തീവ്രവാദി വേട്ട: ബംഗ്ലാദേശില്‍ പിടിയിലായത് എണ്ണായിരത്തിലധികം പേര്‍
ധാക്ക: ബംഗ്ലാദേശില്‍ തീവ്രവാദബന്ധം ആരോപിച്ച് എണ്ണായിരത്തിലധികം പേരെ പിടികൂടി. ന്യൂനപക്ഷങ്ങള്‍ക്കും എഴുത്തുകാര്‍ക്കും നേരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളെ തുടര്‍ന്നാണ് നടപടി. പ്രധാന മന്ത്രി ഷേയ്ഖ് ഹസീനയുടെ കര്‍ശന നിര്‍ദേശത്തെതുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊലിസ് നടപടി ആരംഭിച്ചത്.
രാജ്യത്ത് വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങള്‍ കാരണം ബംഗ്ലാദേശ് അന്തര്‍ദേശീയതലത്തില്‍ സമ്മര്‍ദം നേരിട്ടിരുന്നു. അതേസമയം തീവ്രവാദ വേട്ടയെന്ന പേരില്‍ വാറന്‍ഡ് പ്രതികളെയാണ് പൊലിസ് വ്യാപകമായി പിടികൂടുന്നതെന്ന് ആരോപണമുണ്ട്. ദേശവ്യാപകമായി നടക്കുന്ന തീവ്രവാദവേട്ടയുടെ മൂന്നാംദിനത്തില്‍ 34 തീവ്രവാദികള്‍ ഉള്‍പ്പെടെ 3,245 പേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ പിടികൂടിയതായി ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ സഹിദുര്‍ റഹ്മാന്‍ പറഞ്ഞു.
അറസ്റ്റിലായവരില്‍ നിരോധിത സംഘടനയായ ജമാഅത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെ. എം. ബി) പ്രവര്‍ത്തകരും ഉണ്ടെന്ന് പൊലിസ് പറഞ്ഞു. ബംഗ്ലാദേശില്‍ ഈയടുത്തകാലത്ത് നടന്ന നിരവധി കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ജെ.എം.ബി ആണെന്ന് ആരോപണമുണ്ടായിരുന്നു. മറ്റൊരു നിരോധിത തീവ്രവാദ സംഘടനയായ ഹിസ് ബുല്‍ താഹ്‌രിറിന്റെ പ്രമുഖ നേതാവ് ഉമര്‍ ഫാറൂഖും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.
സര്‍ക്കാര്‍ വിരുദ്ധ ലഖുലേഖകളും ആയുധങ്ങളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തതായി പൊലിസ് പറഞ്ഞു. 2012 ല്‍ പൊലിസ് പിടിയിലായ ഇയാള്‍ ജാമ്യത്തിലറങ്ങി മുങ്ങുകയായിരുന്നു. നിരോധിത സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് ഉമര്‍ ഫാറൂഖ് ആണെന്നും പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."