ഗെയില്‍ വാതക പൈപ്പ് ലൈന്‍: ഉന്നത ഉദ്യോഗസ്ഥര്‍ കാരശേരി സന്ദര്‍ശിച്ചു
മുക്കം: നിര്‍ദിഷ്ട കൊച്ചി മംഗലാപുരം വാതകപൈപ്പ് ലൈനുമായി ബന്ധപ്പെട്ട് സര്‍വേ നടപടികള്‍ മലയോര മേഖലയില്‍ പുരോഗമിക്കവേ ഗെയില്‍ ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാര്‍ നിയോഗിച്ച ഡെപ്യൂട്ടി കലക്ടറും കാരശേരി പഞ്ചായത്തിലെ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. പദ്ധതിക്കെതിരേ പഞ്ചായത്തില്‍ വ്യാപകമായ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഗെയില്‍ പദ്ധതി മൂലം ജനങ്ങള്‍ക്കുണ്ടാവുന്ന ദുരിതങ്ങള്‍ പഠിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഡെപ്യൂട്ടി കലക്ടര്‍ രാധാകൃഷ്ണന്‍ ഗെയില്‍ ജീവനക്കാരന്‍ ബൈജു തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചത്.
നെല്ലിക്കാപറമ്പില്‍ നിന്നാരംഭിച്ച സന്ദര്‍ശനം വിവിധ പ്രദേശങ്ങള്‍ പിന്നിട്ട് 2 മണിക്കൂറിന് ശേഷം കാരശേരിയില്‍ സമാപിച്ചു. ജോര്‍ജ് എം.തോമസ് എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗം സി.കെ കാസിം, എം.ടി അഷ്‌റഫ് ,വി.പി ജമീല, അബ്ദുല്ല കുമാരനെല്ലൂര്‍, സജി തോമസ്, ജി. അബ്ദുല്‍ അക്ബര്‍, സവാദ് ഇബ്രാഹീം, എന്‍.കെ അന്‍വര്‍, വി.പി ശിഹാബ്, സുനില കണ്ണങ്കര തുടങ്ങിയവര്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
പഞ്ചായത്തിലൂടെ കടന്നുപോവുന്ന അലൈന്‍മെന്റില്‍ അല്‍പം മാറ്റം വരുത്തിയാല്‍ ജനവാസ മേഖലയില്‍ നിന്ന് പദ്ധതി പൂര്‍ണമായും മാറ്റാന്‍ കഴിയുമെന്ന് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. നോട്ടിഫിക്കേഷന്‍ നടത്തിയ ഭൂമിയിലൂടെ അല്ലാതെ പദ്ധതി കൊണ്ട് പോവരുതെന്ന് കോടതിയുടെ കര്‍ശന നിര്‍ദേശമുണ്ടന്നും രാധാകൃഷ്ണന്‍ പറഞ്ഞു. പദ്ധതി പ്രദേശം കണ്ടതിന് ശേഷം പഞ്ചായത്ത് ഓഫിസില്‍ റിവ്യു മീറ്റിങും നടന്നു.
അലൈന്‍മെന്റ്: ജില്ലാകലക്ടറുടെ സാന്നിധ്യത്തില്‍
ചര്‍ച്ച നടത്തുമെന്ന്: എം.എല്‍.എ
മുക്കം: നിര്‍ദിഷ്ട കൊച്ചി -മംഗലാപുരം വാതക പൈപ്പ് ലൈന്‍ കാരശേരി പഞ്ചായത്തിലെ അലൈന്‍മെന്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഗെയില്‍ അധികൃതരുമായി ചര്‍ച്ച നടത്തിയതായും നിയമപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടത്തുമെന്നും ജോര്‍ജ് എം.തോമസ് എം.എല്‍. എ പറഞ്ഞു.
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്തതും കൃഷിഭൂമി കൂടുതല്‍ നഷ്ടപ്പെടാത്തതും സര്‍ക്കാരിന് കൂടുതല്‍ ബാധ്യതയില്ലാത്തതുമായ സ്ഥലമാണ് ഗെയില്‍ അധികൃതര്‍ക്കും സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കും ബോധ്യപ്പെടുത്തി. ഇത്തരം പ്രശ്‌നങ്ങളില്‍ നാട് ഒരുമിച്ച് നില്‍ക്കണം. എന്നാന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാനേ പാടില്ലന്നാണ് ചിലര്‍ പറയുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല.
ഗ്യാസ് പൈപ്പ് ലൈന്‍ നാടിന്റെ വികസനത്തിന് ആവശ്യമാണന്നും എന്നാല്‍ ഇത് ജനങ്ങളുടെ ആശങ്ക മാറ്റി വേണമെന്നും എം.എല്‍.എ പറഞ്ഞു.
സന്ദര്‍ശനം പ്രഹസനമെന്ന് ആക്ഷന്‍ കമ്മിറ്റി
മുക്കം: ഗെയില്‍ അധികൃതരും സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരും കാരശേരി പഞ്ചായത്തിലെ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചങ്കിലും ജനങ്ങളുടെ സംശയങ്ങള്‍ക്ക് വ്യക്തമായി മറുപടി പറയാനായില്ല.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് അധ്യക്ഷനായി പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ജനങ്ങള്‍ക്ക് പരാതി പറയാനും സംശയം ചോദിക്കാനും അവസരമൊരുക്കിയത്.
എന്നാല്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെ ചോദ്യങ്ങള്‍ക്ക് പലതിനും ഡെപ്യൂട്ടി കലക്ടര്‍ രാധാകൃഷ്ണന് മറുപടിയുണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."