അറബ് സഞ്ചാര സാഹിത്യത്തിലൂടെ
പ്രാചീന കാലംതൊട്ടേ സഞ്ചാരസാഹിത്യം കാലാമൂല്യം കൊണ്ടും ആശയവൈപുല്യം കൊണ്ടും സാഹിത്യത്തിന്റെ അവഗണിക്കാനാവാത്ത ശാഖയാണ്. അറബി സാഹിത്യത്തിന്റെ പൈതൃകവും ഇതുപോലെ പല വൈവിധ്യമാര്‍ന്ന പുസ്തകങ്ങളെയും മനംകവരുന്ന സാഹിതീയ ശകലങ്ങളെയും അനാവരണം ചെയ്യുന്നുണ്ട്. ഉല്ലാസയാത്ര എന്നതില്‍ കവിഞ്ഞ് ഒരു സാഹിത്യകാരന്‍ തന്റെ സഫാരിക്കിടെ നിരീക്ഷിച്ച കാഴ്ചകളുടെയും അനുഭവങ്ങളുടെയും ക്യാന്‍വാസാണിതെന്ന് ചുരുക്കം.
സഞ്ചാര സാഹിത്യം എന്ന് കേള്‍ക്കുമ്പോള്‍ വായനക്കാരായ നമ്മുടെ മനോമുഖരത്തിലേക്ക് ഓടിയെത്തുന്ന ആദ്യ നാമം കേളികേട്ട മൊറോക്കന്‍ യാത്രികന്‍ ഇബ്‌നു ബത്തൂതയുടേതായിരിക്കും യാത്രാക്കുറിപ്പുകള്‍ക്ക് വ്യക്തമായ ഒരു മാര്‍ഗരേഖയും വ്യവസ്ഥാപിതമായ മാഗ്നാകാര്‍ട്ടയും നല്‍കിയത് 'ഇബ്‌നു ബത്തൂത്തയുടെ യാത്രകള്‍' എന്ന പേരില്‍ വിഖ്യാതമായ 'തുഹ്ഫത്തുന്നുള്ളാര്‍ ഫീ ഗറാഇബില്‍ അംബാര്‍ വ അജാഇബില്‍ അസ്ഫാര്‍' എന്ന കൃതിയാണെന്ന് നിസ്സങ്കോചം നമുക്ക് പറയാം. ഈ ഗ്രന്ഥം കാലങ്ങളോളം അറബി സഞ്ചാര സാഹിത്യമെഴുത്തിലെ ഒഴിച്ചുകൂടാനാവാത്ത അവലംബമായി. കൂടാതെ ഈ മേഖലയെ ഇഷ്ടപ്പെടുന്ന വളര്‍ന്നുവരുന്ന എഴുത്തുകാര്‍ക്ക് ഇപ്പോഴും പ്രചോദനവും പ്രോത്സാഹനവുമായിക്കൊണ്ടേയിരിക്കുന്നു. ഇബ്‌നു ബത്തൂത്ത തന്റെ സഞ്ചാരവേളയില്‍ ദര്‍ശിക്കാനിടയായ വിവിധ ദേശശങ്ങളിലെ ആളുകളെ സംബന്ധിച്ച അറിവുകള്‍, അവരുടെ ആചാരങ്ങള്‍ തുടങ്ങിയവ അനുവാചകവൃന്ദത്തിലേക്ക് വള്ളിപുള്ളി വിടാതെ എത്തിക്കുന്നതില്‍ വിജയംവരിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ.
ആധുനിക കാലത്തും നിരവധി എഴുത്തുകാരും സാഹിത്യകാരന്‍മാരും തങ്ങളുടെ ലോകപര്യടനങ്ങള്‍ മനോഹരമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സഞ്ചാരസാഹിത്യത്തെ പൊതുവെ രണ്ടായി തിരിക്കപ്പെടുന്നു. ഇദം:പ്രഥമമായി ഒരെഴുത്തുകാരന്‍ നടത്തിയ ഒരുപാട് യാത്രകളുടെ വിവരണം. രണ്ടാമതായി ഒരു നഗരത്തെമാത്രം അല്ലെങ്കില്‍ ഒരു യാത്രയെ മാത്രം കേന്ദ്രീകരിച്ച് എഴുതുന്നവ; പക്ഷേ, പട്ടണങ്ങളെക്കുറിച്ചും അവിടുത്തെ സമൂഹത്തെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്നതാണതിന്റെ സവിശേഷത.
