കാലിച്ചാനടുക്കം-ചെമ്മട്ടംവയല്‍ റോഡില്‍ യാത്രാ ദുരിതം
രാജപുരം: പൊട്ടിപ്പൊളിഞ്ഞ കാലിച്ചാനടുക്കം-ചെമ്മട്ടംവയല്‍ റോഡിന്റെ പണി കരാറുകാരന്‍ പാതിവഴിയില്‍ ഉപേക്ഷിച്ചതു പ്രദേശവാസികള്‍ക്കിടയില്‍ ദുരിതം തീര്‍ക്കുന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡ് പൂര്‍ണമായും തകര്‍ന്നതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തിയാണ് ഇവിടേക്കുള്ള റോഡിന്റെ അറ്റകുറ്റ പണിക്കായി മൂന്നു വര്‍ഷം മുന്‍പ് 93ലക്ഷം രൂപ അനുവദിച്ചത്. എന്നാല്‍ റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ണമായും നിലച്ചു കാലങ്ങള്‍ കഴിഞ്ഞു.
കാല്‍നടയാത്ര പോലും ദുഃസഹമായ റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരേ എണ്ണപ്പാറയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ അടുത്തമാസം ആറിനു റോഡ് ഉപരോധിക്കും.
നിരവധി വാഹനങ്ങള്‍ നിത്യേന കടന്നുപോകുന്ന ഈ റോഡ് ഇപ്പോള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കരാര്‍ റദ്ദു ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പിനോടു രേഖാമൂലം ആവശ്യപ്പെട്ടിരുന്നുവെന്നാണു കരാറുകാരന്‍ പറയുന്നത്.
ഈ കരാര്‍ റദ്ദു ചെയ്തു റോഡ് എത്രയും പെട്ടെന്നു ഗതാഗതയോഗ്യമാക്കുക, മെക്കാഡം ടാറിങ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു നാട്ടുകാര്‍ സമരത്തിനൊരുങ്ങിയത്. സമരവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ഉത്തമശ്ശോകന്‍ അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ മുസ്തഫ, സജിത ശ്രീകുമാര്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ പി.ജെ വര്‍ഗീസ്, ഷിന്‍സ് ജോര്‍ജ്, രമേശന്‍, സന്തോഷ്, കെ.സി അബ്രഹാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."