കെട്ടിടനമ്പര്‍ വിവാദം എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ നിലപാടിന് പിന്നില്‍ സി.പി.എമ്മിലെ ആഭ്യന്തര രാഷ്ട്രീയം
തൊടുപുഴ: യു.ഡി.എഫ് ഭരിക്കുന്ന തൊടുപുഴ നഗരസഭക്ക് മുന്നില്‍ കൈക്കൂലി ആരോപിച്ച് ഒരു കുടുംബം നടത്തിയ സത്യഗ്രഹത്തിനെതിരേ എല്‍.ഡി.എഫ് രംഗത്തുവന്നതിന് പിന്നില്‍ സി.പി.എമ്മിലെ ആഭ്യന്തര രാഷ്ട്രീയം.
കൈക്കൂലി നല്‍കാത്തതിനാല്‍ മൂന്നു വര്‍ഷം മുമ്പു നല്‍കിയ കെട്ടിട നമ്പര്‍ റദ്ദാക്കിയതിനെതിരേ കോലാനി മാപ്ലാശേരില്‍ എം.ജെ സ്‌കറിയയുടെ കുടുംബം നടത്തിയ സത്യഗ്രഹവും തുടര്‍നടപടികളുമാണ് രാഷ്ട്രീയകൗതുകമായി മാറിയിരിക്കുന്നത്. നഗരസഭാ അധ്യക്ഷയുടെ പാര്‍ട്ടിയായ മുസ്‌ലിം ലീഗും വൈസ് ചെയര്‍മാന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും പിന്തുണച്ച സത്യഗ്രഹത്തില്‍ എല്‍.ഡി.എഫ് ഘടകക്ഷിയായ സി.പി.ഐയും പങ്കാളികളായിരുന്നു.
മുഖ്യപ്രതിപക്ഷമായ സി.പി.എം മാത്രമാണ് നഗരസഭാ കൗണ്‍സിലിനെതിരേ നടന്ന സമരത്തില്‍ നിന്നും വിട്ടുനിന്നത്.
സി.പി.എം വിട്ട രണ്ടു പ്രമുഖ നേതാക്കള്‍ രൂപീകരിച്ച ആന്റി കറപ്ഷന്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് സമരം നടന്നത് എന്നതാണ് പാര്‍ട്ടിയുടെ വിചിത്ര നിലപാടിന് പിന്നിലെന്നാണ് സൂചന. സി.പി.എം മുന്‍ സംസ്ഥാന കമ്മിറ്റിയംഗമായ പി.എം മാനുവലും ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്ന എം.സി മാത്യുവുമാണ് അഴിമതി വിരുദ്ധ സമിതിയുടെ നേതാക്കള്‍. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി മേരിയുടെ ഭര്‍ത്താവാണ് മാത്യു.
അതേസമയം കൈക്കൂലി നല്‍കാത്തതിനാല്‍ കെട്ടിട നമ്പര്‍ നിഷേധിക്കപ്പെട്ട മാപ്‌ളാശ്ശേരില്‍ എം.ജെ. സ്‌കറിയ ഒരു സെന്റ് ഭൂമി കൈയേറിയതായി തെളിയിച്ചാല്‍ അതിന്റെ പത്ത് ഇരട്ടി ഭൂമി നഷ്ടപരിഹാരമായി സര്‍ക്കാരിലേക്ക് തിരികെ നല്‍കിക്കുമെന്ന് ആന്റി കറപ്ഷ്ന്‍ മൂവ്‌മെന്റ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നഗരസഭയിലെ അഴിമതിക്ക് കുട പിടിക്കുന്ന എല്‍.ഡി.എഫ് കാണ്‍സിലര്‍മാരെ ജനം ഒറ്റപ്പെടുത്തും. ജനവിരുദ്ധത മുഖമുദ്രയാക്കിയ സി.പി.എമ്മിന്റെ പ്രതീകങ്ങളാണ് സ്‌കറിയക്കെതിരേ നിലകൊളളുന്ന സി.പി.എം കൗണ്‍സിലര്‍മാരെന്ന് എം.സി മാത്യുവും പി.എം മാനുവലും ആരോപിച്ചു.
