വേമ്പനാട്ട് കായലില്‍ അനധികൃത ഖനനം തകൃതി: മൈനിംഗ് ആന്റ് ജിയോളജി സ്‌ക്വാഡ് ഉറക്കത്തില്‍
കുട്ടനാട് : അധികൃതരുടെ ഒത്താശയോടെ വേമ്പനാട്ട് കായലില്‍ അനധികൃത ഖനനം തകൃതി. ഖനനം തടയാന്‍ മൈനിംഗ് ആന്റ് ജിയോജി വകുപ്പിന്റെ കീഴില്‍ സ്ഥാപിച്ച സ്‌ക്വാഡ് ഉറക്കത്തിലായതോടെ ഇവിടെ നിന്നും വ്യാപകമായി മണലും ചെളിയും കടത്തുന്നു. പരിസ്ഥിതി സംഘടനകളുടെ മുറവിളികള്‍ക്കൊടുവിലാണ് പരിശോധനയ്ക്കായി സ്‌ക്വാഡായത്. എന്നാല്‍ വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണെന്ന് ഇവര്‍ പറയുന്നു.
ആലപ്പുഴ ,കോട്ടയം ,എറണാകുളം ജില്ലകളിലെ അനധികൃത ഖനനത്തിനെതിരെ നടപടി സ്വീകരിക്കല്‍ സിലിക്കാ മണല്‍, കക്കാ ചെളി ഖനനവും തടയുക എന്നിവയായിരുന്നു സ്‌ക്വാഡിന്റെ ചുമതല.എന്നാല്‍ യാതൊരു പരിശോധനയും സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ നടത്തുന്നില്ല. വാഹന സൗകര്യങ്ങള്‍ അടക്കം സ്‌ക്വാഡിന് നല്‍കിയെങ്കിലും അനധികൃത മണല്‍ഖനനം കണ്ടെത്തുന്നതിനു വേണ്ടി മാത്രം വാഹനം ഓടിയില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
2015-2016 കാലയളവില്‍ എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി പാസില്ലാതെ കായലില്‍ അനധികൃത ഖനനം നടത്തിയതിന്റെ പേരില്‍ ഇരുന്നൂറിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും മൈനിംഗ് ആന്റ് ജിയോളജിയിലെ സ്‌ക്വാഡ് ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നതാണ് വിചിത്രം. ആലപ്പുഴയിലെ ചേര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഓഫീസില്‍ ഖനനവുമായി ബന്ധപ്പെട്ട് ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലായെന്ന് വിവരാവകാശ രേഖയില്‍ , വ്യക്തമാക്കുന്നുണ്ട്.
കൂടാതെ മൂന്ന് ജില്ലകളിലുമായി പോലീസ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എണ്ണ മെത്രയെന്നതും മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന് അറിയില്ല. ഈ വകുപ്പിന് പുറമേ റവന്യൂ പോലീസ് ഉദ്യോഗസ്ഥരുടെ സഹായവും അനധികൃത ഖനനത്തിന് ലഭിക്കുന്നുണ്ടെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടി കാണിക്കുന്നത്. ഇത്തരത്തില്‍ വേമ്പനാട്ട് കായലില്‍ ഖനന ലോബി പിടിമുറുക്കുമ്പോള്‍ കായലില്‍ പല ഭാഗത്തും അസാധാരണമായ നിലയില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടുവെന്നും പഠനത്തില്‍ തെളിഞ്ഞിരുന്നു.
മണല്‍ ലോബികളുടെ കീഴില്‍ രാത്രി കാലങ്ങളില്‍ മണല്‍ ചെളി എന്നിവ കടത്തുന്നതിന് നൂറു കണക്കിന് തൊഴിലാളികളുമുണ്ട്. മുഹമ്മ, തൈക്കാട്ടുശ്ശേരി, പായിപ്പാട് ,കുമരകം ,ആര്‍ ബ്ലോക്ക്, സി ബ്ലോക്ക് എന്നിവങ്ങളില്‍ നിന്ന് മണലിനൊപ്പം ഇപ്പോള്‍ ചെളിയും കക്കയും അനധികൃതമായി ഖനനം ചെയ്യുന്നുണ്ട്. ഹൗസ് ബോട്ടുകളില്‍ നിന്നും അല്ലാതെയും കായലില്‍ വീഴുന്നവര്‍ ഇത്തരം കൂറ്റന്‍ കുഴികളില്‍പ്പെട്ടാണ് പലപ്പോഴും മരണമടയുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ മരണസംഖ്യയും കാരണങ്ങളും പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നാണ് കുട്ടനാട്ടിലെ ജനങ്ങള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."