.6.2 കോടിയുടെ സ്വര്‍ണവുമായി മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍
കാസര്‍കോട്: കാറില്‍ രഹസ്യ അറകളിലാക്കി ഒളിപ്പിച്ചു കടത്തുകയായിരുന്ന 15.5 കിലോഗ്രാം സ്വര്‍ണം ബേക്കലില്‍ കസ്റ്റംസ് പിടികൂടി. മഹാരാഷ്ട്ര സ്വദേശികളായ കേതന് (29), ആകാശ് (23) എന്നിവരാണ് 6.2 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി പിടിയിലായത്.
രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് കസ്റ്റംസ് സൂപ്രണ്ട് പി.പി രാജീവന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ബേക്കല്‍ ടോള്‍ ഗേറ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. 1988നു ശേഷം കണ്ണൂര്‍ കസ്റ്റംസ് ഡിവിഷനു കീഴിലെ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിതെന്ന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍മാരായ ഇ. വികാസ്, മധുസൂദന്‍ ഭട്ട് എന്നിവര്‍ കാസര്‍കോട് കസ്റ്റംസ് ഓഫിസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അമിത വേഗത്തിലെത്തിയ ഹ്യൂണ്ടായ് ക്രെറ്റ കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് സീറ്റിനടിയിലെ രഹസ്യ അറകളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. രണ്ട് രഹസ്യ അറകളിലായി ബിസ്ക്കറ്റ് രൂപത്തിലായിരുന്നു സ്വര്‍ണം. തലശ്ശേരിയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് കടത്താനായിരുന്നു ശ്രമമെന്ന് പിടിയിലായവര്‍ മൊഴി നല്കി. സ്വര്‍ണവേട്ടയില്‍ കസ്റ്റംസ് സൂപ്രണ്ടുമാരായ പി.പി രാജീവ്, പി. പ്രദീപ് കുമാര്‍ നമ്പ്യാര്‍, പി.കെ ഹരിദാസ്, കെ. രാഘവന്, ഇന്‍സ്പെക്ടര്‍മാരായ കപില്‍ ഗര്‍ഗ്, ശ്യാംകുമാര്‍ ശര്‍മ, പ്രണീത്, നിശാന്ത് താക്കൂര്‍, ഡ്രൈവര്‍ കെ.വി സജിത് കുമാര്‍, ഹവില്‍ദാര്‍മാരായ കെ. ആനന്ദ, കെ. ചന്ദ്രശേഖര, എം. വിശ്വനാഥ എന്നിവര്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."