വഖ്ഫ് ട്രൈബ്യൂണല്‍ നിയമനം ചോദ്യംചെയ്തുള്ള ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും
കൊച്ചി: വഖ്ഫ് ട്രൈബ്യൂണലില്‍ മുസ്‌ലിം നിയമത്തിലും നിയമശാസ്ത്രത്തിലും പരിജ്ഞാനമുള്ള സ്ഥിരം അംഗത്തിന്റെ നിയമനരീതി ചോദ്യം ചെയ്ത് ഫയല്‍ ചെയ്ത ഹരജി തിങ്കളാഴ്ച പരിഗണിക്കും. മഞ്ചേരി പണംപൊയില്‍ സ്വദേശി അഡ്വക്കറ്റ് അബ്ദുസലാം ദാരിമിയാണ് ട്രൈബ്യൂണല്‍ സ്ഥിരാംഗത്തിന്റെ നിയമനരീതിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.
വഖ്ഫ് നിയമപ്രകാരം മൂന്നംഗ ട്രൈബ്യൂണല്‍ ആണ് നിലവില്‍ വരേണ്ടത്. ഇതില്‍ ചെയര്‍മാന്‍ നിലവില്‍ സേവനത്തിലുള്ള ഒരു ജില്ലാ ജഡ്ജി ആയിരിക്കണം. മറ്റൊരംഗം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ സ്ഥാനത്തുള്ള ഒരു സിവില്‍ സര്‍വീസ് അംഗമായിരിക്കണം. ഇവ രണ്ടും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ള ഡെപ്യൂട്ടേഷന്‍ നിയമനം ആകണമെന്നാണ് നിയമം വിവക്ഷിക്കുന്നത്. ട്രൈബ്യൂണലിലെ മൂന്നാമത്തെ അംഗം മുസ്‌ലിം നിയമത്തിലും നിയമശാസ്ത്രത്തിലും പ്രാവീണ്യമുള്ള വ്യക്തിയായിരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍, അപ്രകാരം യോഗ്യയതയുള്ള വ്യക്തിയെ യോഗ്യതാ പരീക്ഷ നടത്തി നിയമിക്കുന്നത് പകരം സര്‍ക്കാര്‍ രാഷ്ട്രീയ സ്വാധീനത്തിനനുസരിച്ച് യാതൊരുവിധ മാനദണ്ഡവും പാലിക്കാതെയും നിയമനം നടത്തിയതിനെ ചോദ്യം ചെയ്താണ് ഹരജി സമര്‍പ്പിച്ചത്.
വഖ്ഫ് ട്രൈബ്യൂണലിലെ സ്ഥിരാംഗത്തെ ഹൈക്കോടതി അപേക്ഷ ക്ഷണിച്ച് മതിയായ യോഗ്യതാ പരീക്ഷകള്‍ നടത്തി നിയമാനുസൃതമായി നിയമനം നടത്തണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. കൂടാതെ ട്രൈബ്യൂണലിലെ അംഗങ്ങളുടെ നിയമനരീതി, സേവന വേതന വ്യവസ്ഥകള്‍, അധികാരപരിധി, വിധി പറയേണ്ട നടപടിക്രമം, ജുഡീഷ്യല്‍ അംഗം ഉള്‍പ്പെടാതെ ഭൂരിപക്ഷം തീരുമാനിക്കാമോ എന്ന കാര്യം തുടങ്ങി നിരവധി കാര്യങ്ങളെ സംബന്ധിച്ചുള്ള ചട്ടങ്ങള്‍ നിര്‍മിക്കാതെയും ട്രൈബ്യൂണല്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് യാതൊരുവിധ മാര്‍ഗനിര്‍ദേശങ്ങളും ഇല്ലാതെയാണ് പുതിയ ട്രൈബ്യൂണല്‍ ഉദ്ഘാടനം നടത്തുന്നതെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി.
ജനുവരി 19ന് പുറത്തിറക്കിയ സര്‍ക്കാര്‍ വിജ്ഞാനപനപ്രകാരം പുതിയ ട്രൈബ്യൂണലിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് ഹരജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അഭിഭാഷകരായ എം.എം അലിയാര്‍, മുഹമ്മദ് ത്വയ്യിബ് ഹുദവി, അഹമ്മദ് സഹീര്‍ എന്നിവരാണ് ഹരജിക്കാരനുവേണ്ടി ഹാജരാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."