ഗുര്‍മെഹറിനും രക്ഷയില്ല; ദാവൂദ് ഇബ്രാഹിമിനോട് ഉപമിച്ച് ബി.ജെ.പി
ന്യൂഡല്‍ഹി: രാംജാസ് കോളജിലെ എ.ബി.വി.പി ആക്രമണത്തിനെതിരേ കാമ്പയില്‍ ആരംഭിച്ച കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളും ഡല്‍ഹി സര്‍വ്വകലാശാലാ വിദ്യാര്‍ഥിനിയുമായ ഗുര്‍മെഹര്‍ ഖൗറിനെ ദാവൂദ് ഇബ്രാഹീമുമായി ഉപമിച്ച് ബി.ജെ.പി നേതാക്കള്‍. കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജുവടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് ഗുര്‍മെഹറിനെതിരേ അസഹിഷ്ണുത നിറഞ്ഞ വാക്കുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
ബി.ജെ.പി എം.പി പ്രതാപ് സിംഹ ദാവൂദ് ഇബ്രാഹീമുമായി താരതമ്യം ചെയ്തതിനു പിന്നാലെയാണ് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു ട്വിറ്ററിലൂടെയും രംഗത്തെത്തിയത്. ഗുര്‍മെഹറിന് ആരുടെയെങ്കിലും സ്വാധീനമുണ്ടായിട്ടുണ്ടാകുമെന്നാണ് കിരണ്‍ റിജ്ജു ട്വീറ്റ് ചെയ്തത്.
'ആരാണ് ഈ ചെറിയ പെണ്‍ മനസ്സ് അശുദ്ധമാക്കുന്നത്? ഒരു ശക്തമായ സൈന്യം യുദ്ധം തടുക്കും. ഇന്ത്യ ഒരിക്കലും ആരെയും ആക്രമിച്ചിട്ടില്ല. പക്ഷെ, ഒരു ബലഹീന ഇന്ത്യയും ആക്രമിക്കപ്പെട്ടിരുന്നു.' ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ട്വീറ്റ് ചെയ്തു. റിജ്ജുവിന്റെ ട്വീറ്റ് വലിയ രാഷ്ട്രീയ വിവാദത്തിനും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
ഗുര്‍മെഹര്‍ കൗറിന്റെ എ.ബി.വി.പിയ്‌ക്കെതിരേയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. എ.ബി.വി.പിയെ ഭയമില്ലെന്ന ഫോട്ടോ മുഖചിത്രമാക്കിയിട്ട പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 'എനിക്ക് എ.ബി.വി.പിയെ ഭയമില്ല, ഞാന്‍ ഒറ്റയ്ക്കല്ല, ഈ രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥികളും എനിക്കൊപ്പമുണ്ട്' എന്ന് എഴുതിയ പേപ്പറുമായി നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ഗുല്‍മെഹര്‍ ഫെയ്‌സ്ബുക്കിലും, ട്വിറ്ററിലും, ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."