വരള്‍ച്ച: കുടിവെള്ളത്തിന് അധികതുക തേടിയത് 25 ഗ്രാമപഞ്ചായത്തുകള്‍; ലഭിച്ചത് എട്ടിടത്ത് മാത്രം
കൊണ്ടോട്ടി: കഴിഞ്ഞ വരള്‍ച്ചയില്‍ കുടിവെള്ളത്തിനായി അധികതുക ചെലവഴിക്കാന്‍ അനുമതി തേടിയ സംസ്ഥാനത്തെ 25 ഗ്രാമപഞ്ചായത്തുകളില്‍ ഭരണാനുമതി ലഭിച്ചത് എട്ട് ഗ്രാമപഞ്ചായത്തുകള്‍ക്ക് മാത്രം. കോഴിക്കോട് 10, മലപ്പുറം ഏഴ്, ഇടുക്കി മൂന്ന്, കണ്ണൂര്‍, വയനാട്, തൃശൂര്‍, എറണാകുളം, കൊല്ലം എന്നീ ജില്ലകളിലെ ഓരോ ഗ്രാമപഞ്ചായത്തുകളുമാണ് അധിക തുകയ്ക്ക് ഭരണാനുമതി തേടിയിരുന്നത്. ഇതില്‍ മലപ്പുറം ജില്ലയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകള്‍ക്കും കോഴിക്കോട്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ ഓരോ ഗ്രാമപഞ്ചായത്തുകള്‍ക്കുമടക്കം എട്ടെണ്ണത്തിനാണ് ഭരണാനുമതി ലഭിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ കടുത്ത വരള്‍ച്ചയില്‍ 11 ലക്ഷം വരെ കുടിവെള്ള വിതരണത്തിന് ചെലവഴിക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. തനത്, പ്ലാന്‍ ഫണ്ടുകളില്‍ നിന്ന് ഇത് ലഭ്യമാക്കാനായിരുന്നു നിര്‍ദേശം.എന്നാല്‍ കടുത്ത വരള്‍ച്ചയില്‍ വലിയ ഗ്രാമപഞ്ചായത്തുകള്‍ക്ക് ഈ തുക അപര്യാപ്തമായിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ തുക ചെലവഴിക്കാന്‍ ഭരണാനുമതി ആവശ്യപ്പെട്ട് എട്ട് ജില്ലകളില്‍ നിന്ന് 25 ഗ്രാമപഞ്ചായത്തുകള്‍ സര്‍ക്കാരിനെ സമീപിച്ചത്.
കോഴിക്കോട് ജില്ലയില്‍ ചാത്തമംഗലം, ചേമഞ്ചേരി, നരിപ്പറ്റ, നെച്ചാട്, ഒളവണ്ണ, പനങ്ങാട്, പേരാമ്പ്ര, പെരുവയല്‍, ഉള്ള്യേരി, വാണിമേല്‍ എന്നീ 10 ഗ്രാമപഞ്ചായത്തുകളാണ് അനുമതി തേടിയിരുന്നത്. എന്നാല്‍ ഭരണാനുമതി ലഭിച്ചത് ചാത്തമംഗലം ഗ്രാമപഞ്ചായത്തിന് മാത്രമാണ്. മലപ്പുറത്ത് നിന്ന് ചെറുകാവ്, ചേലേമ്പ്ര, പുളിക്കല്‍, പുഴക്കാട്ടിരി, മക്കരപ്പറമ്പ്, കുറുവ, വാഴയൂര്‍ എന്നീ ഏഴ് ഗ്രാമപഞ്ചായത്തുകള്‍ അനുമതി തേടിയിരുന്നു. ഇതില്‍ ചെറുകാവ്, ചേലേമ്പ്ര, പുളിക്കല്‍, പുഴക്കാട്ടിരി, മക്കരപ്പറമ്പ് എന്നീ അഞ്ച് ഗ്രാമപഞ്ചായത്തുകള്‍ക്കും അനുമതി ലഭിച്ചു. കൊല്ലം ജില്ലയിലെ കല്ലുവാതിക്കല്‍, ഇടുക്കിയിലെ വാഴത്തോപ്പ്, കാമാക്ഷി, വണ്ണപ്പുറം, എറണാകുളത്തെ വടവുക്കോട് പുത്തന്‍ കുരിശ്, തൃശൂരിലെ കടവല്ലൂര്‍, വയനാട് തിരുനെല്ലി,കണ്ണൂര്‍ ആറളം എന്നിവയാണ് അനുമതി തേടിയ മറ്റു പഞ്ചായത്തുകള്‍. ഇടുക്കിയിലെ വണ്ണപ്പുറം, കണ്ണൂര്‍ ജില്ലയിലെ ആറളം ഗ്രാമപഞ്ചായത്തുകള്‍ക്കുമാണ് അനുമതി ലഭിച്ചത്.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ നിന്ന് ഒരു ഗ്രാമപഞ്ചായത്തുകളും കുടിവെള്ളത്തിന് അധിക തുകത്ത് അനുമതി തേടിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."