യു.ഡി.എഫ് ഭരിക്കുന്ന നഗരസഭക്കെതിരേ ഉയര്‍ന്ന ആരോപണത്തിന് സി.പി.എം കൗണ്‍സിലര്‍മാര്‍ മറുപടി പറയുന്ന വിചിത്ര രാഷ്ട്രീയ നിലപാടിന് പിന്നില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരില്‍ നിന്നും പങ്കുപറ്റുന്ന ചില കൗണ്‍സിലര്‍മാരാണെന്നും അവര്‍ കുറ്റപ്പെടുത്തി.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്കുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കുന്ന ഫ്രാക്ഷന്‍ കമ്മിറ്റി സി.പി.എമ്മിനുണ്ട്. ആരോപണവിധേയരായ മുനിസിപ്പല്‍ സെക്രട്ടറി പി.ജി അജീഷും എന്‍ജിനീയര്‍ സി.എസ് ഷൈജുവും അടക്കമുള്ളവര്‍ ഈ കമ്മിറ്റിയില്‍പ്പെട്ടവരാണ്. ഇവരുടെ അഴിമതിയുടെ പങ്ക് ചില ഉന്നത കേന്ദ്രങ്ങളിലേക്കും പോകുന്നുണ്ടെന്നു സംശയിക്കണം. കെട്ടിട നിര്‍മാണാനുമതിക്കായി ലക്ഷങ്ങള്‍ കൈക്കൂലി നല്‍കേണ്ടി വന്ന അനേകര്‍ നഗരസഭാ പരിധിയിലുണ്ട്.
ഭയം കൊണ്ടും സമ്മര്‍ദ്ദം കൊണ്ടും പുറത്തുപറയാതിരിക്കുന്ന ഇത്തരക്കാര്‍ക്കു കൂടി വേണ്ടിയാണ് സ്‌കറിയയുടെ വിഷയം സമിതി ഏറ്റെടുത്തത്.
കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ വിഭാഗവും ഇത് അംഗീകരിച്ചപ്പോള്‍ സി.പി.എം മുഖം തിരിഞ്ഞുനിന്നത് അഴിമതിക്കാരെ സഹായിക്കാനാണ്.
ആര്‍. ഹരിയുടെ നേതൃത്വത്തില്‍ അഴിമതിക്കാരെ സംരക്ഷിക്കാന്‍ സി.പി.എം കൗണ്‍സിലര്‍മാര്‍ സ്‌കറിയക്കെതിരേ അടിസ്ഥാന രഹിത ആരോപണങ്ങളാണുന്നയിച്ചത്. ഈ പ്രശ്‌നവുമായി യാതൊരു ബന്ധവുമില്ലാത്തതുമായ റസിഡന്‍സ് അസോസിയേഷനുകളെ വരെ ഇതില്‍ വലിച്ചിഴച്ചു.
സ്‌കറിയയുടെ കെട്ടിടം പണിതിരിക്കുന്നത് മുനിസിപ്പാലിറ്റി വക ഭൂമി കൂടി ഉള്‍പ്പെട്ട തര്‍ക്കസ്ഥലത്താണ് എന്ന സി.പി.എം ആരോപണം പച്ചക്കളളമാണെന്ന് എം.സി മാത്യുവും പി.എം മാനവുലും പറഞ്ഞു. സ്‌കറിയയും കുടുംബാംഗങ്ങളും എന്‍. ശിവരാമന്‍, മുണ്ടമറ്റം രാധാകൃഷ്ണന്‍, ഷാജന്‍ ചാണ്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
2000 മുതല്‍ യു.ഡി.എഫാണ് നഗരസഭ ഭരിക്കുന്നത്. സ്‌കറിയയുടെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട ഫയല്‍ നീങ്ങിയതും ഇക്കാലത്താണ്.
എന്നിട്ടും നഗരസഭക്കെതിരേ നടത്തിയ സമരത്തെ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഉപയോഗിക്കുന്നതിന് പകരം എതിര്‍ക്കാന്‍ സി.പി.എം നിര്‍ബന്ധിതമായി.
ഇപ്പോള്‍ പാര്‍ട്ടി വിരുദ്ധരായ പി.എം മാനുവലും എം.സി മാത്യുവും നടത്തിയ സമരം വിജയിച്ചാല്‍ അത് പാര്‍ട്ടിക്ക് ക്ഷീണമാകുമെന്ന വിലയിരുത്തലാണ് സി.പി.എമ്മിന്റെ വിചിത്ര നിലപാടിന് പിന്നിലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."