തെരുവുകളെ ഊട്ടി സ്മൃതിയിലെ വിദ്യാര്‍ഥികള്‍
വാടാനപ്പള്ളി: തെരുവുകളെ ഊട്ടി സ്മൃതിയിലെ വിദ്യാര്‍ഥികള്‍. കഴിഞ്ഞ ഏഴു വര്‍ഷമായി വാടാനപ്പള്ളി സ്മൃതി കോളജിലെ വിദ്യാര്‍ഥികള്‍ മുടക്കമില്ലാതെ ഭക്ഷണപ്പൊതികളുമായി തെരുവിലുണ്ട്.
എല്ലാ ബുധനാഴ്ചകളിലും ക്ലാസ് നേരത്തെ പൂര്‍ത്തിയാക്കും. പിന്നെ വിദ്യാര്‍ഥികള്‍ എല്ലാവരും ഭക്ഷണപ്പൊതികളുമായി പുറത്തിറങ്ങും.
ഓരോരുത്തരുടെ കൈയിലും ഒന്നിലേറെ പൊതികളുണ്ടാകും. വാടാനപ്പള്ളിയില്‍ നിന്നും പുറപ്പെട്ടാല്‍ ചാവക്കാട് വരെയുള്ള ദേശീയ പാതയോരത്തെ തെരുവ് ജീവിതങ്ങളെ ഊട്ടിയിട്ടേ പ്രിന്‍സിപ്പല്‍ എം.എല്‍ സൈമനും വിദ്യാര്‍ഥികളുമടങ്ങുന്ന സ്മൃതിയിലെ കാരുണ്യ പ്രവര്‍ത്തകര്‍ മടങ്ങിവരികയുള്ളൂ.
ഇന്നലെ ഇരുനൂറോളം പേര്‍ക്കാണ് ഈ കാരുണ്യ സംഘം ഉച്ചയൂണ് നല്‍കിയത്. ഈ വര്‍ഷം മുതല്‍ കണ്ടശാംകടവ് പ്രൊഫ.ജോസഫ് മുണ്ടശേരി ഗവ.എച്ച്.എസ്.എസിലെ എന്‍.എസ്.എസ് വളന്റിയര്‍മാരും സ്മൃതിയിലെ വിദ്യാര്ഥികളോടൊപ്പമുണ്ട്. കാഞ്ഞാണി, മുല്ലശേരി, അന്തിക്കാട് പ്രദേശങ്ങളിലേയ്ക്കും സേവനം വ്യാപിപ്പിച്ചിട്ടുമുണ്ട്. നേരത്തെ ദിവസവും ഒരു രൂപാ വീതം ഓരോ വിദ്യാര്‍ഥികളും നിക്ഷേപിച്ച് കാന്‍സര്‍, വൃക്ക രോഗികള്‍ക്ക് സഹായ ധനവും നല്‍കിയിരുന്നു. അധ്യയനത്തിനു മുടക്കം വരുത്താതെയുള്ള ഈ ജീവകാരുണ്യം കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ചാണ് ഇവര്‍ ആലോചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."