രജിസ്ട്രേഷന് ലഭിച്ചില്ല; നാലുമാസം മുന്‍പ് സ്കൂളിന് ലഭിച്ച ബസ് കട്ടപ്പുറത്ത്
ബാലുശ്ശേരി: ശിവപുരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് നാലു മാസം മുന്‍പ് അനുവദിച്ച ബസ് നിരത്തിലിറക്കാന്‍ കഴിയാതെ സ്കൂള്‍ മുറ്റത്ത് കട്ടപ്പുറത്ത്. ഡീലര്‍ക്ക് പണം ലഭിക്കാത്തതിനാല്‍ രജിസ്ട്രഷനുള്ള രേഖകള്‍ ലഭിക്കാത്തതാണ് വാഹനം റോഡിലിറക്കാന്‍ തടസമായത്. പുരുഷന് കടലുണ്ടി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ബസ് വാങ്ങുന്നതിനുള്ള തുക അനുവദിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 30ന് എം.എല്‍.എ ബസിന്റെ ഫ്ളാഗ് ഓഫ് നടത്തി ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. 'എന്റെ സ്കൂള്‍' പദ്ധതിയിലാണ് സ്കൂളിന് ബസ് അനുവദിച്ചു നല്‍കിയത്. സ്കൂള്‍ സ്ഥിതി ചെയ്യുന്ന കരിയാത്തന്കാവിലേക്ക് നാമ മാത്രമായ ബസ് സര്‍വീസ് മാത്രമാണുള്ളത്. വിദ്യാര്‍ഥികളുടെ യാത്രാപ്രശന്ം പരിഹരിക്കുന്നതിന് നടപടി വേണമെന്ന രക്ഷിതാക്കളുടെ സമ്മര്‍ദ്ദം മുന്‍നിര്‍ത്തിയാണ് ബസ് അനുവദിച്ചു കിട്ടിയത്. അധ്യയന വര്‍ഷം അവസാനിക്കാന്‍ ഒന്നരമാസം മാത്രമാണ് ബാക്കി നില്‍ക്കുന്നത്. എത്രയും വേഗം ബസ് സര്‍വീസ് നടത്താനുള്ള നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."