ജി.എസ്.ടി കൗണ്‍സില്‍ തര്‍ക്കം നിലനില്‍ക്കുന്നത് സ്വര്‍ണ നികുതിയില്‍: ഐസക്
തിരുവനന്തപുരം:ജി.എസ്.ടി കൗണ്‍സിലില്‍ തര്‍ക്കം നിലനില്‍ക്കുന്നത് സ്വര്‍ണത്തിന്റെ നികുതി നിരക്കുമായി ബന്ധപ്പെട്ടാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതൊഴിവാക്കിയാല്‍ അടിസ്ഥാനപരമായി കൗണ്‍സിലില്‍ തര്‍ക്കങ്ങളില്ല.
ചരക്ക് സേവന നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ ധനമന്ത്രിമാര്‍ക്ക് അഭിപ്രായം രേഖപ്പെടുത്തേണ്ട കൗണ്‍സിലില്‍ കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് കേന്ദ്രം ആദ്യം കൈക്കൊണ്ട നിലപാട് മാറ്റിയിട്ടുണ്ട്. ഒന്നരക്കോടിയില്‍ താഴെ വിറ്റുവരവുള്ള വ്യാപാരികളുടെ ഫയലുകള്‍ 9:1 എന്ന അനുപാതത്തിലും ഒന്നരക്കോടിയില്‍ മുകളിലുള്ളവരുടേത് 1:1 എന്ന അനുപാതത്തിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയന്ത്രിക്കാനുള്ള അധികാരം നല്‍കാം എന്ന കാര്യം തത്വത്തില്‍ തീരുമാനമായി.
എന്നാല്‍ ഇനങ്ങള്‍ തിരിച്ചുള്ള നികുതി നിരക്കില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യം ശ്രീനഗറില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. ജി.എസ്.ടി നടപ്പാക്കുന്നതിലൂടെ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കുന്നതിനായി 55,000 കോടി രൂപയാണ് കേന്ദ്രം നഷ്ടപരിഹാരമായി കണക്കാക്കിയിട്ടുള്ളതെന്നും ധനമന്ത്രി പറഞ്ഞു. ജി.എസ്.ടി വരുന്നതോടെ വാണിജ്യ നികുതി ചെക്‌പോസ്റ്റുകള്‍ ഇല്ലാതാകും. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ബില്ല് ഇല്ലാതെ സാധനങ്ങള്‍ വാങ്ങി കേരളത്തിലും ബില്ല് ഇല്ലാതെ വ്യാപാരം ചെയ്യുന്ന അപകടമുണ്ട്.
ഇത് പരിശോധിക്കാന്‍ അതിര്‍ത്തിപ്രദേശങ്ങളിലെ ഊടുവഴികളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നത് അടുത്ത മാസം ആരംഭിക്കും. നിലവില്‍ നാല് വര്‍ഷമായി നികുതി വരുമാനത്തില്‍ 10 ശതമാനം വര്‍ധനമാത്രമാണുള്ളത്. നികുതി ചോര്‍ച്ചയാണ് ഇതിനു പ്രധാന കാരണം. മന്ത്രി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."