അന്തര്‍ സംസ്ഥാന വാഹനമോഷ്ടാവ് ഫെരാരി റോഷന്‍ പിടിയില്‍
തൃശൂര്‍: അന്തര്‍സംസ്ഥാന വാഹനമോഷ്ടാവ് ഇടുക്കി കമ്പംമേട്ട് പുളിക്കപടികയില്‍ വീട്ടില്‍ റോഷന്‍ ആന്റണി(ഫെരാരി റോഷന്‍) അറസ്റ്റില്‍. കഴിഞ്ഞ പത്തിന് മണ്ണുത്തി തോട്ടപ്പടിയില്‍നിന്നും ഡേവിസ് എന്നയാളുടെ ബുള്ളറ്റ് മോഷണംപോയതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുപതോളം മോഷണകേസുകളില്‍ പ്രതിയായ റോഷനെ പിടികൂടിയത്. ജില്ലയിലെ ഗുരുവായൂര്‍, വിയ്യൂര്‍, പുതുക്കാട് സ്റ്റേഷനുകളിലും പാലക്കാട്ടെ മങ്കര, എറണാകുളത്തെ സെന്‍ട്രല്‍, കളമശേരി, പെരുമ്പാവൂര്‍, കോട്ടയത്തെ വെസ്റ്റ് ഏറ്റുമാനൂര്‍, പാല, ഇടുക്കി കുമളി സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരേ കേസുകളുണ്ട്. പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് പൊലിസ് പിടിയിലായ ഇയാള്‍ രാമവര്‍മപുരം, കോട്ടയം ജുവനൈല്‍ ഹോമുകളില്‍നിന്ന് മൂന്നുതവണ അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടിട്ടുണ്ട്.
നല്ല കുടുംബാന്തരീക്ഷത്തില്‍ ജനിച്ചു വളര്‍ന്ന റോഷന്‍ എട്ടാംവയസില്‍തന്നെ ലോറികള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും ഓടിക്കാന്‍ പഠിച്ചു. അതിവേഗത്തിലും കൃത്യതയിലും ഏതു വാഹനവും നിഷ്പ്രയാസം കൈകാര്യം ചെയ്യുന്നതിനാല്‍ ഫെരാരി റോഷന്‍ എന്നറിയപ്പെട്ടുതുടങ്ങി. സാഹസികതയ്ക്കായി 13-ാം വയസില്‍ വാഹനമോഷണം ആരംഭിച്ചു. കോട്ടയം, ഏറ്റുമാനൂര്‍, കളമശേരി, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ അഞ്ചു ലോറികള്‍ അന്ന് മോഷണംനടത്തി. ശിക്ഷകഴിഞ്ഞ് ജുവനൈല്‍ ഹോമില്‍നിന്നും ഇറങ്ങിയശേഷം ലോറികളും ബൈക്കുകളും മോഷണം നടത്തിയതിന് വീണ്ടും പിടിയിലായി. 2015ല്‍ ജുവനൈല്‍ ഹോമില്‍നിന്നും ഇറങ്ങിയശേഷം ഇപ്പോഴാണ് വീണ്ടും മോഷണകേസുകളില്‍ പിടിയിലാകുന്നത്. മോഷണശേഷം രജിസ്റ്റര്‍ നമ്പര്‍ മാറ്റി ഉപയോഗിക്കുകയും വാഹനങ്ങള്‍ വില്‍ക്കുകയുമാണ് പതിവ്. മോഷ്ടിച്ച വാഹനങ്ങളില്‍ സഞ്ചരിച്ച് വിലകൂടിയ വാഹനങ്ങള്‍ കണ്ടാല്‍, പഴയത് ഉപേക്ഷിച്ച് പുതിയത് മോഷ്ടിക്കുന്നതും ഇയാളുടെ രീതിയാണ്. എത്ര ആധുനിക സെക്യൂരിറ്റി സംവിധാനങ്ങളുണ്ടായാലൂം നിമിഷനേരംകൊണ്ട് ലോക്ക് തകര്‍ത്ത് വാഹനം മോഷ്ടിക്കുന്നതിലും വിദഗ്ധനാണ്.
2015ല്‍ ജയിലില്‍നിന്നിറങ്ങിയശേഷം ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ കഴിഞ്ഞ റോഷന്‍ കഴിഞ്ഞ ഡിസംബറിലാണ് കേരളത്തിലെത്തിയത്. തുടര്‍ന്ന്, എറണാകുളം,കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും വിവിധ വാഹനങ്ങള്‍ മോഷ്ടിച്ചു. കഴിഞ്ഞ ഒമ്പതിന് തൃശൂരിലെത്തി മണ്ണുത്തി തോട്ടപ്പടിയില്‍നിന്നും ബുള്ളറ്റും, പെരുമ്പാവൂരിലെ കടുവാള്‍ എന്ന സ്ഥലത്തുനിന്നും ചേലമറ്റം അപ്പാടന്‍ വീട്ടില്‍ ജോയിയുടെ ബുള്ളറ്റും മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."