ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പാക്കല്‍; ഇ ഓഫിസ് വേഗത്തിലാക്കാന്‍ തീരുമാനം
കാക്കനാട് : ഏപ്രില്‍ ഒന്നിന് ജില്ലയിലെ 73 വില്ലേജ് ഓഫീസുകളെ ബന്ധിപ്പിച്ച് ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പാക്കുന്നതിനു മുന്നോടിയായുള്ള ഇ ഓഫീസ് ശൃംഖലാ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ഇ ഓഫിസുമായി ബന്ധപ്പെട്ടുള്ള വിവരശേഖരണ നടപടികള്‍ എണ്പതു ശതമാനത്തോളം പൂര്‍ത്തിയായിക്കഴിഞ്ഞു. വില്ലേജ് ഓഫിസുകളില്‍ സ്കാനറുകള്‍ സജ്ജമാക്കേണ്ട ചുമതല രജിസ്ട്രേഷന് വകുപ്പിനാണ്. ഓരോ അപേക്ഷ സ്വീകരിക്കുമ്പോഴും അപേക്ഷകന്റെ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായി വാങ്ങണമെന്നു ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഈ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് പിന്നീട് അപേക്ഷകനെ എളുപ്പത്തില്‍ തിരഞ്ഞുകണ്ടുപിടിക്കാം.
താലൂക്ക്തലത്തില്‍ നടത്താന്‍ പോകുന്ന അടുത്ത അദാലത്തിനു മുമ്പ് ഇ ഓഫീസ് സംവിധാനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. പറവൂര്‍ താലൂക്കിലെ മോഡല്‍ വില്ലേജുകളെ തെരഞ്ഞെടുത്ത് അവിടങ്ങളില്‍ ഇ ഓഫീസ് സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കും. വില്ലേജ്, താലൂക്ക് സബ്കലക്ടര്‍, കലക്ടറേറ്റ് എന്നിങ്ങനെ നാലുതലങ്ങളിലൂടെയാണ് ശൃംഖല വരുന്നത്. എന്നാല്‍ വില്ലേജ് ഓഫിസില്‍ തീര്‍ക്കേണ്ട ഫയലുകള്‍ അവിടെത്തന്നെ തീര്‍പ്പാക്കാന്‍ ശ്രമിക്കണമെന്നു ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
'തീരുന്നില്ലെങ്കില്‍ മാത്രം മുകള്‍ത്തട്ടിലേക്കു വിടുക, ഒരു ക്ലിക്കില്‍ത്തന്നെ ഒരു ഫയല്‍' എന്ന രീതിയാണ് ഇവിടെ ആവിഷ്കരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് മലയാളം ടൈപ്പ് ചെയ്യുന്നതിന് ആവശ്യമായ പരിശീലനം നല്‍കും.
യോഗത്തില്‍ എ.ഡി.എം സി.കെ പ്രകാശ്, അസി. കലക്ടര്‍ ഡോ. രേണുരാജ്, ഡെപ്യൂട്ടി കലക്ടര്‍ എസ്. ഷാജഹാന് എന്നിവരും അനുബന്ധ വകുപ്പ് പ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."