ഇന്ന് ലോക പാലിയേറ്റിവ് ദിനം: സാന്ത്വന പ്രവര്‍ത്തകരുടെ തണലില്‍ അടിപതറാതെ രാധാകൃഷ്ണന്‍
പി.എം അഷ്‌റഫ്
കക്കട്ടില്‍: നാലു ചുമരുകള്‍ക്കിടയില്‍ ഒതുങ്ങിപ്പോകുമായിരുന്ന തന്റെ സ്വപ്നങ്ങള്‍, മോഹങ്ങള്‍, പ്രതീക്ഷകള്‍ എല്ലാം ഒന്നൊന്നായി പൂവണിയാന്‍ തുടങ്ങിയതിന്റെ ആവേശത്തിലാണു നരിപ്പറ്റ ജാതിയുള്ളപറമ്പത്ത് രാധാകൃഷ്ണന്‍. 27 വര്‍ഷം മുന്‍പ് 15ാമത്തെ വയസില്‍ കമുകില്‍നിന്ന് വീണ് നട്ടെല്ലിനു ക്ഷതമേറ്റ് കിടപ്പിലായ രാധാകൃഷ്ണന്‍ ഇന്നു വിദ്യാലയങ്ങളിലും ക്ലബുകളിലും പേപ്പര്‍പേന-കുട നിര്‍മാണ പരിശീലനം നല്‍കാനുള്ള തിരക്കിലാണ്.
പ്ലാസ്റ്റിക്കിനെതിരേ സര്‍ക്കാരും സന്നദ്ധസംഘടനകളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് വിത്തുപേന നിര്‍മാണ പരിശീലനമാണ് ഇദ്ദേഹം നല്‍കിവരുന്നത്. ഇതോടൊപ്പം എല്‍.ഇ.ഡി ബള്‍ബും കുടനിര്‍മാണവും നടത്തുന്ന രാധാകൃഷ്ണന്റെ ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. കക്കട്ടിലെ സ്‌നേഹ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സൊസൈറ്റി പ്രസിഡന്റ് കരുവങ്കണ്ടി അബ്ദുറഹ്മാന്‍ ഹാജിയുടെ സഹായത്താല്‍ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങി യൂ ട്യൂബിലൂടെയും വാട്‌സ് ആപ് കൂട്ടായ്മയിലൂടെയും പരിശീലനം നേടി വിപണനം ആരംഭിച്ചതും കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് നല്‍കിയ മുച്ചക്ര വാഹനവുമാണ് രാധാകൃഷ്ണന്റെ ജീവിതം മാറ്റിമറിച്ചത്.
വീട്ടിലേക്ക് റോഡില്ലാത്തതിനാല്‍ കൂലിപ്പണിക്കു പോകുന്ന അയല്‍വാസി പ്രജിത്ത് തോളിലേറ്റി റോഡിലെത്തിക്കും. പിന്നീട് മുച്ചക്ര വാഹനത്തില്‍ സഹായിയായ പ്ലസ് ടു വിദ്യാര്‍ഥി ആനന്ദിന്റെ കൂടെ ചുറ്റാനിറങ്ങും. വൈകിട്ട് പ്രജിത്ത് ജോലി കഴിഞ്ഞ് തിരിച്ചെത്തുന്നതു വരെ പുറത്തു കാത്തുനില്‍ക്കും. എന്നാല്‍ വീട്ടിലേക്ക് വഴിയില്ലാത്തത് തന്റെ സ്വപ്നങ്ങള്‍ക്ക് ചെറുതായെങ്കിലും മങ്ങലേല്‍പ്പിക്കുന്നുണ്ടെന്ന് രാധാകൃഷ്ണന്‍ പറയുന്നു. പഞ്ചായത്ത് അധികൃതര്‍ കനിഞ്ഞാല്‍ പ്രയാസമില്ലാതെ വഴിയൊരുക്കാന്‍ കഴിയും. ഹൃദ്രോഗിയായ അമ്മയും സഹോദരനുമാണു വീട്ടിലുള്ളത്. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന സഹോദരനെ ആശ്രയിക്കാതെ തന്റെ ചെറിയ വരുമാനം കൊണ്ട് അത്യാവശ്യങ്ങള്‍ നിറവേറ്റാനാകണം-രാധാകൃഷ്ണന്‍ പറയുന്നു. മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വട്ടോളി സംസ്‌കൃതം ഹൈസ്‌കൂള്‍, പുതുക്കയത്തെ മുദ്ര കലാവേദി എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും മൊകേരിയിലെ സ്‌പെഷല്‍ സ്‌കൂളിലെ രക്ഷിതാക്കള്‍ക്കും പേനനിര്‍മാണ പരിശീലനം നല്‍കിയിട്ടുണ്ട്. മിക്ക വിദ്യാലങ്ങളിലും ഇപ്പോള്‍ പേനകള്‍ ആവശ്യപ്പെട്ട് എത്തുന്നതായി രാധാകൃഷ്ണന്‍ പറയുന്നു.
പാലിയേറ്റിവ് സൊസൈറ്റികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്യാംപുകളിലും കുടയും ബള്‍ബും പേനയുടെയും വില്‍പന നടത്തുന്ന രാധാകൃഷ്ണന് ഏറെ കടപ്പാടും നന്ദിയും പാലിയേറ്റിവ് പ്രവര്‍ത്തകരോടാണ്. നരിപ്പറ്റ പഞ്ചായത്തിലെ പാലിയേറ്റിവ് ക്ലിനിക്കിലെ അജിത സിസ്റ്ററും സ്‌നേഹ പാലിയേറ്റിവ് ക്ലിനിക്കിലെ വളണ്ടിയര്‍മാരും എന്നും കൂടെയുള്ളവരാണെന്നും രാധാകൃഷ്ണന്‍ ഓര്‍മിക്കുന്നു. ദിവസം 50 പേനകള്‍ ഉണ്ടാക്കുന്ന രാധാകൃഷ്ണനു കുടനിര്‍മാണത്തിനുള്ള സഹായങ്ങള്‍ ചെയ്തത് സ്‌നേഹ പാലിയേറ്റിവ് പ്രവര്‍ത്തകരാണ്. ലൈസന്‍സ് കൈവശമാക്കിയതോടെ മുച്ചക്ര വാഹനത്തില്‍ വയനാട്, കോഴിക്കോട്, വാഴമല, പറശ്ശിനിക്കടവ് എന്നിവിടങ്ങളില്‍ പോയത് മറക്കാനാകാത്ത യാത്രയാണെന്ന് രാധാകൃഷ്ണന്‍ ഓര്‍മിക്കുന്നു. നട്ടെല്ലിനു ക്ഷതമേറ്റവര്‍ക്കും കിടപ്പുരോഗികള്‍ക്കും ഒരുക്കുന്ന ക്യാംപുകളിലേക്ക് പേനകള്‍ വാഹനത്തില്‍ എത്തിക്കുന്നതും പാലിയേറ്റിവ് പ്രവര്‍ത്തകരാണെന്ന് നന്ദിയോടെ സ്മരിക്കുന്നു.
രാധാകൃഷ്ണന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."