തളരരുത്, താങ്ങായി ഞങ്ങളുണ്ട്...
കോഴിക്കോട്: ഞങ്ങള്‍ വെറും വൃദ്ധരല്ല, ഞങ്ങളിപ്പോള്‍ സ്വയംതൊഴില്‍ സംരംഭകരും പാട്ടുകാരുമൊക്കെയാണ്. ഞങ്ങള്‍ ഈ വാര്‍ധക്യം ആസ്വദിക്കുകയാണ്. ഇതുവരെ നിരാലംബരെന്ന് കരുതിയ ഒരുപറ്റം വയോജനങ്ങളാണിതു പറയുന്നത്. സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ വയോജന സൗഹൃദ നഗരസഭയായി പ്രഖ്യാപിച്ച കോഴിക്കോട് കോര്‍പറേഷനില്‍ വൃദ്ധര്‍ക്ക് കൈത്താങ്ങായി വയോജനമിത്രയുണ്ട്. ഇവരുടെ ക്ഷേമത്തിനായി ഒട്ടനവധി പദ്ധതികളാണ് കോര്‍പറേഷനില്‍ നടപ്പിലാക്കുന്നത്.
വയോജനമിത്ര കണ്ടെത്തിയവര്‍ ഇപ്പോള്‍ വെറും വൃദ്ധരല്ല, ഇവര്‍ ആശ്രിതരുമല്ല,സ്വയംപര്യാപ്തത കൈവന്നവരാണ്. അവരെ കൈപിടിച്ചു ഉയര്‍ത്തുന്ന ഒരുപാട് പദ്ധതികള്‍ നടപ്പിലാക്കുകയാണ് കോര്‍പറേഷനുമായ് കൈകോര്‍ത്ത് വയോജന മിത്ര. സ്വയംപര്യാപ്തയിലേക്കുള്ള പദ്ധതിമുതല്‍ സംഗീത നിശയവതരിപ്പിക്കാനുള്ള ഗാനമേള ടീം വരെയുണ്ട് ഈ വൃദ്ധകൂട്ടായ്മയില്‍.
വാര്‍ധക്യത്തിലെ പ്രധാന പ്രശ്‌നം രോഗങ്ങള്‍ തന്നെയാണ്. ഇതിന്നുള്ള പരിഹാരമായി വയോജനമിത്രയുടെ കീഴിലുള്ള രണ്ടു മെഡിക്കല്‍ യൂനിറ്റുകള്‍ ഒരു ദിവസം കോര്‍പറേഷന്റെ നാലു ഭാഗങ്ങളിലായി സൗജന്യ രോഗ നിര്‍ണയ ക്യാംപുകളാണ് സംഘടിപ്പിക്കുന്നത്.
അങ്കണവാടികള്‍ കേന്ദ്രീകരിച്ചു വയോജനങ്ങളെ സംബന്ധിച്ചുള്ള അടിസ്ഥാന വിവരശേഖരവും നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അവരെ കണ്ടെത്തി ഒരുമിച്ച് കൂട്ടിയത്. അങ്കണവാടികള്‍ കേന്ദ്രീകരിച്ചു വയോജനങ്ങളുടെ ക്ലബ്ബുകള്‍ രൂപീകരിച്ചു. പിന്നീട് വാര്‍ഡ് തലത്തിലും കമ്മിറ്റികള്‍ രൂപീകരിച്ചു. 75-ാളം വാര്‍ഡുകളില്‍ നിന്ന് വയോജന റിസോഴ്‌സ് കൂട്ടായ്മ രൂപീകരിച്ച് അവര്‍ക്ക് ഇതുവരെ ഇരുപതോളം കാംപുകള്‍ നല്‍കുകയും ചെയ്തു. വയോജനങ്ങളിലെ പാട്ടുകാരെ കണ്ടെത്തി സംഗീത കൂട്ടായ്മ രൂപീകരിച്ചു. ഈ സംഘം ഇപ്പോള്‍ ഗാനമേള സദസുകളില്‍ നിറസാന്നിധ്യമാണ്. തങ്ങള്‍ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലാണ് എന്ന തിരിച്ചറിഞ്ഞ് നിരാശരായ ഒരു വലിയ വിഭാഗത്തെയാണ് വയോജനമിത്ര കൈപിടിച്ച് ഉയര്‍ത്തുന്നത്. ഒരുപാട് കഴിവുകള്‍ ഉള്ളവരാണ് എല്ലാവരുമെന്ന് വയോജനമിത്ര കോ-ഓര്‍ഡിനേറ്റര്‍ സന്ധ്യ. വാര്‍ധക്യത്തിന്റെ നിരാശയില്‍ കഴിയുന്നവരിലെ കഴിവുകള്‍ കണ്ടെത്തി നിരവധി ആസൂത്രണങ്ങളും നടത്തിവരുന്നുണ്ട്. തങ്ങളുടെ പദ്ധതികളില്‍ മിക്കതും നടപ്പാക്കാന്‍ സാധിച്ചുവെന്നും പ്രതികരണം സന്തോഷമുളവാക്കുന്നതാണെന്നും സന്ധ്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."