സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: ഇടത് സര്‍ക്കാരിനു കീഴില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ലെന്ന് ആരോപിച്ച് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷത്തുനിന്ന് ഷാനിമോള്‍ ഉസ്മാനാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവം രാഷ്ട്രീയ പ്രശ്‌നമല്ലെന്നും സാമൂഹിക പ്രശ്‌നമാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. പോക്‌സോ കേസിലെ പ്രതിയ്ക്ക് വീണ്ടും അവസരം ഉണ്ടാക്കിക്കൊടുത്തതാണ് നെടുമങ്ങാട് നടന്ന സംഭവം.
മുന്‍പ് ഇതേ കേസില്‍ പ്രതിയായ ആളിന് കുട്ടികളുമായി ഇടപഴകാന്‍ അവസരം നല്‍കി. ഇതില്‍ സര്‍ക്കാരാണ് കുറ്റക്കാര്‍. വാളയാറില്‍ രണ്ട് കുട്ടികളുടെ മരണം ഒഴിവാക്കാന്‍ കഴിയുമായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കേരളം ഇന്ന് ഒന്നാമതാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതി വര്‍ധിക്കുന്നത് അക്രമം കൂടുന്നതു കൊണ്ടുതന്നെയാണ്. പെണ്‍കേരളം നിലവിളിക്കുകയാണെന്നും രാത്രികാലങ്ങളില്‍ സ്ത്രീകളെ 'നടത്തുന്ന' സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പ്രോഗ്രാമുകള്‍ അല്ലാതെ ഇവിടെ സ്ത്രീ സുരക്ഷ ഇല്ലെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് അധികാരത്തില്‍ വന്നിട്ട് എന്തുകൊണ്ടാണ് അവര്‍ക്ക് നീതി കൊടുക്കാന്‍ തയാറാകാത്തതെന്നും ഷാനിമോള്‍ ചോദിച്ചു. സംസ്ഥാന വനിതാ കമ്മിഷന്‍ നീതികേടിനെ നിശബ്ദതകൊണ്ട് നേരിടുകയാണെന്നും പാര്‍ട്ടിക്കാര്‍ക്കെതിരായ പരാതിയാണെങ്കില്‍ തിരിച്ചുകൊടുക്കുന്ന കമ്മിഷന്‍ എന്തിനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകളില്‍ വര്‍ധനയുണ്ടെന്നും ഈ കേസുകളില്‍ ഊര്‍ജിതമായ അന്വേഷണവും നടപടികളും സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്യങ്ങള്‍ മനസിലാക്കിയിട്ടും മനസിലായില്ലെന്നു നടിച്ചാണ് പ്രതിപക്ഷം സ്ത്രീ സുരക്ഷ സംബന്ധിച്ച് പറയുന്നത്. വനിതാ കമ്മിഷനെതിരേ ഷാനിമോള്‍ പറഞ്ഞത് കുശുമ്പുകൊണ്ടാണെന്നും നല്ല പ്രവര്‍ത്തനമാണ് അവര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബോധവല്‍ക്കരണം കൂടിയതുകൊണ്ടാണ് കേസുകള്‍ കൂടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് സര്‍ക്കാര്‍ കുട്ടികളുടേയും സ്ത്രീകളുടേയും ക്ഷേമത്തിനും സുരക്ഷയ്ക്കുമായി കൊണ്ടുവന്ന പദ്ധതികളെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു.
എന്നാല്‍ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് വാക്കൗട്ട് പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വാളയാറില്‍ പെണ്‍കുട്ടികള്‍ മരിച്ചത് പൊലിസും ഭരണകൂടവും ചേര്‍ന്നു നടത്തിയ ക്രൂരമായ സംഭവമാണ്.
എന്തുകൊണ്ടാണ് ആ സംഭവം സി.ബി.ഐ അന്വേഷണത്തിനു വിടാത്തതെന്നു ചോദിച്ച ചെന്നിത്തല സ്ത്രീ സുരക്ഷ പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ അക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച വരുത്തുകയാണെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."