സഞ്ചാര സാഹിത്യകാരന്‍മാരുടെ ഗ്രന്ഥസൂചിക തയ്യാറാക്കുന്നത് ഏറെ ദുഷ്‌കരമാണ്. കാരണം നാള്‍ക്കുനാള്‍ അവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു വരുന്നു. എന്നിരുന്നാലും ബഹുഭൂരിഭാഗം പേര്‍ക്കും അജ്ഞാതമായിരിക്കും ഇബ്‌നു ബത്തൂത്തയുടെ പേരില്‍ ഏറ്റവും നല്ല സഞ്ചാര കൃതിക്ക് നല്‍കപ്പെടുന്ന അവാര്‍ഡ്. 'ഇര്‍തിയാദ് അഫാഖ്' എന്ന പേരില്‍ പ്രവര്‍ത്തികുന്ന സെന്റര്‍ ഫോര്‍ ജ്യോഗ്രഫിക് ലിറ്ററേച്ചര്‍ ആണ് ഇത് വര്‍ഷാവര്‍ഷം നല്‍കിക്കൊണ്ടിരിക്കുന്നത്. മികവുറ്റ അറബി യാത്രാവിവരണം, യാത്രയുടെ പരിഭാഷ, അല്ലെങ്കില്‍ അറബിയിലുള്ള അപൂര്‍വമായ മാനുസ്‌ക്രിപ്റ്റ് കണ്ടെത്തല്‍ എന്നീ മേഖലകളിലാണ് ഈ പുരസ്‌കാരം നല്‍കുന്നത്. ഒരുപറ്റം അറബി സാഹിത്യകാരന്മാര്‍ ഈ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്. ഒടുവില്‍ 'ദൈവങ്ങള്‍ വിലസുന്ന ഇന്ത്യയില്‍ 40 ദിനങ്ങള്‍' എന്ന പുസ്തകമെഴുതിയ മഹ്ദി മുബാറക്കാണിത് കരസ്ഥമാക്കിയത്. ഈജിപ്തുകാരനായ മുഖ്താര്‍ സഹദ് ശഹാത്തയുടെ 'സാംബയുടെ നാട്ടില്‍' സിറിയന്‍ എഴുത്തുകാരനായ ബലൂദ് ശറഫിന്റെ 'പര്‍വതത്തിലേക്കൊരു മടക്കയാത്ര' സുഡാനി സാഹിത്യകാരനായ ഉസ്മാദ് അഹ്മദ് ഹസന്റെ 'ഉഷ്ണമേഖല യാത്രകള്‍' തുടങ്ങിയ കൃതികളും ഈ പുരസ്‌കാരത്തിന് അര്‍ഹമായിട്ടുണ്ട്. സാമകാലിക ലോകത്ത് പ്രശസ്തമായ ഏതാനും അറബി കൃതികളാണ് ഇവിടെ ചര്‍ച്ചചെയ്യുന്നത്:
ലോകം ചുറ്റിയ ഇരുനൂറ് ദിവസങ്ങള്‍
അനീസ് മന്‍സൂര്‍
സഞ്ചാര സാഹിത്യത്തിലെ വളരെ പ്രശസ്തമായ പുസ്തകം. അറുപതുകളിലാണ് ഈ കൃതി അനീസ് മന്‍സൂര്‍ രചിക്കുന്നത്. വിവിധ നഗരങ്ങളിലേക്ക് അദ്ദേഹം നടത്തിയ യാത്രയുടെ വിവരണമാണിത്. വിശിഷ്യ കിഴക്കനേഷ്യയിലെ ഇന്ത്യ, ജപ്പാന്‍ മുതല്‍ സിംഗപ്പൂര്‍, ഫിലിപ്പിന്‍സ് നഗരങ്ങള്‍, അവിടെ അദ്ദേഹം കാണാന്‍ ഇടയായ വിചിത്രമായ ആചാരങ്ങളും പരമ്പമ്പരാഗത അനുഷ്ടാനങ്ങളും രേഖപ്പെടുത്തുന്നു. അക്കാലത്ത് സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നേടിയ ടിബറ്റ് റിപ്പബ്ലിക്ക് പ്രസിഡണ്ട് ദലൈലാമ ടിസന്‍ജിയസ്റ്റോയുമായുള്ള കൂടിക്കാഴ്ചയുടെ അമൂല്യ നിമിഷങ്ങളും കോറിയിടുന്നുണ്ട്.
