സ്വര്‍ണക്കടത്തുകാരനെന്ന് സംശയിച്ച് കര്‍ണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: ഷാര്‍ജയില്‍ നിന്നെത്തിയ കര്‍ണാടക സ്വദേശിയെ സ്വര്‍ണക്കടത്തുകാരനെന്ന് സംശയിച്ച് ഒമ്പതംഗ സംഘം ദേശീയപാതയില്‍ വച്ച് തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊള്ളയടിച്ചു. ദക്ഷിണ കന്നട എബ്ലംഗുഡ് സ്വദേശി അബ്ദുല്‍ നാസര്‍ ഷംസാദി(24)നെയാണ് ഓട്ടോറിക്ഷ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയത്.
ഓട്ടോയിലുണ്ടായിരുന്ന കാസര്‍കോട് സ്വദേശിയായ മറ്റൊരു യാത്രക്കാരന്റെ സാധനങ്ങളും കവര്‍ന്നിട്ടുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെ നാലരയ്ക്ക് കരിപ്പൂരില്‍ വിമാനമിറങ്ങിയ യുവാവ് കാസര്‍കോട് സ്വദേശിയായ മറ്റൊരാളെയും കൂട്ടി കോഴിക്കോട്ടോക്ക് ഓട്ടോയില്‍ പോകുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയത്. പാലക്കാട്-കോഴിക്കോട് ദേശീയ പാത 213ല്‍ കൊട്ടപ്പുറത്തിനു സമീപം തലേക്കരയിലെത്തിയപ്പോള്‍ ബൈക്ക് കുറുകെയിട്ട് രണ്ടു പേര്‍ ഓട്ടോ നിര്‍ത്തിച്ചു. ഈ സമയം ഓട്ടോയ്ക്കു പിറകില്‍ ക്രൂയിസര്‍ വണ്ടി വന്നു നിന്നു.
ഓട്ടോ ഡ്രൈവറുടെയും ഷംസാദിന്റെയും കാസര്‍കോട് സ്വദേശിയുടെയും മുഖത്ത് മുളകുപൊടി വിതറിയ ശേഷം സംഘം ഷംസാദിനെ ക്രൂയിസര്‍ വണ്ടില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. ഷംസാദിന്റെയും സഹയാത്രികന്റെയും ബാഗുകളും സംഘം തട്ടിയെടുത്തു. ഏഴു പേര്‍ വാഹനത്തിലുണ്ടായിരുന്നു.
കൊണ്ടുവന്ന സാധനമെവിടെയെന്നന്വേഷിച്ച് വാഹനത്തില്‍ വച്ചു മര്‍ദിച്ച ശേഷം കടലുണ്ടി ഭാഗത്ത് കൊണ്ടുപോയി വസ്ത്രങ്ങളഴിപ്പിച്ച് സംഘം ദേഹപരിശോധന നടത്തിയെന്ന് യുവാവ് പറഞ്ഞു. കൈയിലുണ്ടായിരുന്ന 4,000 രൂപ, 100 ദിര്‍ഹം, എ.ടി.എം കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ കൈക്കലാക്കിയ ശേഷം സംഘം യുവാവിനെ യൂണിവേഴ്‌സിറ്റി ഭാഗത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ഷംസാദ് പിന്നീട് കൊണ്ടോട്ടി പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകി. ഷംസാദ് നേരത്തെ രണ്ടു വര്‍ഷം ഷാര്‍ജയില്‍ ജോലി ചെയ്തിരുന്നു. പുതിയ ജോലി നേടുന്നതിന് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ഷാര്‍ജയില്‍ പോയി മടങ്ങി വരികയായിരുന്നു യുവാവ്. കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കുന്ന സംഘമാണ് സംഭവത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. കൊണ്ടോട്ടി പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."