ആയുര്‍വേദത്തിലും ആശാവര്‍ക്കര്‍മാരുടെ സേവനം
കെ. മുബീന
കണ്ണൂര്‍: ആയുര്‍വേദ മേഖലയില്‍ ആശാവര്‍ക്കര്‍മാരുടെ സേവനമെത്തുന്നു. ഇതിനോടനുബന്ധിച്ച് എല്ലാ ജില്ലകളിലെയും ആരോഗ്യ ബ്ലോക്കുകളില്‍ പരിശീലകര്‍ക്കായുള്ള പ്രാരംഭ പരിശീലനം പൂര്‍ത്തിയായി. അടുത്തഘട്ടം ബ്ലോക്കുകളില്‍നിന്ന് പരിശീലനം ലഭിച്ചവര്‍ പഞ്ചായത്തുതലത്തില്‍ അഞ്ചുദിവസത്തെ പരിശീലനം നല്‍കും. നിലവില്‍ ആശാവര്‍ക്കര്‍മാരുടെ സേവനം അലോപ്പതി മേഖലയില്‍ മാത്രമാണു വ്യാപിച്ചിട്ടുള്ളത്. ആയുഷിന്റെ സേവനങ്ങള്‍ പലപ്പോഴും ആശുപത്രികളിലും സ്വകാര്യ ക്ലിനിക്കുകളിലും മാത്രം ഒതുങ്ങിയിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ആശാവര്‍ക്കര്‍മാരുടെ പ്രവര്‍ത്തനം ഹോമിയോ, ആയുര്‍വേദ മേഖലയിലേക്കു വ്യാപിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ ആയുര്‍വേദ മേഖലയിലാണ് ഊന്നല്‍ നല്‍കുന്നത്. കണ്ണൂര്‍ ജില്ലയിലെ 11 ഒന്‍പത് ആരോഗ്യ ബ്ലോക്കുകളിലും പരിശീലനം പൂര്‍ത്തിയായി. ഈ പദ്ധതിക്കു മുന്‍പ് തന്നെ ആശവര്‍ക്കര്‍മാരുടെ സേവനം ഉപയോഗിച്ചു രാരീരം പദ്ധതിയും തയാറായിട്ടുണ്ട്. ജില്ലയില്‍ എടക്കാട് ബ്ലോക്കില്‍ ഗര്‍ഭ, പ്രസവ ശുശ്രൂഷകളെക്കുറിച്ചുള്ള അറിവുകള്‍ പകരാനായി നാല് ആശാവര്‍ക്കര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പ്രസവാനന്തരം ആയുര്‍വേദത്തിലെ ശാസ്ത്രീയ അറിവുകള്‍ പകര്‍ന്നുനല്‍കാനാണു രാരീരം പദ്ധതി. ഈ മാസം മുതല്‍ പദ്ധതി ആരംഭിക്കും. ഇതു ജില്ലയില്‍ തുടര്‍ന്നുള്ള ബ്ലോക്കുകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യുമെന്നു ആയുഷ്മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അജിത്ത് വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് അഞ്ചു ജില്ലകളിലാണു പദ്ധതി നടപ്പാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."