മോദിയെ ചെരുപ്പുകൊണ്ടടിക്കണമെന്ന് മന്ത്രി; വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞു
പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തീവെട്ടിക്കൊള്ളക്കാരനെന്ന് അധിക്ഷേപിച്ച ബീഹാര്‍ മന്ത്രിയുടെ പ്രസ്താവന വിവാദമായതോടെ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞു. മോദിയുടെ ചിത്രങ്ങളില്‍ ചെരുപ്പ് കൊണ്ടടിക്കണമെന്ന് അണികളോട് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവും സംസ്ഥാന എക്‌സൈസ് മന്ത്രിയുമായ അബ്ദുല്‍ ജലീല്‍ മസ്താനാണ് വിവാദ പരാമര്‍ശം നടത്തിയത്.
മോദി സര്‍ക്കാരിന്റെ നോട്ട് നിരോധന തീരുമാനത്തിനെതിരേ ഫെബ്രുവരി 22ന് പുര്‍ണിയ ജില്ലയിലെ അമൗര്‍ മണ്ഡലത്തില്‍ നടന്ന റാലിയില്‍ സംസാരിച്ചതിന്റെ വീഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.
മന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ അനുയായികളിലൊരാള്‍ മോദിയുടെ ചിത്രമെടുത്ത് പ്രസംഗവേദിയില്‍ വച്ച് പരസ്യമായി തല്ലുകയും ചെയ്തു. ഈ സംഭവവും പുറത്തുവന്ന വീഡിയോയിലുണ്ട്.
മന്ത്രിയുടെ ആഹ്വാനവും അത് അനുകരിച്ച അനുയായിയുടെ പ്രവൃത്തിയും വിവാദമായതോടെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തി. മുഖ്യമന്ത്രി നീതീഷ് കുമാര്‍ മസ്താനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. മന്ത്രി മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും ബി.ജെ.പി മുന്നറിയിപ്പു നല്‍കി.
അതേസമയം തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായി മന്ത്രി വ്യക്തമാക്കി. നോട്ട് നിരോധനത്തില്‍ അപാകതയുണ്ടായെങ്കില്‍ തന്നെ പരസ്യമായി ശിക്ഷിക്കാമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളെ ഉദ്ധരിച്ചാണ് മന്ത്രി ഇത്തരമൊരു പരാമര്‍ശം നടത്തിയത്. അതേസമയം മന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ ബിഹാര്‍ വിദ്യാഭ്യാസ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചൗധരിയും മാപ്പു ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."