'മുഖ്യമന്ത്രിയുടെ പ്രസ്താവന കണ്ണടച്ച് ഇരുട്ടാക്കല്‍'
കോട്ടക്കല്‍: 2010 ലെ രണ്ടാം സര്‍വകക്ഷി യോഗ തീരുമാന പ്രകാരം കേരളത്തിലെ ദേശീയ പാത വികസനം 45 മീറ്ററില്‍ തന്നെ നടപ്പാക്കുമെന്നും അക്കാര്യത്തില്‍ ഇനി ചര്‍ച്ചയില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന കണ്ണടച്ച് ഇരുട്ടാക്കലാണെന്ന് ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം, ചെയര്‍മാന്‍ വി.പി.ഉസ്മാന്‍ ഹാജി എന്നിവര്‍ പ്രസ്താവിച്ചു.
ഏതാനും വ്യക്തികളുടെ നഷ്ടത്തേക്കാള്‍ നാടിന്റെ താല്‍പര്യത്തിന് മുന്‍ഗണന നല്‍കുമെന്ന് പറയുന്ന മുഖ്യമന്ത്രി, ദേശീയപാതക്കായി 45 മീറ്ററിലുള്ള സ്ഥലമെടുപ്പ് രണ്ടു ലക്ഷത്തിലേറെ പേരെ ബാധിക്കുമെന്ന കാര്യം നിസാരവത്കരിച്ചത് ശരിയായില്ല. 2005 ല്‍ കുറ്റിപ്പുറം-ഇടപ്പള്ളി റീച്ചിലെ 112 കിലോമീറ്റര്‍ ദൂരത്തില്‍ വില്‍ബര്‍ സ്മിത്ത് നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം, 34945 കുടുംബങ്ങളെ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
നിലവിലുള്ള പാതകള്‍ സാമാന്യ വീതി കൂട്ടി വികസിപ്പിച്ച്, പുതുതായി എലിവേറ്റഡ് ഹൈവെയോ തെക്കുവടക്ക് അതിവേഗ പാതയോ പണിയാന്‍ സര്‍ക്കാര്‍ തയാറാവണം. ഇക്കാര്യം പരിഗണിക്കുവാന്‍ മുഖ്യമന്ത്രി തയാറാവാതിരുന്നത് ദുരൂഹമാണ്.
എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ ദേശിയ പാത, നാല് വരിപ്പാതയുടെ നിലവാരത്തില്‍ വികസിപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്. നാലുവരിപ്പാതയാക്കി വികസിപ്പിക്കുവാന്‍ 30 മീറ്റര്‍ സ്ഥലം ധാരാളം മതി. കരമന കളിയിക്കവിള പാത 30 മീറ്ററില്‍ ആറ് വരിയായാണ് വികസിപ്പിച്ചിട്ടുള്ളത്. ഇരകളെ വഞ്ചിച്ച് കൊണ്ട് 45 മീറ്റര്‍ അളന്നെടുത്ത് ബി.ഒ.ടി ചുങ്കപ്പാത നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."