വിഴിഞ്ഞം പദ്ധതി: ജുഡീഷ്യല്‍ അന്വേഷണത്തിന് ചെലവ് ഒരുകോടി
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയ്ക്ക് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തിയ വകയില്‍ സര്‍ക്കാരിന് ചെലവായത് ഒരു കോടി രൂപ. അന്വേഷണത്തിനായി 1,03,11,939 രൂപ ചെലവായെന്ന് തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിയമസഭയെ അറിയിച്ചു. കരാര്‍ കാലാവധി തീര്‍ന്നിട്ടും വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കമ്പനിയില്‍ നിന്ന് പിഴയീടാക്കുന്ന വ്യവസ്ഥയില്‍ ഇളവ് നല്‍കിയിട്ടില്ല. കരാര്‍ പ്രകാരം പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണം 2019 ഡിസംബര്‍ മൂന്നിന് പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. മൂന്ന് മാസം പിഴയില്ലാതെയും ആറുമാസം പിഴയോടുകൂടിയും ക്യൂറിങ് പിരീഡിന് കരാറില്‍ വ്യവസ്ഥയുണ്ട്. പിഴ നല്‍കാന്‍ കമ്പനി തയാറായില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കേണ്ട തുകയില്‍ നിന്നും പിഴയീടാക്കുന്നതാണ്. നഷ്ടപരിഹാരം ഈടാക്കുന്നതില്‍ നിന്ന് കമ്പനിക്ക് ഒരു ഇളവും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാങ്കേതിക ബുദ്ധിമുട്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകാന്‍ കാരണമെന്നും വി.എസ് ശിവകുമാര്‍, എം. വിന്‍സന്റ്, കെ.എസ് ശബരീനാഥന്‍, ടി.ജെ വിനോദ് എന്നിവരെ മന്ത്രി അറിയിച്ചു.
പുലിമുട്ട് നിര്‍മാണം 20 ശതമാനവും ഡ്രെഡ്ജിങ് 40 ശതമാനവും പൂര്‍ത്തിയായി. കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യുന്നതിനുള്ള എട്ടു ക്രെയിനുകള്‍ക്ക് നിര്‍മാണ കരാര്‍ നല്‍കിയിട്ടുണ്ട്. നാല് ടഗ് ബോട്ടിലുകളില്‍ മൂന്നെണ്ണം പൂര്‍ത്തിയായി. മറ്റൊന്നിന്റെ നിര്‍മാണം പുരോഗമിക്കുന്നു.
24 യാര്‍ഡ് ക്രെയിനുകള്‍ക്ക് നിര്‍മാണ കരാര്‍ നല്‍കിയിട്ടുണ്ട്. കണ്ടെയ്‌നര്‍ ബെര്‍ത്തിനായുള്ള പൈലിങ്, ബീമുകള്‍, സ്ലാബുകള്‍ എന്നിവയുടെ പ്രീ കാസ്റ്റിങ് ജോലികള്‍ 100 ശതമാനം പൂര്‍ത്തിയായി. കണ്ടെയ്‌നര്‍ യാര്‍ഡിനാവശ്യമായ പേവര്‍ ബ്ലോക്കുകളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."