HOME
DETAILS
MAL
പൗരത്വ ഭേദഗതി നിയമം ഭരണ ഘടന വിരുദ്ധം: ജസ്റ്റിസ് ബി കമാൽ പാഷ
backup
February 09 2020 | 07:02 AM
ജിദ്ദ: കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ച പൗരത്വ ഭേദഗതി നിയമം ഭരണഘടനാ ലംഘനവും മനുഷ്യത്വ വിരുദ്ധവുമാണെന്ന് കേരള ഹൈക്കോടതി മുൻ ജഡ്ജി കമാൽ പാഷ. പൗരത്വ നിയമം മുസ്ലിംകളെ മാത്രം ബാ ധിക്കുന്ന ഒന്നല്ലെന്നും ഇന്ത്യയിലെ മുഴുവൻ സമുദായങ്ങളെയും ബാക്കുന്നതാണെന്നും ആയതിനാൽ ഈ നിയമത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി സമരം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ഷറഫിയ്യ ഇമ്പാല ഗാർഡനിൽ സംഘടിപ്പിച്ച 'പൗരത്വ ഭേദഗതി നിയമവും ഇന്ത്യൻ ഭരണ ഘടനയും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നീതി, സ്വാതന്ത്ര്യം, സമത്വം , മതേതരത്വം എന്നിവ ഉൾക്കൊള്ളുന്ന ആമുഖം ഇന്ത്യൻ ഭരണ ഘടനയുടെ ഹൃദയമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയനുസരിച്ചു പൗരത്വം നൽകുന്നത് മതം നോക്കിയല്ല. ഇന്ത്യ അടിസ്ഥാനപരമായി ഒരു മത നിരപേക്ഷ രാജ്യമാണ്. മതം നോക്കി പൗരത്വം നൽകുന്ന പുതിയ നിയമം ഭരണ ഘടനയുടെ ആർട്ടിക്കിൾ 13 പ്രകാരംഅസാധുവാണെന്നു അദ്ദേഹം വിശദീകരിച്ചു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് പൗരത്വം ലഭിക്കാൻ വിവിധ കാരണങ്ങളാൽ അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളിലെ ന്യുന പക്ഷങ്ങളെയോർത്ത് ആശങ്കപ്പെടുന്ന കേന്ദ്ര സര്ക്കാരിന് ഇന്ത്യയിലെ ന്യുനപക്ഷങ്ങളുടെ കാര്യത്തിൽ യാതൊരു ശ്രദ്ധയും ഇല്ലെന്നു അദ്ദേഹം കുറ്റപ്പെടുത്തി.
2003 ൽ പൗരത്വ ഭേദഗതി നിയമം ആദ്യം നടപ്പാക്കാൻ ശ്രമിച്ചത്. ഇന്ത്യ ഒരു മത രാഷ്ടം ആവണമെന്ന ആവശ്യം പണ്ട് പാർലമെറ്റിൽ വോട്ടിനിട്ട് പരാജയപ്പെടുത്തിയതാണെന്നും എന്നാൽ ഇപ്പോൾ ഇക്കാര്യം ഫാസിസ്റ്റുകൾ പാർലമെന്റിൽ വോട്ടിനിട്ട് വിജയിപ്പിച്ചെടുത്തത് സംഘടകരമാണെന്നും അദ്ദേഹം പറഞ്ഞു. മോഡി സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനം ഇന്ത്യൻ സമ്പദ്ഘടനയെ തകർത്തുവെന്നും ഇതിനെതിരെ ജനങ്ങൾ ശക്തമായി പ്രകരിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു തകർന്ന സമ്പദ്ഘടനയിൽ നിന്നും ജനശ്രദ്ധ തിരിക്കാനും രാജ്യത്ത് മത ധ്രുവീകരണം ഉണ്ടാക്കാനുമാണ് ബി ജെ പി സർക്കാർ പൗരത്വ നിയമം കൊണ്ട് വന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻപാസ്പോര്ട്ട് പൗരത്വം ലഭിക്കാനുള്ള രേഖയായി അംഗീകരിക്കാത്തത് പ്രവാസികളുടെ പണം അപഹച്ചു അവരെ പുറത്താക്കാനുള്ള തന്ത്ര മാണെന്നും അദ്ദേഹം പറഞ്ഞു. മത നിരപേക്ഷത എന്നത് ഇന്ത്യൻ ഭരണ ഘടനയുടെയും രാജ്യത്തിന്റെയും അടിസ്ഥാന മൂല്യമാണ്. പൗരത്വം റദ്ദു ചെയ്ത തടങ്കൽ പാളയത്തിലടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ വിവാദ പൗരത്വ നിയമം പിൻവലിക്കുംവരെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി സമരം തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം സ്ത്രീകൾ സമരം ചെയ്യാൻ പാടില്ലെന്ന പണ്ഡിതരുടെ നിലപാട് ശരിയല്ലെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യത്തിൽ ജനങ്ങളുടെ പ്രതികരണ ശേഷി നഷ്ടപ്പെട്ടാൽ ഏകാധിപത്യത്തിലേക്കു വഴി മാറുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ചെയർമാൻ വി. പി മുഹമ്മദലി പരിപാടി ഉത്ഘാടനം ചെയ്തു. മുതിർന്ന ഒ ഐ സി സി നേതാവ് മജീദ് നഹ അധ്യക്ഷത വഹിച്ചു. വി. പി ഷിയാസ് ആശംസ നേർന്നു സംസാരിച്ചു. വിദ്യാർത്ഥികളുടെ ദേശീ ഗാനാലാപനത്തോടെയാണ് പരിപാടി ആരംഭിച്ചത്. നവാസ് മാസ്റ്റർ ഭരണ ഘടനയുടെ ആമുഖം സദസ്സിനു ചൊല്ലിക്കൊടുത്തു. കമാൽ പാഷക്ക് ഒ ഐ സി സി യുടെ ഉപഹാരം കുഞ്ഞാലി ഹാജി നൽകി .ഹക്കീം പാറക്കൽ സ്വാഗതവും അലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."