച്ചത്. തന്റെ അഭിപ്രായം ഇതല്ലെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടതുകൊണ്ടു മാത്രം നയപ്രഖ്യാപനത്തിലെ പതിനെട്ടാം ഖണ്ഡിക വായിക്കുന്നു എന്നും ഗവര്‍ണര്‍ പറഞ്ഞപ്പോള്‍ കൈയടിച്ചവരാണ് ഭരണപക്ഷ അംഗങ്ങളെന്നും മുനീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."