അഫ്ഗാനില്‍ കാര്‍ ബോംബ് സ്‌ഫോടനം; ഇന്ത്യക്കാരനുള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഇന്ത്യക്കാരനുള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു. 113 പേര്‍ക്ക് പരുക്കേറ്റു.
നിരവധി വിദേശ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന കിഴക്കന്‍ കാബൂളിലെ ഗ്രീന്‍ വില്ലേജ് കോംപൗണ്ടിലാണ് തിങ്കളാഴ്ച രാത്രി ശക്തമായ സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ട ഇന്ത്യക്കാരനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.കൊല്ലപ്പെട്ടവരില്‍ മൂന്നു സൈനികരുമുണ്ടെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് നജീബ് ഡാനിഷ് പറഞ്ഞു.
സ്‌ഫോടനത്തില്‍ പരുക്കേറ്റവരില്‍ ഭൂരിഭാഗവും സിവിലിയന്മാരാണെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.
ആക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ നിരവധി സൈനികര്‍ കൊല്ലപ്പെട്ടെന്ന് താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ് പറഞ്ഞു.
ചാവേര്‍ സ്‌ഫോടനം ഉള്‍പ്പെടെ അഞ്ച് ആക്രമണങ്ങളുണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു.
പരുക്കേറ്റവരില്‍ 14 സ്ത്രീകളും 24 കുട്ടികളുമുണ്ടെന്ന് അഫ്ഗാന്‍ ആരോഗ്യ മന്ത്രാലയ വക്താവ് വഹീദുല്ല മയാര്‍ അറിയിച്ചു.
അതീവ സുരക്ഷയുള്ള കോംപോണ്ടിലേക്ക് ബോംബുമായി എത്തിയ കാര്‍ പെട്ടിത്തെറിക്കുകയായിരുന്നു. കാബൂളില്‍നിന്ന് ജലാലാബാദിലേക്ക് പോകുന്ന പ്രധാന റോഡിന് സമീപമാണ് സ്‌ഫോടനമുണ്ടായത്.
സമാധാന പുനഃസ്ഥാപനത്തിനായി അഫ്ഗാനിലെ യു.എസ് പ്രതിനിധി സാല്‍മെ ഖലീല്‍സാദ് മേഖലയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. ഖത്തറില്‍ നടക്കേണ്ടിയിരുന്ന നാലാംഘട്ട സമാധാന ചര്‍ച്ച താലിബാന്‍ കഴിഞ്ഞ ആഴ്ച റദ്ദാക്കിയിരുന്നു.
യോഗത്തിലെ അജണ്ടകളിലെ തര്‍ക്കമാണ് റദ്ദാക്കലിന് കാരണമായത്. സമാധാന ചര്‍ച്ചകളില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്ന ആവശ്യം താലിബാന്‍ നിരസിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."