വളവുപാറ റോഡ് നിര്‍മാണം; സ്ഥലമെടുപ്പും ചെക്ക് പോസ്റ്റ് മാറ്റവും ത്വരിതപ്പെടുത്തും
ഇരിട്ടി: തലശ്ശേരി-വളവുപാറ റോഡ് നിര്‍മാണത്തിനു തടസമായുള്ള ഇരിട്ടികുന്നിലെ അധികസ്ഥലം ഏറ്റെടുക്കലും കിളിയന്തറ ആര്‍.ടി.ഒ ചെക്ക് പോസ്റ്റ് മാറ്റവും ത്വരിതപ്പെടുത്തും. ആര്‍.ടി.ഒ ചെക്ക് പോസ്റ്റ് കൂട്ടുപുഴയിലെ പുതിയ സ്ഥലത്ത് സ്ഥാപിക്കുന്നതിനായി കണ്ടെയ്‌നര്‍ വാങ്ങാന്‍ 10 ലക്ഷം രൂപ മോട്ടോര്‍ വാഹനവകുപ്പ് അനുവദിച്ചു.
നിര്‍ദിഷ്ട പാതയില്‍ കളറോഡ് മുതല്‍ വളവുപാറ വരെയുള്ള ദൂരത്തിലെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരണഘട്ടത്തിലാണ്. എന്നാല്‍ ഇരിട്ടിക്കുന്നിലെ 1.32 ഏക്കര്‍ സ്ഥലം അധികമായി ഏറ്റെടുക്കുന്നതു സംബന്ധിച്ച് നടപടി പൂര്‍ത്തീകരിക്കാത്തതിനാല്‍ ഇവിടെ 510 മീറ്റര്‍ ദൂരത്തിലും കിളിയന്തറയില്‍ ചെക്ക് പോസ്റ്റ് ഉള്ളിടത്ത് 40 മീറ്റര്‍ ദൂരത്തിലും ടാറിങ്ങ് പ്രവൃത്തികള്‍ തടസപ്പെട്ടിരുന്നു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള പത്രവാര്‍ത്തകളെ തുടര്‍ന്നു കലക്ടറും കെ.എസ്.ടി.പി ഉന്നത അധികൃതരും ഇടപെട്ടാണു നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനമാക്കിയത്.
ചെക്ക്‌പോസ്റ്റ് കണ്ടെയ്‌നര്‍ വരാനുള്ള സമയത്തിനിടെ കിളിയന്തറയില്‍ നിലവിലുള്ള വില്‍പന നികുതി ചെക്ക്‌പോസ്റ്റ് കെട്ടിടത്തിലേക്കോ സ്വകാര്യ കെട്ടിടത്തിലേക്കു താല്‍കാലികമായി മാറ്റുന്നതിനുള്ള സാധ്യതകളും ചര്‍ച്ചയിലുണ്ട്. പാലം മുതല്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് വരെയുള്ള ദൂരത്തിലായാണ് ഇരിട്ടിക്കുന്ന് ഏറ്റെടുക്കേണ്ടത്. പുതിയ റോഡ് വരുമ്പോള്‍ പാലം ജങ്ഷന്‍ അപകട മേഖല ആകാതിരിക്കാനാണു നടപടി.
മൂന്നു വ്യക്തികളുടെ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. വിലസംബന്ധിച്ച് വേഗത്തില്‍ ധാരണയാക്കിയ ശേഷം പ്രവൃത്തി തുടങ്ങും. ചര്‍ച്ചകള്‍ക്കായി കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടര്‍ ആനന്ദ് സിങും എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."