ലണ്ടനിലേക്കൊരു പഥികന്‍
മുഹമ്മദ് അഫീഫി
ഏറെക്കുറെ നര്‍മോക്തി നിറഞ്ഞ ശൈലിയാണ് മുഹമ്മദ് അഫീഫി സ്വീകരിച്ചിട്ടുള്ളതെങ്കിലും എഴുപതുകളുടെ അവസാനത്തില്‍ ബ്രിട്ടനിലേക്കുള്ള തന്റെ യാത്രയുടെ ആവേശകരവും എന്നാല്‍ ഉദ്വേഗജനകവുമായ കുറിപ്പാണിത്. മഞ്ഞു പൊതിഞ്ഞ നഗരത്തില്‍ എങ്ങനെയാണ് അലഞ്ഞുതിരിഞ്ഞതെന്നും അദ്ദേഹം വിശദീകരിക്കുന്നു. പാശ്ചാത്യ നാഗരികതയുടെ നൈമിഷികവും എന്നാല്‍ പൊള്ളയുമായ പൊലിമകളെ പരിഹാസ രൂപേണ അഫീഫി നിരീക്ഷിക്കുന്നു. അക്കാലത്ത് കൊട്ടിഘോഷിക്കപ്പെടുന്ന പടിഞ്ഞാറന്‍ മേധാവിത്വമെന്ന ഐതിഹ്യം ഒരു നാള്‍ നിലം പരിശാവുമെന്ന് അദ്ദേഹം ശുഭപ്രതീക്ഷ വയ്ക്കുന്നതും കാണാം.
യാത്രകളുടെ 'കിതാബ്'
ജമാല്‍ ഗീഥാനി
അല്‍ ഉസറ പബ്ലിക്കേഷന്‍ പ്രത്യേക എഡിഷനായി പ്രസിദ്ധീകരിച്ചതാണിത്. ജമാല്‍ ഗീഥാനി തന്നെ എഴുതിയ യാത്രകളുടെ യാത്രകള്‍, ഒരു അനുരാഗിയുടെ യാത്രകള്‍ എന്ന ഇരു പുസ്തകങ്ങളും ഉള്‍കൊള്ളുന്നതാണീ ഗ്രന്ഥം. സാഹിത്യച്ചുവയുള്ള വിനോദ സഞ്ചാരമാണിതിന്റെ ഇതിവൃത്തം. തന്റെ ജീവിതവുമായി അവിഛേദ്യ ബന്ധമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളിലുള്ള പര്യടനം ഇതില്‍ വിഷയീഭവിക്കുന്നു.
സ്ഥലങ്ങളെ വിശേഷിപ്പിക്കുന്നതാണിതിന്റെ സിംഹഭാഗവും. മൊറോക്കന്‍ ശില്‍പഭംഗിയും തച്ചു ശാസ്ത്ര വൈദഗ്ധ്യവും വിശദീകരിക്കുന്നതില്‍ ഗീഥാനി ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. അവിടുന്ന് സമുദ്ര സഞ്ചാരത്തിലൂടെ ഹോളണ്ട്, സിറ്റ്‌സ്വര്‍ലാന്റ്, ജര്‍മ്മനി, പാരീസ് തുടങ്ങിയ രാജ്യങ്ങളിലെത്തിച്ചേരുന്നു. ഉന്മാദവും ആനന്ദവും നിറഞ്ഞ അദ്ദേഹത്തിന്റെ യൂറോപ്യന്‍ സഫാരിയിലെ കാണാ കാഴ്ചകളുടെയും നേര്‍ചിത്രങ്ങളുടെയും അവതരണം ഹൃദയഹാരിയാണ്.
