സ്ഥിരംകെട്ടിടം പാതിവഴിയില്‍ കാടുമൂടി നശിക്കുന്നു
കൊണ്ടോട്ടി: നഗരസഭക്ക് കീഴില്‍ നീറാട് നെല്ലിക്കുന്നില്‍ നിര്‍മിച്ച സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ സ്ഥിരംകെട്ടിടം പാതിവഴിയില്‍ കാടുമൂടി നശിക്കുന്നു. രോഗികള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത കുന്നിന് മുകളില്‍ നിര്‍മിച്ച കെട്ടിടത്തിലേക്ക് ഇപ്പോള്‍ വഴിയുണ്ടെങ്കിലും കെട്ടിടം നശിച്ചു കൊണ്ടിരിക്കുകയാണ്. കാട് മൂടി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായിരിക്കുകയാണിവിടെ.
1999, 2000 വര്‍ഷത്തിലാണ് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന വി.സി കബീര്‍ കൊണ്ടോട്ടി നീറാട് ആയൂര്‍വ്വേദ ആശുപത്രിക്ക് അനുമതി നല്‍കിയത്. കൊട്ടിയാഘോഷിച്ച് മന്ത്രി തന്നെ ആശുപത്രി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടിലും പിന്നീട് സ്വകാര്യ കെട്ടിടത്തിലുമായാണ് പ്രവര്‍ത്തിച്ചത്. തുടര്‍ന്നാണ് കൊണ്ടോട്ടി പഞ്ചായത്ത് സ്ഥിരംകെട്ടിടം നിര്‍മിക്കാന്‍ തയാറായി. അഞ്ച് സെന്റ് സ്ഥലം ഇതിനായി കണ്ടെത്തി കെട്ടിടം നിര്‍മാണം തുടങ്ങിയത്. എന്നാല്‍ ആശുപത്രി നിര്‍മിക്കുന്ന സ്ഥലത്തേക്ക് രോഗികള്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമാണെന്ന് പരാതി ഉയര്‍ന്നതോടെ കെട്ടിടം നിര്‍മാണം പാതിവഴിയില്‍ നിലച്ചു. പിന്നീട് അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.
17 വര്‍ഷമായി ആശുപത്രി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കലാങ്ങളായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലെ അസൗകര്യങ്ങള്‍ മൂലം ഇപ്പോള്‍ അങ്ങാടിയിലെ ഇരുനില കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഗോവണി കയറി വേണം കെട്ടിടത്തിലേക്ക് എത്താന്‍. ആശുപത്രിയില്‍ ഡോക്ടറുടെ സേവനവും ആവശ്യത്തിന് മരുന്നുമുണ്ട്. ആയതിനാല്‍ തന്നെ നിത്യേന നിരവധി പേരാണ് ചികിത്സക്കായി ഇവിടെ എത്തുന്നത്.
സ്ഥിരം കെട്ടിടവും സ്ഥലവും പ്രയോജനപ്പെടുത്തുകയോ, ബദല്‍ മാര്‍ഗം തേടുകയോ വേണമെന്നാണ് നിലവില്‍ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. സ്ഥിരം കെട്ടിടം നിര്‍മിക്കുമ്പോള്‍ രോഗികള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലം കണ്ടെത്തിയതും നേരത്തെ വിവാദമായതാണ്. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച കെട്ടിടം വെയിലും മഴയുമേറ്റ് വര്‍ഷങ്ങളായി കാടുമൂടി സംരക്ഷകരില്ലാതെ കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."