നഗരസഭയിലെ മുഴുവന്‍ പൊതു ജലസ്രോതസുകളും ശുചീകരിക്കുന്നു
കൊണ്ടോട്ടി: കൊടുംവേനലിനെ നേരിടാന്‍ നഗരസഭയിലെ മുഴുവന്‍ പൊതുജലസ്രോതസുകളും ശുചീകരിച്ച് കുടിവെളള യോഗ്യമാക്കാന്‍ കൊണ്ടോട്ടി നഗരസഭ ഒരുങ്ങുന്നു.ഇതിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ പൊതു കിണറുകള്‍, കുളങ്ങള്‍ തുടങ്ങിയ അടിയന്തരമായി നന്നാക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് നഗരസഭയില്‍ നാളെ വൈകിട്ട് സര്‍വകക്ഷിയോഗം ചേരും.
നഗരസഭയില്‍ 40 വാര്‍ഡുകളിലും കുടിവെള്ളക്ഷാമം രൂക്ഷമാകുകയാണ്.വേനലിനെ നേരിടാനായാണ് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നത്. പൊതുകിണറുകളിലും കുളങ്ങളിലും ജലനിരപ്പ് താഴ്ന്നുവരികയാണ്. ഇവ ശുദ്ധീകരിക്കുന്നതിലൂടെ കുടിവെള്ള ക്ഷാമം പരിധിവരെ പരിഹരിക്കാനാവും.
മേഖലയിലെ കരിങ്കല്‍ ക്വാറികളിലുളള വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാനുളള ആലോചനയും നടന്നുവരുന്നുണ്ട്. മേഖലയിലെ പല ക്വാറികളിലും വെള്ളം ലഭ്യമാണെങ്കില്‍ ശുദ്ധീകരണം നടത്താനാവുന്നില്ല.ഇതിന് പരിഹാരം കണ്ടെത്താനും ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. മേഖലയിലെ പ്രധാന ജലസ്രോതസ്സായ ചീക്കോട് കുടിവെള്ള പദ്ധതിയുടെ ടാങ്കില്‍ നിന്ന് വെള്ളമെത്തിച്ച് വിതരണം ചെയ്യാന്‍ അനുമതി തേടി നഗരസഭ വാട്ടര്‍ അതോറിറ്റിക്ക് കത്ത് നല്‍കി.
ആവശ്യത്തിനുളള വെള്ളം ടാങ്കില്‍ എത്തിക്കാന്‍ കഴിയുന്നുണ്ടെങ്കിലും വീടുകളിലേക്ക് പൈപ്പിടുന്ന പ്രവൃത്തികള്‍ നടത്താത്തതിനാല്‍ ഈ വേനലിലും ചീക്കോട് കുടിവെളള പദ്ദതി പ്രവര്‍ത്തനക്ഷമമാക്കാനാവില്ല. ടാങ്കിലെത്തുന്ന വെള്ളം ശേഖരിച്ച് വിതരണം ചെയ്യാനുളള അനുമതിയാണ് നഗരസഭ ആവശ്യപ്പെട്ടിട്ടുള്ളത്. അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. വാഹനങ്ങളില്‍ വെള്ളമെത്തിച്ച് വിതരണം ചെയ്യുന്നതും നാളെ നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ ആലോചിക്കും. ഇതിനു പുറമെ ജലചൂഷണം തടയാനുള്ള നടപടികളും കൈകൊളളും. നഗരസഭയുടെ പലമേഖയിലും ഇപ്പോള്‍ തന്നെ കടുത്ത കുടിവെളള ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."