ചാപ്പാ കോളനിയില്‍ ജീവിതം നരകതുല്യം
മാനന്തവാടി: സര്‍ക്കാരിന്റെ തൊണ്ടര്‍നാട് പാക്കേജിലുള്‍പെട്ട ചാപ്പാ കോളനിയില്‍ ജീവിതം ഇപ്പോഴും നരകതുല്യം. മാവോയിസ്റ്റുകളുമായി വെടിവെപ്പുണ്ടായ ചാപ്പാ കോളനിയില്‍ സന്ദര്‍ശനം നടത്തവേ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് കോളനികളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി പാക്കേജ് പ്രഖ്യാപിച്ചത്. എന്നാല്‍ 2015ല്‍ പൂര്‍ത്തിയാകേണ്ട പദ്ധതി ഇതുവരെ പാതി പോലും പിന്നിട്ടിട്ടില്ല.
അഞ്ച് കുടുംബങ്ങള്‍ താാമസിക്കുന്ന ചാപ്പകോളനിയുടെ അവസ്ഥ ദയനീയമാണ്. റോഡ് പണി രണ്ടു വര്‍ഷമായിട്ടും പൂര്‍ത്തിയായിട്ടില്ല. നേരത്തെ ഉണ്ടായിരുന്ന ഭാഗങ്ങള്‍ ചെറിയ തോതില്‍ നവീകരിച്ചതൊഴിച്ചാല്‍ മഴക്കാലത്ത് കാല്‍നടയാത്ര പോലും സാധ്യമല്ലാത്ത റോഡാണ് നിലവിലുള്ളത്. റോഡില്ലാത്തത് കൊണ്ട് തന്നെ മൂന്നര ലക്ഷത്തിന് വീട് പണി പൂര്‍ത്തീകരിക്കാനാവാത്തത് കാരണം ആരും പുതിയ വീട് പണി ഏറ്റെടുത്തില്ല. പ്രായാധിക്യത്താല്‍ പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത കാളിമൂല കേളുവിന്റെ ഭാര്യ അമ്മിണിയും മക്കളും ഇപ്പോഴും താമസിക്കുന്നത് പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് പൊതിഞ്ഞ കൂരയിലാണ്. മറ്റൊരു കുടുംബ നാഥയായ കുംബക്ക് പദ്ധതി പ്രകാരം ലഭിച്ച പശുവിനെയും കൊണ്ട് പുലിവാല്‍ പിടിച്ചിരിക്കുകയാണ്. പശുവിനൊപ്പം ലഭിക്കുമെന്ന് പറഞ്ഞിരുന്ന പുല്ല് വളര്‍ത്താനുള്ള സാമ്പത്തിക സഹായം ലഭ്യമായിട്ടില്ല. ഇപ്പോള്‍ തൊട്ടടുത്ത തോട്ടങ്ങളില്‍ കെട്ടിയാണ് പശുവിനെ വളര്‍ത്തുന്നത്. പാല്‍ വില്‍പ്പന നടത്താന്‍ കാട്ടാന ഭീഷണിയുള്ള കാട്ടു വഴിയിലൂടെ ഒന്നര കിലോമീറ്റര്‍ നടക്കണം. റോഡും പശു പരിപാലനത്തിനുള്ള സഹായവും നിലച്ചതോടെയാണ് പശുവിനെ വേണ്ടിയിരുന്നില്ലെന്ന് ഇവര്‍ക്ക് ബോധ്യമായത്. ഇവരുടെ വീടും പതിറ്റാണ്ടുകളുടെ പഴക്കമുള്ളതും മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്നതുമാണ്. ചാപ്പ കോളനിയിലെ മറ്റൊരു കുടുംബമായ രാമന്‍ അമ്മു കുടുംബത്തിനും പദ്ധതിയുടെ പേരില്‍ വീട് ലഭിച്ചിട്ടില്ല.
അടിസ്ഥാന വികസനമെന്ന പേരില്‍ നടപ്പിലാക്കിയ പദ്ധതിയില്‍പെടുത്തി കോളനിയില്‍ കുടിവെള്ളമോ കക്കൂസ് നിര്‍മാണമോ നടത്തിയില്ല. കുടിവെള്ളത്തിന് ഇപ്പോഴും ഇവര്‍ ആശ്രയിക്കുന്നത് വേനലില്‍ വറ്റുന്ന നീരരുവിയെയാണ്. മാവോവാദി നേതാവ് രൂപേഷിനെ പിടി കൂടുന്നതിന് മുമ്പായി നിരവധി തവണ മാവോവാദികള്‍ ഈ കോളനിയിലെത്തിയിരുന്നു. ഈ സമയങ്ങളിലെല്ലാം കോളനി നിവാസികളുടെ ക്ഷേമാന്വേഷണങ്ങള്‍ക്കായി ജനമൈത്രി പൊലിസ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കോളനികളിലെത്താറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ട്രൈബല്‍ പ്രെമോട്ടര്‍ പോലും കോളനിയില്‍ വന്നു വിവരങ്ങളെടുക്കാറില്ലെന്ന് ആദിവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."