ജപ്പാന്‍ യാത്രയിലെ നര്‍മസല്ലാപങ്ങള്‍
യൂസുഫുല്‍ ഖഈദ്
തൊണ്ണൂറുകളുടെ അവസാനത്തില്‍ എഴുത്തുകാരനും നോവലിസ്റ്റുമായ യൂസുഫുന്‍ ഖഈദ് ജപ്പാനിലേക്ക് നടത്തിയ യാത്രയുടെ കഥപറച്ചിലാണിത്. വാണിജ്യ, വ്യവസായിക, സാങ്കേതികവിദ്യാ രംഗങ്ങളിലൊക്കെ ജപ്പാന്‍ അനുസ്യൂതം ദ്രുതഗതിയില്‍ വികസിക്കുന്ന സമയമായിരുന്നു അത്. കൈറോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജപ്പാന്‍ ഫൗണ്ടേഷന്റെ ക്ഷണിതാവായിട്ടായിരുന്നു എഴുത്തുകാരന്റെ സഫാരി. ഈജിപ്തുകാരായ എഴുത്തുകാര്‍ക്ക് രണ്ടാഴ്ച താമസിച്ച് അവിടുത്തെ സാഹചര്യങ്ങള്‍ മനസിലാക്കുകയും വിവിധ മേഖലകളിലെ മുന്നേറ്റങ്ങള്‍ തിരിച്ചറിയുകയും ചെയ്യുകയെന്നതായിരുന്നു ലക്ഷ്യം.
യൂസുഫുല്‍ ഖഈദിനെ സംബന്ധിച്ചിടത്തോളം ഈ സന്ദര്‍ശനം അങ്ങേയറ്റം സന്തോഷകരമായിരുന്നു. ടോക്കിയോയിലെത്തി അവിടം വിടുന്നത് വരെ 32 ഖണ്ഡശ:കളിലായി വ്യത്യസ്ത അധ്യായങ്ങളിലായി അദ്ദേഹം വേര്‍തിരിച്ച തന്റെ അനുഭവങ്ങളുടെ സമാഹാരമാണിത്. കൈറോയെ പിന്നെ ടോക്കിയയോട് ഉപമിക്കുന്നതില്‍ ഖഈദ് തെല്ലും മടികാണിച്ചില്ല. രണ്ടാം ലോകമഹായുദ്ധാനന്തരം ജപ്പാന്‍ സാക്ഷ്യംവഹിച്ചതു പോലുള്ള നവോഥാനം ഈജിപ്തിലും അടിച്ചുവീശിയാല്‍ ഈ മാറ്റം ആസന്നമാണെന്ന വിശ്വാസമായിരുന്നു ഇതിന് നിദാനം.
ദേശാടനക്കിളികളുടെ
സഞ്ചാരപഥങ്ങള്‍
ഇബ്രാഹീം അബ്ദുല്‍ മജീദ്
പടിഞ്ഞാറ് മൊറോക്കൊ വരെയും കിഴക്ക് റഷ്യ വരെയും നീ ണ്ട ഏഴു നഗരങ്ങളിലൂടെയുള്ള സഫാരിയാണിത്. തികച്ചും വ്യത്യസ്തമായ സാംസ്‌കാരിക പശ്ചാതലങ്ങളിലൂടെ കടന്നുപോവുന്ന രാജ്യങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ലോകത്തെ വായിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ചിന്തകളുടെയും അവലോകനങ്ങളുടെയും സംക്ഷിപ്തമാണ് ഇതില്‍ എഴുത്തുകാരനും നോവലിസ്റ്റുമായ ഇബ്രാഹീം അബ്ദുല്‍ മജീദ് വരച്ചു കാണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."