ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി കടകംപള്ളി
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ തിരുവാഭരണം പന്തളം രാജകുടുംബം കൈവശം വെക്കുന്നത് സുപ്രീംകോടതി ചോദ്യം ചെയ്ത വിഷയത്തില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി. ശബരിമല ക്ഷേത്രത്തിന്റെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
സര്‍ക്കാരിന്റെ സുരക്ഷയില്‍ ആണ് തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ ഇരിക്കുന്നത്. കൂടുതല്‍ സുരക്ഷ ആവശ്യം ആണെന്ന് സുപ്രിം കോടതി പറഞ്ഞാല്‍ അതു ചെയ്യും. ദേവസ്വം ബോര്‍ഡുമായി ആലോചിച്ചു റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവാഭരണം അയ്യപ്പന്റേതാണോ, രാജകുടുംബത്തിന്റേതാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. തിരുവാഭരണം ദൈവത്തിന് നല്കിക്കഴിഞ്ഞാല് പിന്നീട് തിരിച്ചെടുക്കാനാകില്ല. തിരുവാഭരണം ക്ഷേത്രത്തിന് കൈമാറാനും അത് പരിപാലിക്കാന്‍ പ്രത്യേക ഓഫീസറെ നിയമിക്കാനും ഉള്ള നിര്‍ദ്ദേശം അംഗീകരിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ഇതിന് തിരുവാഭരണം ഏറ്റെടുക്കാന്‍ തയാറാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം വെള്ളിയാഴ്ചയ്ക്കകം അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ഷേത്ര ഭരണത്തിലെ അവകാശം ഉന്നയിച്ച് പന്തളം രാജകുടുംബാംഗം പി രാമവര്‍മ്മ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."